Sorry, you need to enable JavaScript to visit this website.

സ്ത്രീകളോടുള്ള വിവേചനവും  മലയാളി പൊതുബോധവും

പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസമടക്കം നൽകാൻ തയാറാണെന്നു പ്രഖ്യാപിച്ച താലിബാൻ അതിനുള്ള ഉപാധിയായി മുന്നോട്ടു വെച്ചിരിക്കുന്നത് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കാൻ പാടില്ലെന്നാണ്. ഇരുപതു വർഷം മുമ്പ് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം തന്നെ നിഷേധിച്ചിരുന്ന അവസ്ഥയിൽ നിന്ന് മാറാൻ താലിബാൻ തയാറായത് നല്ലത്. അത് അവരുടെ നിലപാടിൽ വന്ന സത്യസന്ധമായ മാറ്റമാണെന്നു കരുതാനാകില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ലോകമാകെ ഉണ്ടായ മാറ്റങ്ങളോട് പൂർണമായും മുഖം തിരിച്ചുനിൽക്കാനാകില്ല എന്ന ബോധ്യമായിരിക്കാം ഇത്തരമൊരു തീരുമാനത്തിലേക്ക് അവരെ നയിച്ചത്. അതേസമയം ഇസ്‌ലാമിക വേഷങ്ങൾ തന്നെ ധരിക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നു താലിബാൻ പ്രഖ്യാപിച്ചതായും റിപ്പോർട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാനാകില്ല എന്നു താലിബാൻ തിരിച്ചറിയുന്നുവെങ്കിൽ അത്രയും നന്ന്. അതേസമയം സ്ത്രീപുരുഷ ബന്ധങ്ങളോടുള്ള അവരുടെ സങ്കുചിതമായ നിലപാടും അതു നടപ്പാകാൻ സ്ത്രീകളുടെ അവകാശങ്ങളെ നിഷേധിക്കുന്നതും അവഗണിക്കാവുന്ന വിഷയങ്ങളല്ല. ഒരു മതരാഷ്ട്രത്തിലും സ്ത്രീസ്വാതന്ത്ര്യമെന്നത് വിദൂരസ്വപ്‌നം തന്നെയായിരിക്കും. 
അക്കാര്യത്തിൽ കാര്യമായി ആരും തർക്കിക്കുമെന്നു തോന്നുന്നില്ല. അതേസമയം മതരാഷ്ട്രമല്ലാത്തയിടങ്ങളിലും സ്ഥിതി വ്യത്യസ്തമാണോ? സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും ലിംഗഭേദം നിലനിൽക്കാത്ത ഏതു രാഷ്ട്രീയ സംവിധാനമാണുള്ളത്? മറ്റെവിടേയും പോകേണ്ട, ലോകതലത്തിൽ തന്നെ ഇപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങൾ ശക്തമായി നിൽക്കുന്ന നമ്മുടെ സ്വന്തം സംസ്ഥാനമായ കേരളത്തിലെ സ്ഥിതി പോലും ഇക്കാര്യത്തിൽ കാര്യമായി വ്യത്യസ്തമാണോ? മതത്തിന്റെ പേരിലല്ല എന്ന് പറയാൻ കഴിയുമായിരിക്കാം. എന്നാൽ വിവേചനമനുഭവിക്കുന്നവർക്ക് എന്തിന്റെ പേരിലായാലും വ്യത്യാസമെന്ത്? അടിമത്തം എപ്പോഴും അടിമത്തം തന്നെ. ഇരകൾക്ക് വേട്ടക്കാർ ആരായാലെന്ത്?
അഫ്ഗാനിൽ നിന്നുള്ള ഈ വാർത്ത തന്നെ പരിശോധിക്കൂ. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കരുത്. എത്ര പ്രാകൃതമായ നിലപാട്. എന്നാൽ പ്രബുദ്ധ കേരളത്തിൽ ഇപ്പോഴും നടക്കുന്നതെന്താണ്? ഇന്ത്യയിൽ തന്നെ പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികൾക്കു പ്രത്യേകം പ്രത്യേകം സ്‌കൂളുകളും കോളേജുകലും നിലനിൽക്കുന്ന പ്രദേശങ്ങളിൽ മുൻനിരയിലാണ്്്് കേരളം. എല്ലവർക്കുമറിയാവുന്നപോലെ മിഷണറിയാമാരായിരുന്നു അതിനു തുടക്കം കുറിച്ചത്. എന്നാൽ അത്തരത്തിലുള്ള നിരവധി സർക്കാർ സ്‌കൂളുകളും ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നു എന്നതാണ് വാസ്തവം. സാസ്‌കാരിക നഗരമെന്നഭിമാനിക്കുന്ന തൃശൂരിൽ ഗവണ്മന്റ് മോഡൽ ബോയ്‌സ് സ്‌കൂളും ഗേൾസ് സ്‌കൂളുമുണ്ട്. മറ്റിടങ്ങളിലും ഉണ്ടായിരിക്കാം. ലിംഗഭേദത്തിനനുസരിച്ചു നിലനിൽക്കുന്ന വ്യത്യസ്ത സ്‌കൂളുകൾ എങ്ങനെയാണാവോ മോഡലാകുന്നത്.? പലയിടത്തും നഴ്‌സറി മുതൽ തന്നെ ലിംഗ വിവേചനം നിലനിൽക്കുന്ന പ്രദേശമാണ് കേരളം. 
