Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്‌നേഹ മധുരങ്ങളുടെ രുചിക്കൂട്ട്

കേക്ക് നിർമാണത്തിലെ പുതിയ പരീക്ഷണങ്ങളുമായി മലയാളി വീട്ടമ്മ. ഖത്തറിലെ ദീർഘകാല പ്രവാസിയായ അബ്ദുൽ റസാഖ് - റാഹില ദമ്പതികളുടെ സീമന്ത പുത്രിയായായ തൃശൂർ ജില്ലയിലെ ഒരുമനയൂർ സ്വദേശിനി റാഷിദ എ.വിയാണ് പ്രവാസ ലോകത്ത് തനിക്ക് ലഭിച്ച ഒഴിവ് സമയം പ്രയോജനപ്പെടുത്തി കേക്ക് നിർമാണം പഠിച്ച് പ്രൊഫഷനൽ നിലവാരത്തിലുള്ള കേക്കുകളുമായി സ്വദേശികളുടേയും വിദേശികളുടേയും രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തി ശ്രദ്ധേയയാകുന്നത്. ഇന്ന് ഹോം മെയിഡ് കേക്കുകളിൽ റാഷീസ് കേക്കിന് ഖത്തറിൽ നല്ല പേരുണ്ട്.


പെരുമ്പിലാവ് അൻസാർ ഇംഗ്ളീഷ് സ്‌കൂളിലും കോളേജിലുമായിരുന്നു റാഷിദയുടെ പഠനം. ബിരുദാനന്തരം വിവാഹം നടന്നു. ജോലിക്ക് പോകുന്നതിനെക്കുറിച്ചൊന്നും ആലോചിക്കാൻ പറ്റിയ സാഹചര്യമുണ്ടായില്ല. അധികം താമസിയാതെ പ്രിയതമനുമൊത്ത് ഖത്തറിൽ പ്രവാസിയായി. കുട്ടികളൊക്കെ വളർന്നു വലുതായതോടെ വീട്ടിൽ കുറെ സമയം ലഭിച്ചപ്പോഴാണ് ക്രിയാത്മകമായ എന്തെങ്കിലും ചെയ്യുന്നത് സംബന്ധിച്ച് ചിന്തിച്ചത്. സ്വയം തൊഴിലിന്റെ പുതിയ രൂപഭാവങ്ങളോടെ വീട്ടിലെ ഭക്ഷണമെന്നത് നാട്ടിലും പ്രവാസ ലോകത്തും പ്രചാരം നേടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ചിന്തിക്കുന്നത്. കേക്കുകളോട് റാഷിദക്ക് നേരത്തെ തന്നെ കമ്പമുണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ അവസരമുണ്ടായില്ല. അങ്ങനെയിരിക്കേയാണ് ഒരു വെക്കേഷന് നാട്ടിൽ പോയ സമയത്ത് ഗുരുവായൂരിലെ റിബിന്റെ ക്ളാസിൽ പങ്കെടുക്കാനും കേക്ക് നിർമാണത്തിന്റെ ബാലപാഠങ്ങൾ സ്വന്തമാക്കാനും അവസരം ലഭിച്ചത്. നൂതനങ്ങളായ സാങ്കേതിക സംവിധാനങ്ങളുള്ള ഓവണുകളും മറ്റു സൗകര്യങ്ങളുമൊക്കെ അത്യാവശ്യമായതിനാൽ പെട്ടെന്ന് പ്രായോഗിക രംഗത്തേക്ക് വരാൻ കഴിഞ്ഞില്ല. എങ്കിലും കേക്കിനോടുള്ള കമ്പം മനസ്സിൽ സജീവമായി തന്നെ നിലനിന്നു. ആയിടക്കാണ് ഒരു സെക്കന്റ് ഹാന്റ് ഓവൺ ലഭിച്ചത്. ആ ഓവണിൽ പല പുതിയ പരീക്ഷണങ്ങളും നടത്തി വിജയിച്ചതോടെ ആത്മവിശ്വാസം വർധിക്കുകയും കേക്ക് നിർമിക്കാൻ പറ്റിയ ഒരു ഓവൺ സ്വന്തമായി വാങ്ങുകയും ചെയ്തു. 
കേക്ക് നിർമാണം വിജയിച്ചതോടെ സ്വന്തം പരീക്ഷിച്ചറിഞ്ഞ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനും റാഷിദ സമയം കണ്ടെത്തി. കേക്ക് നിർമാണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച ക്ളാസുകൾ തുടങ്ങിയതോടെ സമൂഹത്തിൽ അറിയപ്പെടാൻ തുടങ്ങി. ഈ രംഗത്ത് തനിക്ക് പലതും ചെയ്യാനാകുമെന്ന് തിരിച്ചറിഞ്ഞ റാഷിദ കൂടുതൽ പഠിക്കണമെന്ന് തീരുമാനിക്കുകയും കേക്ക് നിർമാണത്തിലും ഡെക്കറേഷനിലും ശ്രദ്ധേയരായ വിൽട്ടൺ സെന്ററിൽ നിന്നും രണ്ട് കോഴ്സുകൾ പൂർത്തിയാക്കി.  ഫസീല ശമീർ, ഷാമില യൂസുഫ് എന്നിവരിൽ നിന്നും പുതിയ പല കാര്യങ്ങളും പഠിച്ചു മനസ്സിലാക്കി. പാചക രംഗത്ത് ശ്രദ്ധേയരായ മലയാളി വീട്ടമ്മമാരുടെ മേൽനോട്ടത്തിലുള്ള മലബാർ അടുക്കളയുമായുള്ള സഹവാസം കൂടുതൽ പ്രായോഗിക വിവരങ്ങൾ മനസ്സിലാക്കുവാൻ സഹായകമായി. 
കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി റാഷിദ കേക്ക് നിർമാണത്തിൽ സജീവമാണ്. ഹോം മെയിഡ് കേക്കുകൾക്ക് അനുദിനം ഡിമാന്റ് വർധിക്കുകയാണെന്നാണ് റാഷിദയുടെ അനുഭവം. കൃത്രിമമായ ചേരുവകളില്ലാത്തതിനാലും ഫ്രഷായി ഓർഡർ അനുസരിച്ച് മാത്രം തയാറാക്കുന്നതിനാലും കുറെ ദിവസം കേടാവാതെ സൂക്ഷിക്കാമെന്നതും കൂടുതൽ രുചികരമാകുമെന്നതുമാകാം ഹോം മെയിഡ് കേക്കുകളെ കൂടുതൽ ജനകീയമാക്കുന്നത് എന്നാണ് റാഷിദ കരുതുന്നത്. 


