നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ദല്‍ഹി ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍

ന്യൂദല്‍ഹി- ജമ്മു കശ്മീര്‍ മുന്‍ എം.എല്‍.സിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ തര്‍ലോചന്‍ സിംഗ് വസീറിനെ ദല്‍ഹിയിലെ ഫ് ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ദാരാപുര്‍ പ്രദേശത്തെ ഫ് ളാറ്റിലെ മൂന്നാം നിലയിലായിരുന്നു അഴുകിയ മൃതദേഹം. ദുര്‍ഗന്ധമുണ്ടെന്ന് അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.
ഏതാനും മാസം മുമ്പ് ഹര്‍പ്രീത് സിംഗ് എന്നയാളാണ് ഫ് ളാറ്റ് വാടകക്കെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനായിട്ടില്ല.
സെപ്റ്റംബര്‍ ഒന്നിന് ജമ്മുവില്‍നിന്ന് ദല്‍ഹിയിലെത്തിയ തര്‍ലോചന്‍ സിംഗ് രണ്ട് ദിവസത്തിനുശേഷം കാനഡയിലേക്ക് പോകേണ്ടതായിരുന്നു. വിമാനത്തില്‍ പോകാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് വരികയായിരുന്നു.
വെടിയേറ്റു മരിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം.
കാനഡയിലേക്ക് പുറപ്പെട്ട എം.എല്‍.സി ഫ്രങ്ക്ഫര്‍ട്ടില്‍ ക്വാറന്റൈനിലാണെന്നാണ് ഫ് ളാറ്റ് വാടകക്കെടുത്തിരുന്ന ഹര്‍പ്രീത് സിംഗ് അന്വേഷിച്ച ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഹര്‍പ്രീത് സിംഗ് ഒളിവിലാണെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉര്‍വിജ ഗോയല്‍ പറഞ്ഞു.

 

Latest News