എൻജിനീയറിംഗ് - മെഡിക്കൽ പ്രവേശന പരീക്ഷകളുടെ കോച്ചിംഗ് രംഗത്ത് സമീപകാലം വരെ ഏറെ പ്രശസ്തമായിരുന്ന തൃശൂരിലെ സ്ഥാപനത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മിണ്ടാനുള്ള സ്വാതന്ത്ര്യം പോലുമുണ്ടായിരുന്നില്ല. ഇരുവിഭാഗങ്ങൾക്കും പ്രത്യേക ക്ലാസുകൾ. ഇടവേളകൾ പോലും വ്യത്യസ്തം. സി സി ടി വി വ്യാപകമല്ലാതിരുന്ന കാലത്തു പോലും സസ്ഥാപനം നിറയെ അവ സ്ഥാപിച്ചിരുന്നു. അതിലൂടെ പരസ്പരം സംസാരിച്ചിരുന്ന വിദ്യാർത്ഥിനീ - വിദ്യാർത്ഥിനികളെ പോലും പറഞ്ഞുവിടുമായിരുന്നു. ഇതെല്ലാം പരിശോധിക്കാൻ ചാരന്മാരെ നിയമിച്ചിരുന്നു. ഒരു ഘട്ടത്തിൽ ഇതിനെതിരെ ഏതാനും സാമൂഹ്യ പ്രവർത്തകർ സമ്മേളനം പോലും നടത്തിയിരുന്നു. അതേ കാലത്തുതന്നെ തൃശൂർ നഗരത്തിലെ ഒരു അൺഎയ്ഡഡ് വിദ്യാലയത്തിൽ ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തിയിരുത്തി പഠിപ്പിച്ചതും വിവാദമായി. അതിനെതിരെ രംഗത്തു വന്നത് പ്രധാനമായും രക്ഷാകർത്താക്കൾ തന്നെയായിരുന്നു. പലരും തങ്ങളുടെ പെൺമക്കളെ അവിടെനിന്നു മാറ്റുക പോലും ചെയ്തു. ഇപ്പോഴും കേരളത്തിലെ പൊതു അവസ്ഥ ഇതു തന്നെ. ഇതിനെ വിമർശിക്കാതെ താലിബാന്റെ പരിഷ്‌കാരത്തെ വിമർശിക്കാൻ എന്തു ധാർമികമായ അവകാശമാണുള്ളത്?
സമീപകാലത്ത് സംസ്ഥാനത്തെ പല മെൻസ് കോളേജുകളും മിക്‌സഡ് ആയി മാറിയിരുന്നു. തൃശൂരിലെ തന്നെ സെന്റ്‌തോമസ്് കോളേജ് ഉദാഹരണം. എന്നാലത് ലിംഗവിവേചനം തിരിച്ചറിഞ്ഞായിരുന്നില്ല. മറ്റൊരു ലിംഗവിവേചനത്തെ തുടർന്നായിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ നിലവാരം ഇപ്പോഴും വളരെ പിറകിലായതിനാൽ പ്ലസ് ടുവിനു ശേഷം മറ്റു സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്നവരുടെ എണ്ണം കൂടിവരികയാണല്ലോ. അതിലാകട്ടെ മഹാഭൂരിപക്ഷവും ആൺകുട്ടികളാണ്. പെൺകുട്ടികളെ വിവാഹം വരെ ആർട്‌സ് ആന്റ്്്്് സയൻസ് കോളേജുകളിൽ പഠിപ്പിച്ചാൽ മതിയെന്ന ധാരണ ഇപ്പോഴും അതിശക്തമായി തന്നെയാണ് ഇവിടെ നിലനിൽക്കുന്നത്. അതിനാൽ തന്നെ മെൻസ് കോളേജുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു. അപ്പോൾ അതിൽ പലതും മിക്‌സഡ് ആക്കി. വിമൻസ് കോളേജുകൾ ഏറെക്കുറെ അതുപോലെ തന്നെ തുടർന്നു. അതിനാലാണ് സെന്റ്‌തോമസ് കോളേജ് മിക്‌സഡ് ആയതും തൊട്ടടുത്ത സെന്റ്‌മേരീസ് ഇപ്പോഴും വിമൻസ് ഓൺലിയായി തുടരുന്നതും. 