ഓരോരുത്തർക്കും അവർക്കാവശ്യമുള്ള തീമുകളിൽ കേക്ക് നിർമിക്കാമെന്നതും ഹോം മെയിഡ് കേക്കുകളുടെ പ്രത്യേകതയാണ്. ഓരോരുത്തരും ആവശ്യപ്പെടുന്ന അലങ്കാരങ്ങളോടെയൊണ് കേക്കുകൾ തയാറാക്കുന്നത്. കേക്ക് ഡെക്കറേഷൻ ഏറെ പ്രധാനമാണ്. വ്യത്യസ്ത അവസരങ്ങൾക്കനുസരിച്ച് ഡെക്കറേഷനുകൾ ആഘോഷത്തിന്റെ മാറ്റു കൂട്ടും. ജന്മദിനത്തിനും വിവാഹ വാർഷികത്തിനും വിജയാഘോഷത്തിനുമൊക്കെ അത്യാകർഷകങ്ങളായ ഡെക്കറേഷനുകളിൽ കേക്കുകളെ അണിയിച്ചൊരുക്കിയാണ് റാഷിദ കേക്ക് നിർമാണരംഗത്തെ തന്റെ വൈദഗ്ധ്യം തെളിയിക്കുന്നത്. കലയും കരവിരുതും ഭാവനയും സമ്മേളിക്കുമ്പോൾ അതിമനോഹരമായ രൂപഭാവങ്ങളിലുള്ള കേക്കുകൾ രൂപപ്പെടുകയാണ്.
കങ്കാരുവിന്റേയും അരയന്നത്തിന്റേയും മയിലിന്റേയും ബാർബി ഡോളിന്റേയുമൊക്കെ രൂപങ്ങളിൽ റാഷിദ അണിയിച്ചൊരുക്കിയ കേക്കുകൾ ഏതൊരാളിലും കൗതുകമുണർത്തും. രുചിമുകുളങ്ങളേയും സൗന്ദര്യ സങ്കൽപങ്ങളേയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന നൂതന പരീക്ഷണങ്ങളിലൂടെ ഹോം മെയിഡ് കേക്കുകളും പലഹാരങ്ങളും നിർമിക്കുന്ന വീട്ടമ്മമാരുടെയിടയിൽ റാഷിദ വേറിട്ട മാതൃകയാവുകയാണ്. നിത്യവും പുതിയ തരം കേക്കുകൾ നിർമിച്ചും പരീക്ഷിച്ചും നേടുന്ന അറിവുകൾ പങ്കുവെക്കുവാനും റാഷിദ സമയം കണ്ടെത്തുവെന്നത് പ്രത്യേക പരാമർശമർഹിക്കുന്നു. 
നിരവധി പേരാണ് ഇതിനകം റാഷിദയിൽ ർനിന്നും കേക്ക് നിർമാണം പഠിച്ചത്. കോവിഡ് സാഹചര്യം പരിഗണിച്ച് ക്ളാസുകൾ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണെങ്കിലും വിവിധ തരം കേക്കുകൾക്കുള്ള ഓർഡറുകൾ കൂടിവരികയാണെന്ന് റാഷിദ പറഞ്ഞു.
ബട്ടർസ്‌കോച്ച് കേക്ക്, ഗ്രാവിറ്റി കേക്ക്, ചോക്ളേറ്റ് കേക്ക്, പിസ്താഷിയോ കേക്ക്, ഫെറാറോ റോഷർ കേക്ക്, പൈനാപ്പിൾ, മാങ്കോ, ചീസ് തുടങ്ങി നിരവധി ഇനങ്ങളിലും രുചികളിലുമുള്ള കേക്കുകളാണ് റാഷിദ അധികമായും നിർമിക്കുന്നത്.
കേക്ക് നിർമാണം പൊടിപൊടിക്കുന്നതിനിടയിലും ഖത്തറിൽ നടക്കുന്ന പല മൽസരങ്ങളിലും റാഷിദ തന്റെ മികവ് തെളിയിച്ച് സമ്മാനങ്ങൾ വാരിക്കൂട്ടാറുണ്ട്. ഏറ്റവും മികച്ച കേക്ക് നിർമാണത്തിനുള്ള സമ്മാനം സ്വന്തമാക്കിയതോടെ റാഷിദയുടെ കരവിരുതും വിദ്യകളും നിരവധി പേരെ ആകർഷിക്കാൻ തുടങ്ങി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ സജീവയായ റാഷിദ തന്റെ അനുഭവങ്ങളും പരീക്ഷണങ്ങളും പങ്കുവെച്ചും ശ്രദ്ധേയയാണ്. കേക്ക് നിർമാണവുമായി ബന്ധപ്പെട്ട് സ്വന്തമായൊരു യു ട്യൂബ് ചാനൽ തുടങ്ങിയെങ്കിലും കേക്കുകൾക്ക് ഓർഡർ കൂടിയപ്പോൾ തുടരാനായില്ല. കൂടുതലായും ഇൻസ്റ്റഗ്രാമിലാണ് കേക്കുകളുടെ ഡെക്കറേഷനും ഫോട്ടോകളുമൊക്കെ പങ്കുവെക്കാറുള്ളത്.


