ചുവപ്പ് നരച്ചാല്‍ കാവി; സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ വാട്‌സ്ആപ്പ് പോസ്റ്റ് വിവാദത്തില്‍

ആലപ്പുഴ- ഇടതു സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ലോക്കല്‍ സെക്രട്ടറി. പിണറായി സര്‍ക്കാര്‍ ആര്‍.എസ്.എസിനെ വളര്‍ത്തുന്നുവെന്നും ചുവപ്പ് നരച്ചാല്‍ കാവി എന്ന് പറയുന്നത് വെറുതേയല്ലെന്നും പുന്നപ്ര വടക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.രഘുവിന്റെ പോസ്റ്റില്‍ പറയുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു പോസ്റ്റ്. കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ ആര്‍.എസ്.എസ്,  ബി.ജെ.പി സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. പോലീസില്‍ മാത്രമല്ല വിദ്യാഭ്യാസ വകുപ്പിലും ആര്‍.എസ്.എസ് പിടിമുറുക്കിയെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു. അഞ്ച് വര്‍ഷം കൊണ്ട് പിണറായി സര്‍ക്കാര്‍ എത്രത്തോളം ആര്‍.എസ്.എസിനെ വളര്‍ത്തി എന്നത് കാണാനിരിക്കുന്നതേയുള്ളൂ. ചുവപ്പ് നരച്ചാല്‍ കാവിയെന്ന് പറയുന്നത് വെറുതേയല്ലന്ന് കാലം തെളിയിക്കുമെന്നും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ പോസ്റ്റില്‍ പറയുന്നു. സി.പി.എമ്മിലെ ജില്ലയിലെ വിഭാഗീയതയുടെ കേന്ദ്രമായ അമ്പലപ്പുഴയില്‍നിന്നാണ് പിണറായി വിരുദ്ധ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

 

 

Latest News