Sorry, you need to enable JavaScript to visit this website.

ആ ചിത്രത്തിന് മങ്ങൽ

ലോക ഫുട്‌ബോളിലെ ഡാർലിംഗുകളായ ഐസ്‌ലന്റ് ഫുട്‌ബോൾ ടീമിനെതിരെ ലൈംഗികാരോപണം

2016 ലെ യൂറോ കപ്പ് അരങ്ങേറ്റത്തിൽ ഇംഗ്ലണ്ടിനെയുൾപ്പെടെ അട്ടിമറിച്ച് മുന്നേറിയപ്പോൾ ലോകത്തിന്റെ കണ്ണിലുണ്ണികളായിരുന്നു ഐസ്‌ലന്റ് ഫുട്‌ബോൾ ടീം. ക്വാർട്ടറിലേക്ക് മുന്നേറിയ അവർ പിന്നീട് 2018 ലെ ലോകകപ്പിനും യോഗ്യത നേടി. ഐസ്‌ലന്റ് ആരാധകർ സവിശേഷമായ കരഘോഷ രീതിയിലൂടെ വാർത്തകളിൽ ഇടംപിടിച്ചു. എന്നാൽ ലൈംഗികാരോപണങ്ങൾ ടീമിന്റെ പ്രതിഛായ കളങ്കപ്പെടുത്തിയിരിക്കുകയാണ്. മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങേറുമ്പോഴും ടീമിന്റെ പ്രതിഛായ സംരക്ഷിക്കാൻ ചിലർ കള്ളക്കഥ മെനയുകയായിരുന്നുവോയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
ഇരുപത്തഞ്ചുകാരി തോർഹിൽദൂർ ഗയ്ദയുടെ ആരോപണം 3.70 ലക്ഷം മാത്രം ജനസംഖ്യയുള്ള കൊച്ചു രാജ്യമായ ഐസ്‌ലന്റിനെ പിടിച്ചുലച്ചിരിക്കുകയാണ്. 2017 ൽ നിശാക്ലബ്ബിൽ വെച്ച് ഒരു കളിക്കാരൻ തന്റെ ഗുഹ്യഭാഗത്തും കഴുത്തിലും പിടിക്കുകയും അശ്ലീല മുദ്ര കാണിക്കുകയും ചെയ്തുവെന്നായിരുന്നു ഗയ്ദയുടെ ആരോപണം. കോൾബയ്ൻ സയ്‌തോർസൻ എന്ന കളിക്കാരനെക്കുറിച്ചാണ് പരാമർശമെന്ന് പിന്നീട് വ്യക്തമായി. ഐസ്‌ലന്റ് ടീമിനു വേണ്ടി ഏറ്റവുമധികം ഗോളടിച്ച കളിക്കാരനാണ് സയ്‌തോർസൻ. ഇംഗ്ലണ്ടിനെതിരായ യൂറോ കപ്പിലെ പ്രശസ്തമായ 2-1 വിജയത്തിൽ വിജയ ഗോളടിച്ചതും സയ്‌തോർസൻ തന്നെ. മറ്റു ആറ് കളിക്കാരും ലൈംഗികാക്രമണത്തിൽ പങ്കാളിയായിരുന്നുവെന്നും അവർക്കെതിരെ ഐസ്‌ലന്റ് ഫുട്‌ബോൾ അസോസിയേഷൻ നടപടിയെടുത്തില്ലെന്നും ഗയ്ദ കുറ്റപ്പെടുത്തി. ഇതോടെ അസോസിയേഷൻ പ്രതിക്കൂട്ടിലായി. 2010 ൽ നടന്ന കൂട്ടമാനഭംഗങ്ങളുൾപ്പെടെ പുറത്തു പറയാൻ അവർ നിർബന്ധിതരായി. സ്ത്രീസുരക്ഷയിൽ മുൻപന്തിയിലുള്ള രാജ്യമാണ് ഐസ്‌ലന്റ്. വനിതാ പ്രധാനമന്ത്രി കാതറിൻ ജോകോബ്‌സ്‌ഡോട്ടിർ അടുത്ത മാസം തെരഞ്ഞെടുപ്പ് നേരിടുകയുമാണ്.
സയ്‌തോർസനെ ദേശീയ ടീമിൽ നിന്ന് സസ്‌പെന്റ് ചെയ്തു. സ്വീഡിഷ് ക്ലബ് ഗോതബോർഗും താരത്തെ പുറത്താക്കി. ആരോപണം നിഷേധിച്ചെങ്കിലും ഇരുപത്തഞ്ചുകാരിയുമായി 2018 ൽ താൻ സാമ്പത്തിക ഒത്തുതീർപ്പിലെത്തിയിരുന്നുവെന്ന് സയ്‌തോർസൻ സമ്മതിച്ചു. ഫുട്‌ബോൾ അസോസിയേഷൻ അംഗങ്ങൾ ഒന്നടങ്കം രാജിവെക്കേണ്ടി വന്നു. 2016 ലെ കുതിപ്പിന് ശേഷം ടീം ഇപ്പോൾ തകർച്ചയിലാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സ്വന്തം ഗ്രൂപ്പിൽ അവസാന രണ്ട് സ്ഥാനങ്ങളിലാണ് ഐസ്‌ലന്റ്. അടുത്ത കാലം വരെ റോൾ മോഡലുകളായിരുന്ന കളിക്കാർ ഇപ്പോൾ ആരോപണങ്ങളുടെ മുൾമുനയിലാണ്.

Latest News