Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ തടവു ശിക്ഷ ലഭിച്ചാല്‍ ഇനി വീട്ടിലിരിക്കാം

കുവൈത്ത് സിറ്റി- മൂന്ന് വര്‍ഷത്തില്‍ താഴെ തടവു ശിക്ഷ ലഭിച്ച കുറ്റവാളികള്‍ക്ക് അവരുടെ വീട്ടില്‍ തന്നെ തടവുശിക്ഷ അനുഭവിക്കാന്‍ സൗകര്യമൊരുക്കുന്ന പുതിയ പദ്ധതി കുവൈത്ത് നടപ്പിലാക്കുന്നു. വീട്ടിലാണെങ്കിലും മുഴുസമയ നിരീക്ഷണത്തിലായിരിക്കും ഈ കുറ്റവാളികള്‍. വീടിന്റെ പരിസരം വിട്ടു പോകാനും പാടില്ല. ചട്ടങ്ങള്‍ ലംഘിച്ചാല്‍ ജയിലിലേക്കു തന്നെ പോകേണ്ടിയും വരും. 

വീട്ടിലേക്ക് അയക്കുന്ന കുറ്റവാളികളെ പ്രത്യേക ട്രാക്കിംഗ് ബ്രെയ്‌സ്‌ലെറ്റ് അണിയിക്കും. ഇത് ശരീരത്തില്‍ നിന്ന് നീക്കാന്‍ പാടില്ല. വീടിന്റെ പരിധിയില്‍ മാത്രമെ നില്‍ക്കൂവെന്നും പുറത്തു പോകില്ലെന്നും കുറ്റവാളി ഉറപ്പുനല്‍കുകയും വേണം. കുറ്റവാളിയുടെ ഫോണ്‍ മുഴുസമവും ഓണ്‍ ആയിരിക്കണം. രോഗം പിടിച്ചാല്‍ ബ്ന്ധപ്പെട്ട കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിച്ച് അനുമതി വാങ്ങണം. തടവുകാര്‍ക്കു മാത്രമായുള്ള ആശുപത്രികളിലേ പോകാവൂ. ശേഷം വീട്ടില്‍ തന്നെ മടങ്ങിയെത്തുകയും വേണം. സ്വന്തം വീട്ടില്‍ തടവില്‍ കഴിയുന്ന കുറ്റവാളിയെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം. 

വീടിന്റെ പരിസരത്ത് മൊബൈല്‍ ജാമിംഗ് ഉപകരണം സ്ഥാപിക്കാന്‍ പാടില്ല. ട്രാക്കിംഗ് ബ്രെയ്‌സ്‌ലെറ്റ്് നീക്കം ചെയ്യാനോ കേടുവരുത്താനോ ശ്രമിച്ചാല്‍ അതിന് വേറെ കേസെടുത്ത് ശിക്ഷ ലഭിക്കും. ജയിലിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോകുകയും ചെയ്യും. വീട്ടില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെങ്കില്‍ ഇതിനായി വീട്ടുകാരുടെ സമ്മതവും പ്രത്യേക അപേക്ഷയും നല്‍കണം. ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ചാണ് അനുമതി നല്‍കുക. ഇതിനായി പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയും ലഭിക്കേണ്ടതുണ്ട്. പുനരധിവാസ ലക്ഷ്യങ്ങള്‍ നേടുന്നതിനും മാനുഷിക പരിഗണന നല്‍കി കുറ്റവാളിയെ നീതിമാനായ വ്യക്തിയായി സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമാണ് ഈ പദ്ധതി. 

Latest News