1950
ബ്രസീൽ, 24 ജൂൺ-16 ജൂലൈ, 1950
രണ്ടാം ലോക യുദ്ധം കാരണം ഒരു വ്യാഴവട്ടത്തോളം മുടങ്ങിയ ശേഷമാണ് ലോകകപ്പ് 1950 ൽ പുനരാരംഭിച്ചത്. ലോക മഹായുദ്ധത്തിൽ യൂറോപ്പ് ഛിന്നഭിന്നമായിരുന്നു. യുദ്ധത്തിൽ പരാജയപ്പെട്ട ജർമനിയെയും ജപ്പാനെയും യോഗ്യതാ റൗണ്ടിൽ പോലും പങ്കെടുക്കുന്നതിൽനിന്ന് വിലക്കി. എന്നാൽ 1934 മുതൽ ലോക ചാമ്പ്യന്മാരായ ഇറ്റലി പങ്കെടുത്തു. 1942 ലെ ലോകകപ്പ് നടത്താൻ മുന്നോട്ടുവന്നിരുന്ന ബ്രസീലിനാണ് ഇത്തവണ വേദി അനുവദിച്ചത്. യൂൾറിമെ കപ്പ് എന്ന് ലോകകപ്പിന് പേരിട്ടു.
സംഭവബഹുലമായിരുന്നു ബ്രസീലിലെ ആദ്യ ലോകകപ്പ്. എക്കാലത്തെയും വലിയ സ്റ്റേഡിയം റിയോഡിജനീറോയിലെ മാരക്കാനയിൽ നിർമിച്ച് ബ്രസീൽ ലോകകപ്പിന് ഒരുങ്ങി. നാലു വർഷം മുമ്പ് ഫിഫയിൽ അംഗമായ ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പിൽ പങ്കെടുത്തു. എന്നാൽ 1938 ലെ ഫൈനലിസ്റ്റ് ഹംഗറിയും 1934 ലെ ഫൈനലിസ്റ്റ് ചെക്കൊസ്ലൊവാക്യയും അർജന്റീനയും ഫ്രാൻസുമുൾപ്പെടെ നിരവധി ടീമുകൾ മടിച്ചുനിന്നു. ഏഷ്യയെ പ്രതിനിധീകരിക്കാൻ അവസരം കിട്ടിയ ഇന്തോനേഷ്യയും ഫിലിപ്പൈൻസും ബർമയും പിന്മാറിയതിനാൽ ഇന്ത്യക്ക് ലോകകപ്പിൽ പങ്കെടുക്കാൻ ആദ്യമായും അവസാനമായും സാധ്യത തെളിഞ്ഞു. ചാമ്പ്യന്മാരായ ഇറ്റലിയും പാരഗ്വായ്‌യും സ്വീഡനുമുൾപ്പെട്ട ഗ്രൂപ്പ് മൂന്നിൽ ഇന്ത്യ കളിക്കേണ്ടതായിരുന്നു. എന്നാൽ പല കാരണങ്ങളാൽ ഇന്ത്യ പിന്മാറി.
വിചിത്രമായ രീതിയിലാണ് ആ ടൂർണമെന്റ് നടത്തിയത്. പങ്കെടുത്ത 13 ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചു. രണ്ടു ഗ്രൂപ്പുകളിൽ നാലു ടീമുകൾ വീതവും ഒന്നിൽ മൂന്നും നാലാമത്തേതിൽ രണ്ടും ടീമുകളായിരുന്നു. ടൂർണമെന്റിന് ഫൈനൽ ഉണ്ടായിരുന്നില്ല. നാലു ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാർ പങ്കെടുത്ത രണ്ടാം റൗണ്ടിൽ കൂടുതൽ പോയന്റ് കിട്ടുന്ന ടീമായിരുന്നു ചാമ്പ്യന്മാർ. നിരവധി സ്റ്റേഡിയങ്ങൾ ലോകകപ്പിനായി പണിത ബ്രസീൽ കൂടുതൽ മത്സരങ്ങൾ നടത്തി പരമാവധി പണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. മുൻ ലോകകപ്പിലെ പോലെ നോക്കൗട്ട് റൗണ്ടിൽ ടൂർണമെന്റ് നടത്തിയാൽ കുറച്ചു മത്സരങ്ങളേ സാധ്യമാവുമായിരുന്നുള്ളൂ.