ഓൺ ലൈൻ ഓർഡറുകളും ഹോം ഡെലിവറി സൗകര്യവുമൊക്കെ റാഷീസ് കേക്കിനെ ജനക്കീയമാക്കിയപ്പോഴും മൗത്ത് പബ്ളിസിറ്റി തന്നെയാണ് റാഷിദയുടെ ഏറ്റവും വലിയ കരുത്ത്. ഗുണത്തിലും രുചിയിലും യാതൊരു വിട്ടുവീഴ്ചയില്ലാതെ ഉന്നത ഗുണനിലവാരത്തിലും മികച്ച പാക്കിംഗിലുമാണ് റാഷീസ് കേക്ക് ജനങ്ങളിലെത്തുന്നത്.
നാട്ടിലായാലും പ്രവാസ ലോകത്തായാലും വീടകങ്ങളിലെ പാസീവ് വിനോദങ്ങളിൽ ബന്ധിതരാവാതെ ക്രിയാത്മക മേഖലകളിൽ വ്യാപരിക്കുകയും ഓരോരുത്തരും അവരവരുടെ കഴിവിനും താൽപര്യത്തിനുമനുസരിച്ച പ്രവൃത്തികൾ തെരഞ്ഞെടുക്കുകയയും ചെയ്യുമ്പോൾ സ്വയം തൊഴിലിന്റെ സായൂജ്യത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ട പാതയൊരുങ്ങുന്നത് സമൂഹത്തിന്റെ വളർച്ചാവികാസത്തിന് ആക്കം കൂട്ടുമെന്നാണ് റാഷിദ കരുതുന്നത്. ഖത്തറിൽ ഗ്രാഫിക് ഡിസൈനറായ അബ്ദുൽ ഖാദറാണ് റാഷിദയുടെ ഭർത്താവ്. ഖത്തറിലെ കോളേജ് ഓഫ് നോർത്ത് അതിലാന്റിക് സോഫ്റ്റ് വെയറിൽ ബിരുദത്തിന് പഠിക്കുന്ന ആമിർ, എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളായ ആയിദ, അഫ്നാൻ എന്നിവരാണ് മക്കൾ. 
സ്‌കൂൾ കോളേജ് കാലത്ത് നല്ല പാട്ടുകാരിയായിരുന്ന റാഷിദ ഇപ്പോൾ കേക്കുകളുടെ ലോകത്താണ് സ്വന്തമായ ഇടം കണ്ടെത്തുന്നത്. 00974 -33175175 എന്ന നമ്പറിൽ റാഷിദയുമായി ബന്ധപ്പെടാം. റാഷിദയുടെ കേക്കുകളുടെ ഫോട്ടോകളും വീഡിയോകളുംhttps://www.instagram.com/rashicakes.qa/
Rashi._.cakes (@rashicakes.qa) on Instagram • 499 photos and videos

Latest News