Sorry, you need to enable JavaScript to visit this website.

ഈ മാസം 23 മുതൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനമോ,  ഖുദൂം പ്ലാറ്റ് ഫോം എന്താണ്

റിയാദ് - ഈ മാസം 23 മുതൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനസർവീസുകൾ ആരംഭിക്കുമെന്നും അതിന് മുന്നോടിയായാണ് അബ്ശിർ സിസ്റ്റത്തിൽ ഖുദൂം എന്ന പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നതെന്നുമുള്ള പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ കൊഴുക്കുകയാണ്.  23 മുതൽ സൗദിയിലേക്കുള്ള വരവുമായി ബന്ധപ്പെട്ട് നടപ്പാക്കാനിരിക്കുന്ന പുതിയ വ്യവസ്ഥകൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എല്ലാ വിമാനസർവീസ് കമ്പനികളെയും രണ്ടു ദിവസം മുമ്പ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.
പ്രവേശനാനുമതിയുള്ള രാജ്യങ്ങളിൽ നിന്ന് സൗദി അംഗീകരിച്ച കോവിഡ് വാക്‌സിൻ എടുക്കാതെ എത്തുന്നവർക്ക് ഈ മാസം 23 മുതൽ അഞ്ചുദിവസത്തെ ക്വാറന്റൈൻ മാത്രമേ ഉണ്ടാവൂവെന്നതാണ് അതോറിറ്റിയുടെ പ്രാധാനനിർദേശം. ഇപ്പോഴുള്ള പോലെ ഏഴു ദിവസം ക്വാറന്റൈനിൽ കഴിയേണ്ട. വിദേശത്ത് നിന്ന് എത്തുന്ന എല്ലാവരും ഖുദൂം പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്താണ് സൗദിയിൽ പ്രവേശിക്കേണ്ടതെന്നും സിവിൽ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ, ഈജിപ്ത്, പാകിസ്താൻ അടക്കം പ്രവേശന നിരോധനമുള്ള പത്ത് രാജ്യങ്ങളിൽ നിന്ന് നേരിട്ട് യാത്ര സാധ്യമാകുന്നത് സംബന്ധിച്ച് ഇതുവരെ ഒരു സൂചനയും സൗദി അധികൃതർ നൽകിയിട്ടില്ല. ഇതിന് ഖുദൂമുമായോ മറ്റോ യാതൊരു ബന്ധവുമില്ല.

ഖുദൂം പ്ലാറ്റ്‌ഫോം അബ്ഷിറിൽ ആരംഭിച്ചിട്ട് മൂന്നാഴ്ചയായി. വിദേശത്ത് നിന്ന് വരുന്നവർ സൗദിയിലെത്തുന്നതിന്റെ 72 മണിക്കൂറിനുള്ളിൽ പൂരിപ്പിക്കാൻ  നിർദേശിച്ച മുഖീം തന്നെയാണ് ഖുദൂം. നേരത്തെ സിവിൽ ഏവിയേഷൻ മുഖീമിന്റെ ലിങ്ക് ആയിരുന്നു യാത്രയുടെ 72 മണിക്കൂറിനുള്ളിൽ പൂരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ വിദേശത്ത് നിന്ന് വരുന്നവർക്ക് ഈ ലിങ്ക് കണ്ടുപിടിക്കാൻ പ്രയാസപ്പെടുന്നതിനാൽ അബ്ശിറിൽ ഖുദൂം (അറൈവൽ) എന്ന പേരിൽ പ്രത്യേക പ്ലാറ്റ്‌ഫോം തയ്യാറാക്കുകയായിരുന്നു. ഇത് ക്ലിക്ക് ചെയ്താൽ നേരിട്ട് നിലവിലെ മുഖീമിലേക്ക് തന്നെയാണ് പോകുന്നത്. പ്രവാസികളും സന്ദർശകരും കോവിഡ് വിവരങ്ങളാണ് ഇതിൽ രജിസ്റ്റർ ചെയ്യേണ്ടത്. കുത്തിവെപ്പെടുത്ത സന്ദർശകർ, കുത്തിവെപ്പെടുക്കാത്ത സന്ദർശകർ, കുത്തിവെപ്പെടുത്ത സൗദി പ്രവാസികൾ, കുത്തിവെപ്പെടുക്കാത്ത സൗദി പ്രവാസികൾ, ചികിത്സക്ക് വരുന്നവർ, സൗദി പൗരന്മാരോടൊപ്പം വരുന്ന വീട്ടുവേലക്കാർ എന്നിവർ അനുയോജ്യമായത് തെരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യണം. ഇതുവരെ വിദേശത്ത് നിന്ന് വരുമ്പോൾ ചെയ്തിരുന്നതിൽ നിന്ന് യാതൊരു മാറ്റവും പുതിയ സംവിധാനത്തിലില്ല. അതേസമയം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അബ്ശിർ തുറക്കാൻ സാധിക്കാത്തതിനാലുള്ള സാങ്കേതിക പ്രശ്‌നം വൈകാതെ പരിഹരിച്ചേക്കുമെന്നാണ് വിവരം.

സൗദി അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിനെടുത്ത് തവക്കൽനായിൽ ഇമ്യൂൺ ആയവർക്ക് 23ന് ശേഷവും ക്വാറന്റൈൻ ഉണ്ടാവില്ല. എന്നാൽ സിനോഫാം, സിനോഫാക് വാക്‌സിനെടുത്തവർ സൗദിയിലെത്തി അഞ്ചു ദിവസ ക്വാറന്റൈൻ പൂർത്തിയാക്കി ബൂസ്റ്റർ വാക്‌സിൻ എടുക്കണം. ഒരു വാക്‌സിനെടുത്ത് സൗദിയിലെത്തുന്നവർ 5 ദിവസ ക്വാറന്റൈൻ പൂർത്തിയാക്കി ഒരു ഡോസ് കൂടി എടുക്കണം. തുടങ്ങിയവയാണ് 23 മുതൽ നടപ്പാകാനിരിക്കുന്നത്.
 

Latest News