ആതിഥേയർ: ബ്രസീൽ,
ചാമ്പ്യന്മാർ: ഉറുഗ്വായ്
ടീമുകൾ: 13, കളികൾ 22
യോഗ്യതാ റൗണ്ടിൽ കളിച്ച
ടീമുകൾ: 34
പ്രധാന അസാന്നിധ്യം:
ഫ്രാൻസ്, ജർമനി, ഹംഗറി
അപ്രതീക്ഷിതമായി യോഗ്യത
നേടിയ ടീം: ബൊളീവിയ
ടോപ്‌സ്‌കോറർ; അഡെമിർ
(ബ്രസീൽ -9)
കണക്ക്: ആകെ 88 ഗോൾ
(ശരാശരി -4),
കൂടുതൽ ഗോൾ -ബ്രസീൽ (22)
മത്സരക്രമം: നാലു ഗ്രൂപ്പുകൾ, ഗ്രൂപ്പിലെ വിജയികൾ നാലും റൗണ്ട് റോബിൻ ലീഗടിസ്ഥാനത്തിൽ അവസാന റൗണ്ടിൽ. കൂടുതൽ പോയന്റ് കിട്ടുന്ന ടീം ചാമ്പ്യന്മാർ. എന്നാൽ ചില രാജ്യങ്ങൾ പിന്മാറിയതോടെ രണ്ട് ഗ്രൂപ്പുകളിലേ നാലു ടീമുകളുണ്ടായുള്ളൂ, ഒന്നിൽ മൂന്നും ഒന്നിൽ രണ്ടും ടീമുകളായിച്ചുരുങ്ങി.
ബ്രസീലും ഉറുഗ്വായ്‌യും തമ്മിലായിരുന്നു അവസാന മത്സരം. കിരീടം നേടാൻ ബ്രസീലിന് സമനില മതിയായിരുന്നു. ആതിഥേയർ ചാമ്പ്യന്മാരാവുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. രണ്ടു ലക്ഷത്തോളം പേർ മാരക്കാനയിൽ തടിച്ചുകൂടി. നാളെ ഉറുഗ്വായ്‌യെ തോൽപിച്ച് ബ്രസീൽ ചാമ്പ്യന്മാരാവുമെന്ന് ഒരു പത്രം പ്രഖ്യാപിച്ചു. ഏതാനും മണിക്കൂറുകൾക്കകം ചാമ്പ്യന്മാരാവാൻ പോവുന്ന ടീം എന്നാണ് കിക്കോഫിന് മുമ്പ് ബ്രസീലിനെ റിയൊ മേയർ പരിചയപ്പെടുത്തിയത്. പ്രതീക്ഷിച്ചതു പോലെ നാൽപത്തേഴാം മിനിറ്റിൽ ഫ്രയാക്കയിലൂടെ ബ്രസീൽ മുന്നിലെത്തി. അറുപത്താറാം മിനിറ്റിൽ ഉറുഗ്വായ് തിരിച്ചടിച്ചു. യുവാൻ ഷിയാഫിനോയിലൂടെ അവർ ഗോൾ മടക്കി. കളി തീരാൻ 11 മിനിറ്റ് ശേഷിക്കെ ആൽസിഡെസ് ജീജിയ ഉറുഗ്വായ്‌യുടെ വിജയ ഗോളടിച്ചപ്പോൾ മാരക്കാന ഒന്നടങ്കം ഞെട്ടിത്തരിച്ചു. രണ്ടാം തവണ ലോകകപ്പിൽ പങ്കെടുത്ത ഉറുഗ്വായ് രണ്ടാം തവണ ലോക ചാമ്പ്യന്മാരായി എന്നതിനെക്കാൾ ബ്രസീലുകാരുടെ അടക്കാനാവാത്ത ദുഃഖമായിരുന്നു ആ കലാശപ്പോരാട്ടത്തിന് ചരിത്രത്തിൽ സ്ഥാനം നൽകിയത്.
