Sorry, you need to enable JavaScript to visit this website.

റോബോട്ടുകളിൽ വഴിത്തിരിവ്; പ്രചോദനം മണ്ണിര

കടന്നുചെല്ലാൻ പ്രയാസമുള്ള സ്ഥലങ്ങളിലേക്ക് പുഴു റോബോട്ടുകൾ ഇഴഞ്ഞുനീങ്ങും. ആവശ്യമാണെങ്കിൽ സ്വയം നീളം വെക്കും. രക്ഷാപ്രവർത്തനത്തിനും സഹായകം. 
ചുറ്റുപാടുകൾ അനുഭവിക്കാൻ ശേഷിയുള്ള റോബോട്ട് പുഴക്കളുമായി യു.കെ. എൻജിനീയർമാർ. ഗ്ലാസ്‌ഗോ യൂനിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരും എൻജിനീയർമാരുമാണ് സ്വന്തം ചുറ്റുപാടുകൾ മനസ്സിലാക്കാൻ കഴിയുന്ന റോബോട്ടുകളെ വികസിപ്പിച്ചത്. മണ്ണിരകളുടേയും മറ്റു പുഴുക്കളുടേയും സഞ്ചാരത്തിൽനിന്നാണ് ഇതിനു പ്രചോദനമെന്ന് ഗവേഷകർ പറയുന്നു. ആറാം ഇന്ദ്രിയം പ്രവർത്തിക്കുന്നതിലൂടെ ചുരുങ്ങി ഏറ്റവും ഇറുകിയ സ്ഥലങ്ങളിലേക്ക് പോലും പുഴുക്കൾക്ക് നീങ്ങാൻ കഴിയും. നാലര സെന്റിമീറ്റർ നീളത്തിൽ നിർമിച്ചിരിക്കുന്ന റോബോട്ടുകൾക്ക് ആവശ്യമാണെങ്കിൽ ഒമ്പതിരട്ടിയോളം വ്യാപ്തി കൈവരിക്കാനും കഴിയും. 
പുഴു റോബോട്ടിന്റെ കണ്ടുപിടിത്തം വഴിത്തിരിവാണെന്നും എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിലും സാധ്യതകൾ ആരായാൻ ഇതുവഴി സാധിക്കുമെന്നും ഗവേഷകർ പറഞ്ഞു. ഖനനം, നിർമാണം തുടങ്ങിയ മേഖലകൾക്കുപുറമെ, തകർന്നടിയുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ ജീവനു വേണ്ടിയുള്ള തിരച്ചിൽ എളുപ്പമാക്കാനും പുഴു റോബോട്ടുകൾ സഹായകമാകും. സാധാരണ രൂപത്തിലല്ലാത്ത ഭാരമേറിയ വസ്തുക്കൾ പൊതിഞ്ഞ് ഉയർത്തുന്നതിനും കൂടുതൽ കൃത്രിമ ജീവികളെ വികസിപ്പിക്കുന്നതിനും പുതിയ കണ്ടുപിടിത്തം വഴിതുറക്കും. 
ഗ്ലാസ്‌ഗോ യൂനിവേഴ്‌സിറ്റിയിലെ ബെൻഡബിൾ ഇലക്ട്രോണിക്‌സ് ആന്റ് സെൻസിംഗ് ടെക്‌നോളജീസ് (ബെസ്റ്റ്) ഗ്രൂപ്പ് നേരത്തെ നടത്തിയ കണ്ടുപിടിത്തങ്ങളുടെ തുടർച്ചയാണ് പുതിയ കണ്ടുപിടിത്തം. എല്ലാ പ്രതലങ്ങളിലും ഘടിപ്പിക്കാവുന്ന തരത്തിലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നേരത്തെ വികസിപ്പിച്ചിരുന്നു. ഇതിലൂടെ സ്വായത്തമാക്കിയ വൈദഗ്ധ്യം പുഴുക്കൾക്കു സമാനമായ നാലര സെന്റീമീറ്റർ നീളുമുള്ള റോബോട്ടുകളിൽ ഉപയോഗിക്കാവുന്ന സെൻസറുകൾ കണ്ടെത്താൻ ഉപയോഗിക്കുകയായിരുന്നു. റോബോട്ടുകളുടെ ഇരുഭാഗത്തും ഘടിപ്പിക്കുന്ന സ്ഥിരം കാന്തമാണ് ലോഹപ്രതലങ്ങളിൽ സഞ്ചരിക്കാൻ സഹായിക്കുന്നത്. പുറംകവറിലുള്ള സെൻസറുകൾ ആവശ്യത്തിനനുസരിച്ച് ശരീരം വികസിപ്പിക്കാനുള്ള നിർദേശം നൽകുന്നു. 
ഗ്ലാസ്‌ഗോ യൂനിവേഴ്‌സിറ്റിയിലെ ജെയിംസ് വാട്ട് സ്‌കൂൾ ഓഫ് എൻജിനീയറിംഗിലെ പ്രൊഫ. രവീന്ദർ ഡാഹിയയാണ് ബെസ്റ്റ് ഗ്രൂപ്പിനു നേതൃത്വം നൽകുന്നത്. 
പലജീവികളിലും സുപ്രധാനമാണ് ആറാം ഇന്ദ്രിയമെന്നും ഇത്തരം ജീവികളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് എൻജിനീയറിംഗ് സംവിധാനങ്ങൾ വികസിപ്പിക്കാൻ വിദഗ്ധർ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നുവെന്നും പ്രൊഫ. രവീന്ദർ പറഞ്ഞു. പ്രകൃതിയിലുള്ള മണ്ണിരകൾക്കും മറ്റു പുഴുക്കൾക്കും സമാനമായതും മൃദുവായതുമായ റോബോട്ടുകൾ വികസിപ്പിക്കുന്നതിന് ജൈവപ്രചോദന റോബോട്ടുകൾ പ്രേരണയാകും. കടുത്ത വെല്ലുവിളികൾ നേരിടുന്ന പരിതഃസ്ഥിതിയിലും ഫലപ്രദമായി മുന്നോട്ടു സഞ്ചരിക്കാൻ ഓട്ടോണമസ് റോബോട്ടുകൾക്ക് പുതുതായി വികസിപ്പിച്ച സോഫ്റ്റ് റോബോട്ടുകളിലെ സെൻസറുകളിലൂടെ സാധിക്കുമെന്നും പ്രൊഫ. രവീന്ദർ പറഞ്ഞു. അഡ്വാൻസ്ഡ് ഇന്റലിജന്റ് സിസ്റ്റത്തിലാണ് ജൈവ പ്രചോദിത സോഫ്റ്റ് റോബോട്ടുകളെ കുറിച്ചുള്ള ഗവേഷണം പ്രസിദ്ധീകരിച്ചത്. യൂറോപ്യൻ കമ്മീഷനും എൻജീനിയറിംഗ് ആന്റ് ഫിസിക്കൽ സയൻസസ് റിസേർച്ച് കൗൺസിലും (ഇ.പി.എസ്.ആർ.സി) സാമ്പത്തികമടക്കം ആവശ്യമായ സഹായം നൽകി.  

Latest News