ചരക്ക് ട്രെയ്ന്‍ പാളംതെറ്റി നദിയിലേക്ക് മറിഞ്ഞു; ആളപായമില്ല

ഭുവനേശ്വര്‍- ഒഡീഷയിലെ അന്‍ഗുല്‍-തെല്‍ചര്‍ റോഡ് റൂട്ടില്‍ നന്ദിര നദിക്കു കുറുകെയുള്ള പാലം കടക്കവെ ചരക്ക് ട്രെയ്ന്‍ പാളം തെറ്റി നദിയിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. ഒമ്പത് വാഗണുകളാണ് മറിഞ്ഞത്. ഗോതമ്പ് കയറ്റിയ വണ്ടി ഫിറോസ്പൂരില്‍ നിന്നും ഖുര്‍ദ റോഡിലേക്കു പോകുകയായിരുന്നു. എഞ്ചിന്‍ അപകടത്തില്‍പ്പെടാത്തതിനാല്‍ ലോക്കോ പൈലറ്റും ജീവനക്കാരും രക്ഷപ്പെട്ടു. തെല്‍ചര്‍ മേഖലയില്‍ കനത്ത മഴയും മിന്നല്‍ പ്രളയം ഉണ്ടായതുമാണ് അപകടത്തിന് കാരണം. കനത്ത ഓഴുക്കില്‍ ട്രാക്കിന്റെ വശങ്ങള്‍ ഇടിയുകയും ട്രാക്കിന് ഇളക്കം സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേസ് അധികൃതര്‍ അറിയിച്ചു.  അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലുള്ള 12 ട്രെയ്‌നുകള്‍ റദ്ദാക്കി. എട്ട് വണ്ടികള്‍ വഴിതിരിച്ചു വിട്ടു.
 

Latest News