16 വർഷത്തോളം ലോക ചാമ്പ്യന്മാരെന്ന പദവി വഹിക്കുകയായിരുന്ന ഇറ്റലിക്ക് ലാറ്റിനമേരിക്കയിലെ പരീക്ഷണം വിജയമായിരുന്നില്ല. 1948 ലെ ഒളിംപിക് ചാമ്പ്യന്മാരായ സ്വീഡനോട് 2-3 ന് തോറ്റ് അവർ പുറത്തായി. മുൻ വർഷം നടന്ന വിമാനാപകടത്തിൽ നിരവധി കളിക്കാർ കൊല്ലപ്പെട്ടത് ഇറ്റാലിയൻ ടീമിനെ ദുർബലമാക്കിയിരുന്നു. തങ്ങളുടെ രണ്ടു മത്സരങ്ങൾ 3000 കി.മീ അകലങ്ങളിലുള്ള വേദികളിൽ നടത്തുന്നതിൽ പ്രതിഷേധിച്ച് ഫ്രാൻസ് പിന്മാറി.
ഇംഗ്ലണ്ട് ആദ്യമായി പങ്കെടുത്തു. ബ്രിട്ടിഷ് ചാമ്പ്യൻഷിപ്പാണ് ഇംഗ്ലണ്ട്, സ്‌കോട്‌ലന്റ്, വെയ്ൽസ്, അയർലന്റ് ടീമുകളുടെ യോഗ്യതാ റൗണ്ടായി മാറിയത്. ആദ്യ റൗണ്ടിലെ ഏറ്റവും അമ്പരപ്പിച്ച ജയം അമേരിക്കയുടേതായിരുന്നു. എക്കാലത്തെയും മികച്ച അട്ടിമറികളിലൊന്നിൽ അവർ 1-0 ന് ഇംഗ്ലണ്ടിനെ വകവരുത്തി. ടെലിപ്രിന്ററിൽ ഫലം വായിച്ച ഇംഗ്ലണ്ടിലെ പത്രങ്ങൾ 10 തെറ്റി 0 എന്ന് പ്രിന്റ് ചെയ്തതാവാമെന്നു കരുതി 10-1 ന് ഇംഗ്ലണ്ട് ജയിച്ചതായി വാർത്ത രചിച്ചു. സ്‌പെയിനിനോടും ഇംഗ്ലണ്ട് തോറ്റു. ഫുട്‌ബോൾ കളിയുടെ ഉപജ്ഞാതാക്കളെന്ന ബ്രിട്ടിഷ് വമ്പുമായി വന്ന ടീം ഒരാഴ്ചക്കകം മടങ്ങി. ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലും സ്‌പെയിനും സ്വീഡനും ഉറുഗ്വായ്‌യുമാണ് അവസാന റൗണ്ടിലെത്തിയത്.
അറിയാമോ? അമേരിക്കയോട് നാണംകെട്ട തോൽവി വാങ്ങിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന ആൽഫ്രെഡ് റാംസെയുടെ പരിശീലനത്തിലാണ് 1966 ൽ ഇംഗ്ലണ്ട് ആദ്യമായും അവസാനമായും ലോകകപ്പ് ചാമ്പ്യന്മാരായത്.
