ദോഹ- ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർ പി.സി.ആർ ഫലം വന്ന ശേഷമേ പുറത്തിറങ്ങാവൂവെന്ന് അധികൃതർ വ്യക്തമാക്കി.
റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന വാക്‌സിനേഷൻ പൂർത്തീകരിച്ച് ഹോട്ടൽ ക്വാറന്റൈൻ ഇല്ലെങ്കിലും ഖത്തറിലെത്തി 36 മണിക്കൂറിനകം പി.സി.ആർ പരിശോധന നടത്തണമെന്നാണ് വ്യവസ്ഥ. ഗവൺമെന്റ് ഹെൽത്ത് സെന്ററുകളിലോ അംഗീകൃത െ്രെപവറ്റ് ഹോസ്പിറ്റലുകളിലോ ഈ പരിശോധന നടത്താം.
റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരുടെ പാസ്‌പോർട്ടുകളിൽ എമിഗ്രേഷനിൽ നിന്നും ഇത് സംബന്ധമായ സ്റ്റിക്കർ പതിച്ചാണ് വിടുന്നത്. കൂടാതെ 36 മണിക്കൂറിനകം പി.സി.ആർ പരിശോധന നടത്തണമെന്നും ഇഹ് തിറാസ് സ്റ്റാറ്റസ് നോക്കി മാത്രമേ പുറത്തിറങ്ങാവൂ എന്നും നിർദേശിക്കുന്ന എസ്. എം. എസും അയക്കുന്നുണ്ട്.
റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരുടെ ഇഹ് തിറാസ് പി.സി.ആർ ഫലം വരുന്നതുവരെ മഞ്ഞ നിറമായിരിക്കും. അതിനാലാണ് പി.സി.ആർ ഫലം വന്ന ശേഷമേ പുറത്തിറങ്ങാവൂ എന്ന് പറയുന്നത്. ഇഹ് തിറാസിൽ മഞ്ഞ നിറമുള്ളപ്പോൾ പുറത്തിറങ്ങുന്നത് ക്വാറന്റൈൻ വ്യവസ്ഥകളുടെ ലംഘനമായാണ് കണക്കാക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്.






