Sorry, you need to enable JavaScript to visit this website.

ഡോ. കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്ത യുപി സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതി സ്റ്റേ

ലഖ്‌നൗ- ബഹ്‌റായിച് ജില്ലാ ആശുപത്രിയില്‍ പ്രശ്‌നമുണ്ടാക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്‌തെന്ന് ആരോപിച്ച് ഡോ. കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്ത യുപി സര്‍ക്കാര്‍ നടപടി അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2017ല്‍ ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ നിരവധി കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തി ഹീറോ ആയി മാറിയ കഫീല്‍ ഖാനെതിരെ നേരത്തെ സര്‍ക്കാര്‍ കേസിലുള്‍പ്പെടുത്തി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ കഴിയുന്നതിനിടെയാണ് ബഹ്‌റായിച് ആശുപത്രിയിലെ കേസുമായി ബന്ധപ്പെട്ട് വീണ്ടും സസ്‌പെന്‍ഡ് ചെയ്തത്. 

രണ്ടു വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സസ്‌പെന്‍ഡ് ചെയ്ത് ദ്രോഹിക്കുകയായിരുന്നെന്നും കഫീല്‍ ഖാന്‍ കോടതിയില്‍ പറഞ്ഞു. 2019ലെ ഈ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി യുപി സര്‍ക്കാരിനോട് ഉത്തരവിട്ടു. ഒരു സസ്‌പെന്‍ഷന്‍ ഉത്തരവ് നിലനില്‍ക്കെ വീണ്ടും സസ്‌പെന്‍ഡ് ചെയ്യാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിനില്ലെന്നും കഫീന്‍ ഖാന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കഫീല്‍ ഖാനെതിരായ അന്വേഷണ റിപോര്‍ട്ട് ഓഗസ്റ്റ് 27ന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. രണ്ടാമതു സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം അച്ചടക്ക സമിതിക്കുണ്ടെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ എ ക ഗോയല്‍ വാദിച്ചു. ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി കക്ഷികള്‍ക്ക് മറുപടി നല്‍കാന്‍ നാലാഴ്ച സമയം നല്‍കി. കേസ് നവംബര്‍ 11ന് വീണ്ടും പരിഗണിക്കും.
 

Latest News