സുന്ദരയെ പരിചയമില്ല; കോഴക്കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കെ.സുരേന്ദ്രന്‍

കാസർകോട്-  മഞ്ചേശ്വരം കോഴക്കേസ് രാഷ്ട്രീയ പ്രേരിതമെന്നും പണം സ്വീകരിച്ചുവെന്ന് പറയുന്ന സുന്ദരയെ തനിക്കറിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ ഒപ്പിടിച്ചു എന്ന് സുന്ദര പറയുന്ന താളിപ്പടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ ക്രൈംബ്രാഞ്ച്  അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

നിയമവ്യവസ്ഥയില്‍ വിശ്വാസം ഉള്ളതുകൊണ്ടാണ് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായത്. അറിയാവുന്ന വിവരങ്ങള്‍ കൈമാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ഡിവൈഎസ്പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഒന്നര മണിക്കൂറാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.എസ്.പി സ്ഥാനാര്‍ഥിക്ക് രണ്ടര ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. 
കെ. സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് കേസെടുത്തത്. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥി കെ. സുന്ദരയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ 15 ലക്ഷം രൂപയും വീടും കര്‍ണാടകയില്‍ വൈന്‍ ഷോപ്പും വാഗ്ദാനം ചെയ്തുവെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.

Latest News