ജയറും സിസിഞ്ഞോയും അഡെമിറുമുൾപ്പെട്ട ബ്രസീൽ ടീം എതിരാളികളെ പിച്ചിച്ചീന്തി. മെക്‌സിക്കോയെ 4-0 ന് തകർത്താണ് ബ്രസീൽ തുടങ്ങിയത്. എന്നാൽ സ്വിറ്റ്‌സർലാന്റുമായി 2-2 സമനില പാലിച്ചതോടെ അവസാന മത്സരത്തിൽ യൂഗോസ്ലാവ്യയെ തോൽപിക്കണമായിരുന്നു ബ്രസീലിന് ഫൈനൽ റൗണ്ടിലെത്താൻ. ബ്രസീലിനെതിരായ മത്സരത്തിന് ഇറങ്ങവെ യൂഗോസ്ലാവ്യയുടെ റായ്‌കൊ മിറ്റിച്ചിന് ഇരുമ്പു വേലിയിൽ തട്ടി ഗുരുതരമായി മുറിവേറ്റെങ്കിലും റഫറി കളി വൈകിക്കാൻ വിസമ്മതിച്ചു. പത്തു പേരുമായാണ് യുഗോസ്ലാവ്യ കളി തുടങ്ങിയത്. മിറ്റിച് ചികിത്സ തേടവെ ബ്രസീലിന് അഡെമിർ ലീഡ് നൽകി. സിസിഞ്ഞൊ വിജയം ഉറപ്പാക്കി. അവസാന റൗണ്ടിൽ ബ്രസീൽ ഉജ്വല ഫോമിലായിരുന്നു. അഡെമിറിന്റെ നാലു ഗോളിൽ സ്വീഡനെ 7-1 ന് തകർത്ത അവർ സ്‌പെയിനിനെ 6-1 ന് തുരത്തി.
അതേസമയം ഉറുഗ്വായ് പരീക്ഷണങ്ങൾ അതിജീവിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ബൊളീവിയയെ 8-0 ന് തകർത്ത് ഫൈനൽ റൗണ്ടിലെത്തിയെങ്കിലും സ്വീഡനും സ്‌പെയിനും അവർക്ക് കനത്ത വെല്ലുവിളി സമ്മാനിച്ചു. ഇടവേളയിൽ പിന്നിലായ ശേഷം സ്വീഡനെ 2-2 ന് തളച്ചു. സ്‌പെയിനിനെ രണ്ടാം പകുതിയിലെ ഗോളിൽ 3-2 ന് തോൽപിച്ചു. കിരീടം നേടാൻ ഉറുഗ്വായ്ക്ക് ജയം തന്നെ വേണമായിരുന്നു, ബ്രസീലിനാവട്ടെ സമനില മതി.
ശരാശരി 61,000 പേരാണ് ബ്രസീൽ ലോകകപ്പിലെ ഓരോ കളിയും കണ്ടത്. 1994 വരെ ഈ റെക്കോർഡ് നിലനിന്നു. മാരക്കാനാ സ്‌റ്റേഡിയത്തിന്റെ വലുപ്പവും ആ റെക്കോർഡിന് കാരണമായിരുന്നു. മാരക്കാനായിലെ മത്സരങ്ങൾ മാറ്റിനിർത്തിയാലും ശരാശരി 37,500 പേർ വീതം കളി കണ്ടു.
ലോക യുദ്ധത്തിനു മുമ്പ് ലോകകപ്പിൽ കളിച്ച രണ്ടു പേർ മാത്രമാണ് യുദ്ധത്തിനു ശേഷമുള്ള ഈ ലോകകപ്പിൽ മുഖം കാണിച്ചുള്ളൂ. സ്വീഡന്റെ എറിക് നീൽസനും സ്വിറ്റ്‌സർലന്റിന്റെ ആൽഫ്രഡ് ബിക്കലും. ഫിഫ പ്രസിഡന്റിനോടുള്ള ബഹുമാനാർഥം ലോകകപ്പിന് യൂൾറിമെ ട്രോഫി എന്ന് നാമകരണം ചെയ്തു. 1940 ൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ ബാങ്ക് ഓഫ് റോമിൽനിന്ന് ട്രോഫി തട്ടിയെടുത്ത ഇറ്റാലിയൻ സ്‌പോർട്‌സ് ഒഫീഷ്യൽ ഡോ. ഒട്ടോറിനൊ ബരാസി പത്തു വർഷത്തോളം അത് തന്റെ കിടക്കക്കടിയിൽ സൂക്ഷിച്ചു.