വിദ്യാഭ്യാസ മേഖലയിൽ മാത്രമാണോ ഈ വിവേചനം നിലനിൽക്കുന്നത്? ഏതു മേഖലയിലാണ് സ്ത്രീകളെ മാറ്റിനിർത്താത്തത് എന്നാണ് പരിശോധിക്കേണ്ടത്? അങ്ങനെ പരിശോധിച്ചാൽ കാര്യമായൊന്നും കാണാനാകില്ല. കേരളത്തിലെ രാഷ്ട്രീയ രംഗം തന്നെ ഏറ്റവും വലിയ ഉദാഹരണം. ഏതെങ്കിലും പാർട്ടിയിൽ ഇപ്പോഴും ജില്ലാതല നേതാക്കളായെങ്കിലും വനിതകളുണ്ടോ? എത്ര എംപിമാരും എംഎൽഎമാരുമുണ്ട്? നിയമം വന്നതിനാൽ മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സ്ത്രീകളുണ്ട്. എന്നാലവരെ നിയന്ത്രിക്കുന്ന നേതാക്കളെല്ലാം പുരുഷന്മാർ. പാർട്ടികൾക്കകത്ത് സ്ത്രീകൾ നേരിടുന്ന പീഡനങ്ങളുടെ എത്രയോ വാർത്തകൾ പുറത്തു വന്നിരിക്കുന്നു. അവയെല്ലാം ഒതുക്കപ്പെടുന്നു. വനിതാ കമ്മീഷൻ പോലും അതിനു കൂട്ടുനിൽക്കുന്നു. അതിനെതിരെ പോരാടുന്ന ഹരിതയിലെ പെൺകുട്ടികൾ നേരിടുന്ന സമ്മർദങ്ങൾ ചെറുതല്ലല്ലോ. 
ഇതും പോട്ടെ. മറ്റെതെങ്കിലും മേഖല വ്യത്യസ്തമാണോ? ശബരിമലയടക്കം സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ആരാധനാലയങ്ങൾ പോലും നിലവിലുണ്ടല്ലോ. ഒരു മതത്തിലും പൗരോഹിത്യത്തിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടോ? കന്യാസ്ത്രീകൾ നേരിടുന്ന പീഡനങ്ങളുടെ എത്രയോ അനുഭവങ്ങൾ പുത്തു വന്നിരിക്കുന്നു. വിവാഹ മാർക്കറ്റിൽ ഇന്നും സ്ത്രീകൾ വിൽപനച്ചരക്കു മാത്രമല്ലേ? ഇക്കാലത്തു പോലും സ്ത്രീധനത്തിന്റെ പേരിലുള്ള കൊലകൾ ആവർത്തിക്കുന്നു. കുടുംബങ്ങൾക്കകത്തും ഇപ്പോഴും ഏതെങ്കിലും രീതിയിലുള്ള തുല്യത നിലനിൽക്കുന്നുണ്ടോ? തൊഴിലെടുക്കുന്നവർക്കു പോലും സാമ്പത്തിക സ്വാതന്ത്ര്യമുണ്ടോ? ഇനി ഏത് തൊഴിൽ മേഖലയിലാണ് ഇന്നും സ്ത്രീകൾക്കു നേരെ വിവേചനം നിലനിൽക്കാത്തത്? എല്ലാം പോകട്ടെ, സ്ത്രീകളും പെൺകുട്ടികളും അതിക്രൂരമായി ബലാൽസംഗം ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന വാർത്തകൾ പുറത്തു വരാത്ത ദിവസങ്ങളുണ്ടോ? പട്ടിക്കും പൂച്ചക്കും നടക്കാവുന്ന പൊതുനിരത്തുകളിലൂടെ ഇപ്പോഴും ധൈര്യപൂർവം സ്ത്രീകൾക്ക് നടക്കാനാവുമോ? യാത്രക്കിടയിൽ ഒരു റൂമെടുത്ത് താമസിക്കാനാകുമോ? സന്ധ്യയാകുമ്പോഴേക്കും അവരെ അകത്താക്കി ഗേറ്റ് പൂട്ടുന്ന തടവറകളല്ലേ ഇവിടത്തെ ഹോസ്റ്റലുകൾ?  ആക്രമിക്കുന്നവരെയാണോ അക്രമിക്കപ്പെടുന്നവരെയാണോ സത്യത്തിൽ അകത്തിട്ടു പൂട്ടേണ്ടത്? എന്തിനേറെ, സ്വന്തം മുഖം പോലും മറച്ചുപിടിച്ച് ജീവിക്കേണ്ടിവരുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചുവരുന്നതല്ലേ നാം കാണുന്നത്?
തീർച്ചയായും അഫ്ഗാനിൽ നടക്കുന്ന താലിബാൻവൽക്കരണത്തേയും അതിന്റെ സ്ത്രീവിരുദ്ധതയേയും എതിർക്കണം. എന്നാൽ ആ എതിർപ്പ് അർത്ഥവത്താകുന്നത് സമാനമായ പ്രശ്‌നങ്ങൾ സ്വന്തം കൺമുന്നിൽ തന്നെ നടക്കുമ്പോൾ അതിനെതിരേയും പ്രതികരിക്കുമ്പോഴാണ്. എന്നാലതിനു പൊതുവിൽ മലയാളികൾ തയാറല്ല എന്നു മാത്രമല്ല, അതിനെല്ലാം ന്യായീകരണങ്ങൾ ചമയ്ക്കുന്നവർ കൂടിയാണ് നമ്മൾ. അതിനാൽ തന്നെ ഈ വാചാടോപങ്ങളെല്ലാം അർത്ഥരഹിതമായി മാറുകയാണ്.
 

Latest News