Sorry, you need to enable JavaScript to visit this website.
Monday , September   20, 2021
Monday , September   20, 2021

സ്‌നേഹത്തിന്റെ പേരിൽ

അവളെ എനിക്കിഷ്ടമാണ്. അവൾക്ക് എന്നെയും. ഞങ്ങൾ രണ്ട് പേരും വിവിധ ജാതിക്കാരാണ്. അതിനാൽ  ആത്മഹത്യ ചെയ്തു  കളയുമെന്ന് പറഞ്ഞ് അവളുടെ മാതാപിതാക്കൾ  അവളെ ഭീഷണിപ്പെടുത്തുന്നു. അച്ഛനെയും അമ്മയെയും എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു വിവാഹത്തിൽ ഞങ്ങൾക്ക് രണ്ട് പേർക്കും താൽപര്യമില്ല, സർ. എനിക്ക് അവളെ മറക്കാൻ കഴിയുന്നില്ല. അവളുടെ സന്ദേശങ്ങളിൽ നിറയെ സ്‌നേഹവും നിരാശയും കണ്ണീരുമാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ദൂരദിക്കിൽ നിന്നും എന്നെ തേടിയെത്തിയ കോളേജ് അധ്യാപകനായ യുവാവ് മനസ്സ് തുറന്ന് വിങ്ങിപ്പൊട്ടി.
മുൻപ് നേർപരിചയങ്ങളൊന്നുമില്ലാത്ത ആ ചെറുപ്പക്കാരന്റെ സൗമ്യതയും ഭാവവും എന്നെ ഏറെ ആകർഷിച്ചു. ക്രിയാത്മക കേൾവിക്കാരനാവുന്നതിന്റെ ഭാഗമായി എന്റെ നമ്പർ എങ്ങനെ കിട്ടിയെന്ന ചോദ്യത്തിലാണ് ഞാൻ തുടങ്ങിയത്. സമാന അവസ്ഥയിലൂടെ കടന്നു പോയ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കൊടുത്തതാണ് എന്റെ നമ്പർ എന്ന് മനസ്സിലായി. യുവാവിന്റെയും യുവതിയുടെയും കുടുംബ കാര്യങ്ങളും വിദ്യാഭ്യാസ പശ്ചാത്തലവും പ്രണയ സംബന്ധിയായ വിശദാംശങ്ങളും ചോദിച്ചു മനസ്സിലാക്കി. സ്വയം ചിന്തിക്കാനും യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനും പ്രസാദാത്മകമായി ശിഷ്ടജീവിതം ഉല്ലാസപൂർവം നയിക്കാനുമാവശ്യമായ ചില കാര്യങ്ങൾ ഉണർത്തി അദ്ദേഹത്തിന് ആത്മബലം നൽകിയതോർമ വരികയാണ്. പിരിഞ്ഞു പോകുമ്പോൾ ആ കണ്ണുകളിൽ നിരാശക്ക് പകരം പ്രത്യാശയും ആത്മഹത്യാ ചിന്തകൾക്ക് പകരം ക്ഷേമ ജീവിത ചിന്തകളും കളിയാടുന്നത് കാണാമായിരുന്നു. ഇപ്പോഴും ആ ചെറുപ്പക്കാരൻ  ഇടക്കെല്ലാം വിളിക്കും. കൃതജ്ഞത അറിയിക്കും. സർഗസൃഷ്ടികൾ പങ്കുവെക്കും. കൗമാര മനസ്സുകളിൽ സ്വാഭാവികമായി നാമ്പിടുന്ന ഇഷ്ടം ചിലരിൽ കലശലായ പ്രണയമായി കലാശിക്കുകയും ജീവിത സഖികളായിത്തീരണമെന്ന ഉൽക്കടമായ ആഗ്രഹമായി മാറുകയും ചെയ്യുന്നു. അപൂർവം ചിലത് ആരോഗ്യകരമായ വിവാഹത്തിൽ എത്തുന്നു. അത്യപൂർവം ചിലത് ഉല്ലാസകരമായ ദാമ്പത്യ ജീവിതമായി പരിണമിക്കുന്നു. എന്നാൽ ബഹുഭൂരിപക്ഷം കാമ്പസ് സൗഹൃദങ്ങളും നല്ല ഹൃദ്യമായ സൗഹൃദങ്ങളായി ആജീവനാന്തം തുടരുമ്പോൾ പ്രണയ വിവാഹങ്ങൾ അധികവും കാറ്റും കോളും നിറഞ്ഞ ഇടമാവുകയും അധികം വൈകാതെ വേർപിരിയുകയും ചെയ്യുന്നതായാണ് കാണപ്പെടുന്നത്. ചില ചങ്ങാത്തങ്ങൾ കൗമാരത്തിന്റെ വന്യതയിൽ അപകടകരമാംവിധം വളരുകയും  വലിയ വിപത്തുകളിൽ കലാശിക്കുന്നതായും സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. ജാതി, മതം, ദേശം, ദൂരം, സംസ്‌കാരം എന്നിവയെല്ലാം സമൂഹത്തിലെ അനിഷേധ്യമായ യാഥാർത്ഥ്യങ്ങളാണ്. ജനനം, ജീവിത ദൗത്യം, ജീവിത സരണി, മരണം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ശുചിത്വ ശീലങ്ങൾ തുടങ്ങി സർവ മേഖലകളിലും അവ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.
അനുരാഗത്തിന്റെ കൗമാര ദിനങ്ങളിൽ ഇവയൊന്നും കമിതാക്കളുടെ കണ്ണിൽ പെട്ട#ുകൊള്ളണമെന്നില്ല. അല്ലെങ്കിൽ ബോധപൂർവം ആ കാര്യങ്ങളെ അവർ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യുന്നു. കളി കാര്യത്തോടടുക്കുമ്പോൾ സാമൂഹ്യ നിയമങ്ങളും നാട്ടുനടപ്പുകളും പലപ്പോഴും
ഭാവനാ ലോകത്തിന് സമാനമാവില്ല.  മാതാപിതാക്കളുടെ ശാസനകളേയും സ്‌നേഹ നിർദേശങ്ങളേയും കാറ്റിൽ പറത്തി അരങ്ങേറിയ  പ്രണയ വിവാഹങ്ങളിലേക്ക്, ഒളിച്ചോട്ടങ്ങളിലേക്ക് എടുത്തു ചാടി പിന്നീട് കണ്ണീര് കുടിക്കുന്ന പലരിൽ നിന്നും ആവർത്തിച്ച് കേട്ട വാചകങ്ങൾ  സ്വപ്‌നം കണ്ടതായിരുന്നില്ല യാഥാർത്ഥ്യം എന്നും ആൾ അസ്സൽ മുഖം മൂടിയിട്ട്  വഞ്ചിച്ചതാണെന്നുമുള്ള ഏറ്റുപറച്ചിലുമാണ്. പ്രണയകാലത്ത് ഇല്ലാക്കഥകൾ പറഞ്ഞും പെരുപ്പിച്ചും സെന്റിമെന്റ്‌സിന്റെ മഴ നനച്ചും വളർത്തിയെടുക്കുന്ന വേരില്ലാ ബന്ധങ്ങൾ വിവാഹ ശേഷമുള്ള ഒരു നേർത്ത വേനലിൽ  ഉലയുന്നതും ക്രമേണ  കടപുഴകുന്നതായും  കാണാം. തൽക്കാല ലാഭത്തിനായി പാർട്ടിക്കാരെയും മതക്കാരെയും സാമൂഹ്യ ദ്രോഹികളെയും കൂട്ടുപിടിച്ച് വീട്ടുകാരുടെ പൊരുത്തമില്ലാതെ നിർബന്ധിത വിവാഹങ്ങളിൽ ഏർപ്പെട്ടവരുടെ ജീവിത കഥകൾ പഠന വിധേയമാക്കിയാൽ മനോനില തെറ്റിപ്പോവുന്ന പ്രണയ ജോഡികളായ  ഒളിച്ചോട്ട കാരും ആത്മഹത്യക്കാരും അതിന് കളമൊരുക്കി കൂട്ടുനിൽക്കുന്നവരും ആത്യന്തികമായി ഇവർ ചെന്നടിയുന്ന ദുരിതക്കയത്തിന്റെ ആഴം കണ്ട് പകച്ചേനേ. കൗമാരം പ്രണയാനുഭവങ്ങളുടെ കാലം കൂടിയാണെന്നതിൽ തർക്കമില്ല. 
സിനിമകളും സീരിയലുകളും സാഹിത്യവും ഒപ്പം സോഷ്യൽ മീഡിയയും അനൽപ സ്വാധീനമായി ഇളം തലമുറയെ ഗ്രസിച്ചിരിക്കുന്ന ഈ കാലത്ത് വിവേകികളായ മാതാപിതാക്കൾ ഈ കാര്യം തിരിച്ചറിഞ്ഞ് കുട്ടികളോട് തുറന്ന വിനിമയത്തിലൂടെ നല്ല സൗഹൃദം സ്ഥാപിക്കുകയും അവർക്ക് കതിരും പതിരും തിരിച്ചറിയാനുള്ള കഴിവും  പ്രാപ്തിയും ശീലിപ്പിക്കുകയുമാണ് വേണ്ടത്.  കൂടാതെ വഴി വിളക്കുകളായി മാറി ജീവിത പാതയിലെ സൗന്ദര്യവും സൗരഭ്യവും പാകതയോടെ ആസ്വദിക്കാനും പതിയിരിക്കുന്ന ചതിക്കുഴികളെയും വഴികേടിലാക്കുന്ന ദുഷിച്ച കൂട്ടുകെട്ടുകളെയും  നേരത്തേ തന്നെ തിരിച്ചറിഞ്ഞ് അകറ്റാനും മക്കളെ സജ്ജരാക്കുകയും   ചെയ്യണം.
 

Latest News