'അസ്സലാമു അലൈക്കും' പറയുന്നത് നിയമ വിരുദ്ധമാണെങ്കില്‍ നിര്‍ത്തുമെന്ന് ഖാലിദ് സെയ്ഫി

ന്യൂദല്‍ഹി- 'അസ്സലാമു അലൈക്കും' എന്ന അഭിവാദനം നിയമവിരുദ്ധമാണെങ്കില്‍ അത് പറയുന്നത് നിര്‍ത്തുമെന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന് ദല്‍ഹി പോലീസ് കലാപക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഖാലിദ് സെയ്ഫി. യുനൈറ്റഡ് എഗയ്ന്‍സ്റ്റ് ഹെയ്റ്റ് എന്ന സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായ ഖാലിദ് സെയ്ഫി വെള്ളിയാഴ്ച ആഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് മുമ്പാകെയാണ് ഇങ്ങനെ പറഞ്ഞത്. 'ഞാന്‍ എന്റെ സുഹൃത്തുക്കളെ എപ്പോഴും സലാംചൊല്ലിയാണ് അഭിവാദനം ചെയ്യാറുള്ളത്. ഇത് നിയമ വിരുദ്ധമാണെങ്കില്‍ ഞാനിത് നിര്‍ത്തും,' ഖാലിദ് കോടതിയില്‍ പറഞ്ഞു. ഇത് ജഡ്ജി കോടതി ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത് പ്രോസിക്യൂഷന്റെ വാദമാണെന്നും വ്യക്തമാക്കുകയും ചെയ്തു. തനിക്ക് ജാമ്യം ലഭിച്ചാല്‍ കേസില്‍ കുറ്റപത്രത്തിനായി 20 ലക്ഷം പേപ്പറുകള്‍ പാഴാക്കിയതിന് ദല്‍ഹി പോലീസിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കുമെന്നും ഖാലിദ് കോടതിയില്‍ പറഞ്ഞു. 

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സമാനകേസില്‍ ഉള്‍പ്പെടുത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ഒരു പ്രസംഗത്തില്‍ 'അസ്സലാമു അലൈക്കും' എന്നു പറഞ്ഞത് ഒരു സമുദായത്തെ മാത്രം അഭിസംബോധന ചെയ്തതിന് തെളിവാണെന്ന് ദല്‍ഹി പോലീസ് കോടതിയില്‍ വാദിച്ചിരുന്നു. സലാം പറഞ്ഞത് ഷര്‍ജീല്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം പൊതുസമൂഹത്തെ അല്ല അഭിസംബോധന ചെയ്തതെന്നും ദല്‍ഹി പോലീസ് വാദിച്ചിരുന്നു. പൗരത്വ സമര സമയത്ത് ഷര്‍ജീല്‍ നടത്തിയ പരസ്യമായ പ്രസംഗത്തെ വര്‍ഗീയ വല്‍ക്കരിക്കുന്ന ദല്‍ഹി പോലീസ് ശ്രമം വിമര്‍ശനത്തിനിടയാക്കിയിരുന്നു.
 

Latest News