Sorry, you need to enable JavaScript to visit this website.

സീരീ അ യുവത്വത്തിലേക്ക്

പരമ്പരാഗതമായി ഇറ്റാലിയൻ ഫുട്‌ബോൾ ലീഗ് വയസ്സന്മാരുടെ തട്ടകമായിരുന്നു. എന്നാൽ ക്രിസ്റ്റിയാനൊ റൊണാൾഡോയും റൊമേലു ലുകാകുവും കളം വിട്ടതോടെ സീരീ അ-ക്ക് യുവത്വത്തുടിപ്പാണ്.

ഇറ്റാലിയൻ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസൺ ആരംഭിച്ചത് നിരാശയോടെയാണ്. പല പ്രമുഖ കളിക്കാരും ലീഗ് വിട്ടു. കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോറർ ക്രിസ്റ്റിയാനൊ റൊണാൾഡൊ യുവന്റസിൽ നിന്ന് പഴയ ലാവണമായ മാഞ്ചസ്റ്റർ യുനൈറ്റഡിൽ ചേക്കേറി ഇംഗ്ലിഷ് പ്രീമിയർ ലീഗിലേക്ക് പോയി. കഴിഞ്ഞ സീസണിലെ മികച്ച കളിക്കാരൻ റൊമേലു ലുകാകുവിനെയും പഴയ ക്ലബ്ബ് തിരിച്ചുവിളിച്ചു. ചെൽസിയുടെ ഭാഗമായി ലുകാകുവും പ്രീമിയർ ലീഗിൽ കളിക്കുന്നു.
ഈ കൊഴിഞ്ഞുപോക്ക് പുതിയ പ്രതീക്ഷകൾ സൃഷ്ടിച്ചിരിക്കുകയാണ് ലീഗിൽ. പരമ്പരാഗതമായി വയസ്സന്മാരുടെ തട്ടകമായ ലീഗ് യുവതാരങ്ങളുടെ ത്രസിപ്പിക്കുന്ന പോരാട്ട വേദിയാവുകയാണ്.
മോയ്‌സ് കീനാണ് യുവന്റസിൽ റൊണാൾഡോക്ക് പകരം വന്നത്. സസൂലൊ ഫോർവേഡ് ജിയാകോമൊ റാസ്പദോരി അതിവേഗം ആരാധക ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഈ രണ്ട് കളിക്കാരാവും ഈ സീസണിലെ പ്രധാന സംസാര വിഷയം. ഇരുവർക്കും പ്രായം 21. ജനിച്ചത് 10 ദിവസത്തെ ഇടവേളയിൽ. ലോകകപ്പ് ഫുട്‌ബോളിന്റെ യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ഇറ്റാലിയൻ കുപ്പായത്തിൽ ഇരുവരും കരുത്തു തെളിയിച്ചു. ലിത്വാനിയക്കെതിരെ കീൻ ഇരട്ട ഗോളടിച്ചു. റാസ്പദോരി കന്നി ഗോളിലൂടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
യുവ കളിക്കാരെ കൊണ്ട് ഇത്ര വലിയ വിജയം ആർജിക്കാനായതിൽ സന്തോഷമുണ്ടെന്ന് മത്സര ശേഷം ഇറ്റലിയുടെ കോച്ച് റോബർടൊ മാഞ്ചീനി പറഞ്ഞു. ലിത്വാനിയ തോൽപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത്ര വലിയ വിജയം അദ്ഭുതമാണ്. ഗ്രൂപ്പ് സി-യിലെ തൊട്ടടുത്ത എതിരാളികളായ സ്വിറ്റ്‌സർലന്റിന് ലിത്വാനിയയെ തോൽപിക്കാൻ വല്ലാതെ കഷ്ടപ്പെടേണ്ടി വന്നിരുന്നു -മാഞ്ചീനി ചൂണ്ടിക്കാട്ടി. ഈ യുവ താരങ്ങൾ ഇറ്റാലിയൻ ലീഗിലൂടെ പ്രതിഭ തേച്ചുമിനുക്കുമെന്നാണ് പ്രതീക്ഷയെന്ന് കോച്ച് പറഞ്ഞു.


കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാനാവാതെ ഇറ്റലി നാണംകെട്ട ശേഷമാണ് മാഞ്ചീനി കോച്ചിംഗ് ചുമതല ഏറ്റെടുക്കുന്നത്. യുവ കളിക്കാരെ രംഗത്തു കൊണ്ടുവന്നാണ് മാറ്റത്തിന് അദ്ദേഹം തിരികൊളുത്തിയത്. 2018 സെപ്റ്റംബറിൽ പത്തൊമ്പതുകാരനായ നിക്കോളൊ സനിയോളോയെ അദ്ദേഹം ടീമിലേക്ക് വിളിപ്പിച്ചു. റോമക്കു വേണ്ടി ഇറ്റാലിയൻ ലീഗിൽ ഒരു മത്സരം പോലും കളിക്കുന്നതിന് മുമ്പേയാണ് സനിയോളൊ ഇറ്റലിയുടെ ജഴ്‌സിയിട്ടത്. ശ്രദ്ധേയമായ തുടക്കത്തിനു ശേഷം സനിയോളോയെ പരിക്കുകൾ വേട്ടയാടി. യൂറോ 2020 ലെ കിരീട വിജയത്തിൽ പങ്കാളിയാവാനായില്ല. കഴിഞ്ഞ മത്സരങ്ങളിൽ തിരിച്ചെത്തിയ സനിയോളൊ എന്തുകൊണ്ടാണ് താൻ ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നതിന്റെ നേരിയ മിന്നലാട്ടങ്ങൾ പ്രദർശിപ്പിച്ചു. വരും ദശകത്തിൽ റോമയുടെയും ഇറ്റലിയുടെയും നിരയിൽ നിറസാന്നിധ്യമായിരിക്കും സനിയോളൊ.
യൂറോ ചാമ്പ്യൻഷിപ്പിലും ഇറ്റലിയുടെ യുവനിര ചുക്കാൻ പിടിച്ചു. മിഡ്ഫീൽഡർമാരായ ഇരുപത്തിമൂന്നുകാരൻ മാന്വേൽ ലോകാടെല്ലിയും ഇരുപത്തിനാലുകാരൻ മാറ്റിയൊ പെസീനയും ടൂർണമെന്റിലൂടെ ആരാധക മനം കീഴടക്കി. ടൂർണമെന്റിനു ശേഷം ലോകാടെല്ലി രണ്ടരക്കോടി യൂറോയുടെ കരാറിൽ സസൂലോയിൽ നിന്ന് യുവന്റസിലെത്തി. അറ്റ്‌ലാന്റയെ ഈ സീസണിലെ ഭയപ്പെടേണ്ട ടീമുകളിലൊന്നാക്കി മാറ്റിയത് പെസീനയുടെ ആക്രമണ വീര്യമാണ്.
പ്രതിരോധ നിരയിൽ എ.സി മിലാന്റെ ഇരുപത്തിനാലുകാരൻ ഡേവിഡ് കലാബ്രിയ, ഇന്റർ മിലാന്റെ ഇരുപത്തിരണ്ടുകാരൻ അലസാന്ദ്രൊ ബസ്റ്റോണി എന്നിവർക്കും ഇറ്റലിയുടെ ജഴ്‌സിയിടാൻ അവസരം നൽകി. ബസ്‌റ്റോണിയും സ്‌റ്റെഫാൻ ഡിവ്രിയും നേതൃത്വം നൽകുന്ന ഇന്ററിന്റെ പ്രതിരോധം ലോകോത്തരമാണ്. ബസ്‌റ്റോണി വരും കാലങ്ങളിൽ ഇറ്റലിയുടെ ലെഫ്റ്റ് സെൻട്രൽ ഡിഫന്ററുടെ സ്ഥാനം സ്വന്തമാക്കുമെന്ന് മാഞ്ചീനി പറയുന്നു.
