Sorry, you need to enable JavaScript to visit this website.

ഒളിച്ചോടുന്ന വേലക്കാരികൾക്ക് ജോലി; രണ്ട് വിദേശികൾ പിടിയിൽ 

റിയാദ് - നിയമ വിരുദ്ധമായി വേലക്കാരികളെ മറ്റു ജോലികൾക്ക് കൈമാറുന്ന  രണ്ടു പേരെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ സംഘം അറസ്റ്റ് ചെയ്തു. സുരക്ഷാ വകുപ്പുകളുമായി ഏകോപനം നടത്തിയാണ് ഇവരെ പിടികൂടിയത്.  രണ്ടു വിദേശികൾ കോൺട്രാക്ടിംഗ് സ്ഥാപനത്തിന്റെ സഹായത്തോടെ വേലക്കാരികളെ കൈമാറുന്നതായി   മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടുന്ന വേലക്കാരികൾക്ക് അഭയം നൽകിയ ശേഷം ശുചീകരണ ജോലികൾ നിർവഹിക്കുന്നതിന് സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും കൈമാറുകയാണ് സംഘം ചെയ്തിരുന്നത്. 
സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് ഇവരുടെ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിനിടെ സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ 18  വേലക്കാരികളെ പിടികൂടി. അനധികൃതമായി ജോലി ചെയ്യുന്നതിന് ഇവരെ സ്വകാര്യ സ്ഥാപനങ്ങളിലും തിരിച്ചും എത്തിക്കുന്ന ഏതാനും വിദേശികളും റെയ്ഡിനിടെ പിടിയിലായി. വേലക്കാരികൾക്കും ഒത്താശ ചെയ്തവർക്കും   നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. തൊഴിൽ നിയമങ്ങളും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനങ്ങളും നിയമങ്ങളും എല്ലാവരും പാലിക്കണം. തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ച് 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ മന്ത്രാലയം പുറത്തിറക്കിയ ആപ് വഴിയോ എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. 

Tags

Latest News