ദീദിയർ ദ്രോഗ്ബയുടെ രണ്ടു പതിറ്റാണ്ട് നീണ്ട സംഭവബഹുലമായ കരിയർ അന്ത്യത്തോടടുക്കുകയാണ്. ആറു രാജ്യങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ കരിയറിനൊടുവിൽ കൈ നിറയെ കപ്പുകളുമായി ബൂട്ടഴിക്കുമ്പോഴും ദ്രോഗ്ബ ഹാപ്പിയാണ്. ജീവകാരുണ്യപ്രവർത്തനത്തിന്റെ പുതിയ ദൗത്യമേറ്റെടുക്കുകയാണ് മുപ്പത്തൊമ്പതുകാരൻ. ജന്മനാടായ ഐവറികോസ്റ്റിൽ സ്‌കൂൾ പദ്ധതി ആരംഭിക്കുന്ന തിരക്കിലാണ് സ്‌ട്രൈക്കർ. ദീദിയർ ദ്രോഗ്ബയും സാമുവേൽ എറ്റോയും യായ ടൂറെയുമൊക്കെയാവാൻ ശ്രമിക്കുന്ന കുട്ടികളോട് ആദ്യം പഠിക്കൂ എന്നാണ് താൻ പറയാറെന്ന് ദ്രോഗ്ബ പറഞ്ഞു.
ഏഴു വർഷം മുമ്പാണ് ദ്രോഗ്ബ ജീവകാരുണ്യ രംഗത്ത് സജീവമായത്. തെക്കുപടിഞ്ഞാറൻ ഐവറികോസ്റ്റിലെ ഗുയ്ബറൂ പ്രവിശ്യയിലെ ദരിദ്രമായ പ്രദേശത്താണ് ദ്രോഗ്ബ സ്‌കൂൾ നിർമിക്കുന്നത്. കൊക്കോ ഉൽപാദന മേഖലയാണ് ഇത്. ലോകത്തിൽ ഏറ്റവുമധികം കൊക്കൊ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഐവറികോസ്റ്റ്. മൂന്നു ലക്ഷത്തിനും പത്തു ലക്ഷത്തിനുമിടയിൽ കുട്ടികൾ ഈ മേഖലയിൽ പണിയെടുക്കുന്നുണ്ട്. ആറ് ക്ലാസ് മുറികളും കാന്റീനും അധ്യാപകർക്കായി മൂന്നു വീടുകളുമുള്ളതാണ് ദ്രോഗ്ബയുടെ സ്‌കൂൾ. ഒരു ഫുട്‌ബോൾ ഗ്രൗണ്ട് ഉണ്ടെന്ന കാര്യം എടുത്തു പറയേണ്ടതില്ല. ഇതുവരെ മരത്തടികളാൽ നിർമിച്ച ഒരു കൊച്ചു സ്‌കൂൾ മാത്രമാണ് ഈ പ്രദേശത്തുണ്ടായിരുന്നത്.
ഫുട്‌ബോൾ കരിയർ ദ്രോഗ്ബയെ ഫ്രാൻസിലും ഇംഗ്ലണ്ടിലും ചൈനയിലും തുർക്കിയിലും കാനഡയിലും അമേരിക്കയിലുമൊക്കെ എത്തിച്ചു. അമേരിക്കൻ ലീഗിൽ ഒരു ക്ലബ്ബിന്റെ ഉടമ കൂടിയാണ് ഇപ്പോൾ. ചെൽസിയിലൂടെയാണ് ദ്രോഗ്ബ പ്രിയങ്കരനായത്. ചെൽസിക്കൊപ്പം നാലു തവണ പ്രീമിയർ ലീഗും നാലു തവണ എഫ്.എ കപ്പും 2012 ൽ ചാമ്പ്യൻസ് ലീഗ് കിരീടവും നേടി ദ്രോഗ്ബ. ചാമ്പ്യൻസ് ലീഗ് വിജയം അവിസ്മരണീയമായിരുന്നു. എൺപത്തെട്ടാം മിനിറ്റിൽ ദ്രോഗ്ബയുടെ ഗോളിൽ ചെൽസി സമനില നേടി. ഷൂട്ടൗട്ടിൽ ദ്രോഗ്ബ അവസാന കിക്ക് ലക്ഷ്യത്തിലെത്തിച്ചു. ആ കിക്കോടെ ദ്രോഗ്ബ ചെൽസി കരിയർ അവസാനിപ്പിക്കുകയും ചെയ്തു. രണ്ടു തവണ ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദ ഇയർ ആയി. ഐവറികോസ്റ്റ് ടീമിനൊപ്പം കാര്യമായൊന്നും നേടാനായില്ലെന്നതാണ് ദ്രോഗ്ബയുടെ നിരാശ. രണ്ടു തവണ ദ്രോഗ്ബ ക്യാപ്റ്റനായപ്പോഴും ഐവറികോസ്റ്റ് ആഫ്രിക്കൻ നാഷൻസ് കപ്പിൽ ഫൈനലിൽ തോറ്റു -2006 ലും 2012 ലും. 2006 ലും 2010 ലും 2014 ലും ലോകകപ്പിന് യോഗ്യത നേടിയെങ്കിലും മുന്നോട്ടുപോയില്ല. ഇത്തവണ അവർക്ക് ലോകകപ്പിന് യോഗ്യത നേടാൻ പോലും സാധിച്ചില്ല.
ദ്രോഗ്ബ ആദ്യമായല്ല ഐവറികോസ്റ്റിന്റെ സാമൂഹികപ്രശ്‌നങ്ങളിൽ ഇടപെടുന്നത്. 2005 ഒക്‌ടോബറിൽ ഐവറികോസ്റ്റ് ആദ്യമായി ലോകകപ്പ് യോഗ്യത നേടിയപ്പോൾ കളിക്കാർ ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. മുട്ടിലിരുന്ന് ദ്രോഗ്ബ ആഭ്യന്തര യുദ്ധത്തിലേർപ്പെട്ട വിരുദ്ധവിഭാഗങ്ങളോട് ആയുധം താഴെ വെക്കാനഭ്യർഥിച്ചു. അത് വെടിനിർത്തലിലേക്ക് നയിച്ചു. 2007 ൽ ദ്രോഗ്ബയുടെ അഭ്യർഥനപ്രകാരമാണ് വിമത ശക്തികേന്ദ്രമായ ബുവാകെയിൽ ആഫ്രിക്കൻ നാഷൻസ് കപ്പ് യോഗ്യതാ മത്സരം ടീം കളിച്ചത്. ഐക്യത്തിനുള്ള ശ്രമമായിരുന്നു അത്. 2011 ൽ രാജ്യത്ത് സമാധാനം കൊണ്ടുവരാൻ ശ്രമിക്കുന്ന കമ്മിറ്റിയിൽ ദ്രോഗ്ബ അംഗമായി. എങ്കിലും ലൈബീരിയയിൽ ഫുട്‌ബോളർ ജോർജ് വിയ രാജ്യത്തലവനായതു പോലെ രാഷ്ട്രീയ മോഹങ്ങളൊന്നും തനിക്കില്ലെന്ന് ദ്രോഗ്ബ പറഞ്ഞു.