യൂറോ കപ്പിൽ അവസാന നിമിഷമാണ് കീനിന് സ്ഥാനം നഷ്ടപ്പെട്ടത്. കരുത്തും വേഗവുമാണ് കീനിനെ വേറിട്ടു നിർത്തുന്നതെന്ന് മാഞ്ചീനി കരുതുന്നു. വിംഗിലും സെന്റർ ഫോർവേഡായും കീനിന് കളിക്കാനാവും. കഠിനാധ്വാനം ചെയ്യാൻ തയാറായാൽ വലിയ ഭാവിയുണ്ട്. സോക്കർ കരിയർ അത്ര സുദീർഘമല്ലെന്ന് കീൻ തിരിച്ചറിയണം. കാറ്റുള്ളപ്പോൾ തൂറ്റാൻ പഠിക്കണം -മാഞ്ചീനി ഓർമിപ്പിച്ചു.
സോക്കർ കരിയർ ഹ്രസ്വമാണെന്ന് പറഞ്ഞപ്പോൾ മാഞ്ചീനിയുടെ മനസ്സിൽ മാരിയൊ ബലോടെലി ആയിരിക്കണം. വലിയ പ്രതിഭയായിരുന്നു ബലോടെലി. ബലോടെലിയെ ഉയർത്തിക്കൊണ്ടുവരാൻ മാഞ്ചീനി സാധ്യമായതെല്ലാം ചെയ്തിരുന്നു. മാഞ്ചീനിയുടെ കീഴിൽ ഇന്ററിലും മാഞ്ചസ്റ്റർ സിറ്റിയിലും ബലോടെലി കളിച്ചു. പക്ഷേ അച്ചടക്കമില്ലായ്മയാണ് ബലോടെലിയുടെ ശത്രു. മുപ്പത്തൊന്നുകാരൻ ടീമുകളിൽ നിന്ന് ടീമുകളിലേക്ക് കുടിയിറക്കപ്പെട്ടു. ഇപ്പോൾ തുർക്കിയിലെ അദാന ദെമിർസ്‌പോറിൽ കളിക്കുന്നു. തുടക്കത്തിലെ പ്രതീക്ഷ നിലനിർത്താൻ ബലോടെലിക്കു സാധിച്ചില്ല. 2018 ൽ ഇറ്റലിയുടെ ടീമിലേക്ക് മാഞ്ചീനി തിരിച്ചുവിളിച്ചപ്പോഴും ബലോടെലി അവസരം മുതലാക്കിയില്ല.
ആ അനുഭവം കീനിനും റാസ്പദോരിക്കുമൊക്കെ ഉണ്ടാവാതിരിക്കട്ടെയെന്നാണ് മാഞ്ചീനി പ്രതീക്ഷിക്കുന്നത്. റാസ്പദോരി ഇറ്റാലിയൻ ലീഗിൽ 41 മത്സരം കളിച്ചു, ഒമ്പത് ഗോൾ നേടി. ഒപ്പം യൂനിവേഴ്‌സിറ്റി ഡിഗ്രിക്ക് പഠിക്കുകയും ചെയ്യുന്നു. ലിത്വാനിയക്കെതിരെ ഇറ്റലിക്കു കളിച്ച മറ്റൊരു യുവ താരം സസൂലോയുടെ തന്നെ ഇരുപത്തിരണ്ടുകാരൻ ജിയാൻലൂക്ക സ്‌കമാക്കയാണ്. ഇറ്റലിയുടെ മുൻ സെന്റർ ഫോർവേഡ് ക്രിസ്റ്റിയൻ വിയേറിയെ അനുസ്മരിപ്പിക്കുന്ന കരുത്തും ആകാരവുമുണ്ട് സ്‌കമാക്കക്ക്. ഞായറാഴ്ച ഇറ്റാലിയൻ ലീഗിൽ സസൂലോയും റോമയും ഏറ്റുമുട്ടുമ്പോൾ ഇറ്റലിയുടെ ഭാവിയാണ് അവിടെ കാണുക. ഒരു വശത്ത് റാസ്പദോരിയും സ്‌കമാക്കയും. മറുവശത്ത് സനിയോളൊ, ലിയനാഡൊ സ്പിനസോള, ലോറൻസൊ പെലഗ്രീനി എന്നിവർ. നാപ്പോളിക്കെതിരായ മത്സരത്തിൽ യുവന്റസ് നിരയിൽ കീനും ഉണ്ടാവും.

Latest News