കാസര്‍കോട്- മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.എസ്.പി സ്ഥാനാര്‍ഥിക്ക് രണ്ടര ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഡിവൈ.എസ്.പി എ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
കെ. സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് കേസെടുത്തത്. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥി കെ. സുന്ദരയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ 15 ലക്ഷം രൂപയും വീടും കര്‍ണാടകയില്‍ വൈന്‍ ഷോപ്പും വാഗ്ദാനം ചെയ്തുവെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.






