ആണ്‍സുഹൃത്തിനെ പേടിപ്പിക്കാന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു, തീപ്പൊള്ളലേറ്റ യുവതി മരിച്ചു

അങ്കമാലി- ആണ്‍സുഹൃത്തിനെ ഭയപ്പെടുത്താന്‍ ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീപ്പൊള്ളലേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറുകുറ്റി തൈക്കാട് പരേതനായ കൃഷ്ണന്റെ മകള്‍ ബിന്ദുവാണ് (38) തൃശൂര്‍ മെഡിക്കല്‍ കോളജില്‍  മരിച്ചത്. സെപ്റ്റംബര്‍ ആറിന് രാത്രി 11ന് യുവതി വാടകയ്ക്കു താമസിച്ചിരുന്ന മൂക്കന്നൂര്‍ കോക്കുന്നിലെ വീട്ടില്‍ വച്ചാണു പൊള്ളലേറ്റത്.
ബിന്ദു ഏറെ നാളായി ഈ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയാണ്.  യുവതിയുടെ വാടക വീട്ടിലെത്തിയ അങ്കമാലി സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള വാക്കേറ്റത്തെ തുടര്‍ന്നാണു പൊള്ളലേറ്റതെന്നും സംശയിക്കുന്നു. തീ കെടുത്താനുള്ള ശ്രമത്തിനിടെ ആണ്‍സുഹൃത്തിനും പൊള്ളലേറ്റു. പൊള്ളലേറ്റ യുവതിയെ സുഹൃത്ത് ബൈക്കില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം സ്ഥലം വിട്ടു. യുവതിയെ ബന്ധുക്കളാണു മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്നു വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചത്.

ബിന്ദുവിന്റെ ഭര്‍ത്താവ് ആറു വര്‍ഷം മുന്‍പാണു മരിച്ചത്. ഹോംനഴ്‌സിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്ന ബിന്ദു ഏറെ നാളുകളായി വാടകവീട്ടിലാണു താമസം. ആണ്‍സുഹൃത്തിനു ഭാര്യയും കുട്ടികളുമുണ്ട്. അടുപ്പില്‍നിന്നു പൊള്ളലേറ്റതാണെന്നാണു യുവതി ആശുപത്രിയില്‍ മൊഴി നല്‍കിയത്.  സംഭവത്തെ കുറിച്ചു പോലീസ് വിശദമായ അന്വേഷണം നടത്തും.

 

Latest News