Sorry, you need to enable JavaScript to visit this website.

ആലിക്കോയ -മലബാറിന്റെ കൊളീന

കർക്കശമായ ശരീര ഭാഷ കൊണ്ടു നാലു പതിറ്റാണ്ടു കാലം സെവൻസ് മൈതാനങ്ങൾ നിയന്ത്രിച്ച ആലിക്കോയ ലോങ് വിസിൽ മുഴക്കി ജീവിതത്തിൽ നിന്ന് കടന്നു പോകുമ്പോൾ ഓർമയാകുന്നത് സെവൻസ് ഫുട്‌ബോളിലെ സുന്ദരമായൊരു കാലം. മൈതാനത്തേക്ക് കടന്നു വരുമ്പോൾ താരങ്ങളേക്കാൾ കൂടുതൽ കൈയടി ലഭിച്ചിരുന്ന സൂപ്പർ സ്റ്റാറായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കോഴിക്കോട് തിരുവണ്ണൂർ സ്വദേശി വി.പി. ആലിക്കോയ എന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ റഫറി.

മലബാർ സെവൻസിലെ കൊളീന എന്നായിരുന്നു ഫുട്‌ബോൾ ആരാധകർക്കിടയിൽ ആലിക്കോയ അറിയപ്പെട്ടിരുന്നത്. ലോക ഫുട്‌ബോളിലെ കണിശക്കാരനായ റഫറി ഇറ്റലിയുടെ പിയർല്യുജി കൊളീനയെ ഓർമപ്പെടുത്തുന്നതായിരുന്നു  ആലിക്കോയ എന്ന റഫറി. കാഴ്ചയിൽ മാത്രമല്ല വിസിൽ മുഴക്കുന്ന ആജ്ഞാ ശക്തിയിലും ആലിക്കോയയിൽ കോളിനയെ ഫുട്‌ബോൾ പ്രേമികൾ ദർശിച്ചു. ആരുടേയും മോഹന വാഗ്ദാനങ്ങൾക്ക് വഴങ്ങാതെ സത്യസന്ധമായി കളി നിയന്ത്രിച്ചാണ് സെവൻസ് ടൂർണമെന്റുകളിലെ ഒഴിച്ചുകൂടാനാകാത്ത പേരുകളിലൊന്നായി വി.പി. ആലിക്കോയ മാറിയത്. ഒരു സെലിബ്രിറ്റിയുടെ എല്ലാ പരിഗണനയും ഇദ്ദേഹത്തിന് ലഭിച്ചു. ജനനം കൊണ്ട് കോഴിക്കോട്ടുകാരനായിരുന്നെങ്കിലും സെവൻസിന്റെ  ഈറ്റില്ലമായ മലപ്പുറമായിരുന്നു തട്ടകം.

തിരുവണ്ണൂർ കോട്ടൺ മില്ലിനു സമീപത്തുള്ള മൈതാനത്ത് പന്ത് തട്ടി തുടങ്ങിയ ആലിക്കോയ ചെറുപ്രായത്തിൽ തന്നെ യങ് ഇന്ത്യ ഉൾപ്പെടെയുള്ള ക്ലബുകളുടെ താരമായി മാറി.  യങ് ഇന്ത്യ, കോട്ടൂളി ലീഡേഴ്‌സ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി ജഴ്‌സിയണിഞ്ഞു. അക്കാലത്ത് ഒരു മൽസരത്തിൽ റഫറിയെ കൈയേറ്റം ചെയ്‌തെന്നാരോപിച്ച് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് ആലിക്കോയ ഇരുപത്തിനാലാം വയസ്സിൽ സെവൻസ് ഫുട്‌ബോൾ റഫറിയിംഗിലേക്ക് വഴി മാറുന്നത്. പിന്നീട് നാലു പതിറ്റാണ്ടു കാലം സെവൻസിലെ റഫറിയെന്നാൽ അതു ആലിക്കോയയായിരുന്നു. അദ്ദേഹം മുഴക്കാത്ത വലിയ സെവൻസ് മൈതാനങ്ങൾ കേരളത്തിലില്ലായെന്ന് തന്നെ പറയാം. കോവിഡ്  മഹാമാരി കളി മൈതാനങ്ങളെ നിശ്ശബ്ദമാക്കുന്നത്   ആ വിസിൽ വിളി മൈതാനങ്ങളിൽ സംഗീതം പൊഴിച്ചു. കളിയാക്കലിലും പ്രോത്സാഹനങ്ങളിലും സങ്കടമോ അമിതാഹ്ലാദമോ ആലിക്കോയക്ക് ഉണ്ടായിരുന്നില്ല. എല്ലാം പുഞ്ചിരിച്ച് നേരിട്ടു. വിസിലൂതാനില്ലാത്തപ്പോൾ കോഴിക്കോട് നഗരത്തിലൂടെ ഓട്ടോ റിക്ഷ ഓടിച്ച് ജീവിച്ചു ഇദ്ദേഹം.

സെവൻസ് മൈതാനങ്ങളിൽ വീണ്ടും ആരവമുയരുമ്പോൾ കൊളിനയെ ഓർമപ്പെടുത്തുന്ന ആലിക്കോയ അവിടെയുണ്ടാകില്ല, എങ്കിലും അദ്ദേഹം അവിസ്മരണീയമാക്കിയ നിമിഷങ്ങൾ കാൽപന്ത് ആരാധകളുടെ ഓർമകളിൽ അനശ്വരമായി ജ്വലിച്ചു നിൽക്കും, കാലമെത്ര കഴിഞ്ഞാലും! കേരള സെവൻസ് ഫുട്‌ബോൾ റഫറീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പദവിയിലിരിക്കേയാണ് ആലിക്കോയയുടെ വിടവാങ്ങൽ. ഫാത്തിമയാണ് ഭാര്യ, നജ്മുദ്ദീൻ, സഫറുദ്ദീൻ, ദമാമിൽ പ്രവാസിയായ നഫ്‌സുദ്ദീൻ  എന്നിവർ മക്കളാണ്.

Latest News