തിരുവനന്തപുരം- മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ മുസ്്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കും മകൻ ആഷിഖിനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന മുൻ മന്ത്രി കെ.ടി ജലീലിന്റെ ആരോപണം ഏറ്റെടുക്കാതെ സി.പി.എം. ഇ.ഡി അന്വേഷണം പാർട്ടി നിലപാടിന് വിരുദ്ധമാണെന്നും ഇ.ഡിയെ ക്ഷണിച്ച ജലീലിന്റെ നടപടി തെറ്റാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ജലീലിനെ അറിയിച്ചു. പ്രതികരണത്തിൽ ജാഗ്രത പുലർത്തണമെന്നും ജലീലിനോട് വിജയരാഘവൻ ആവശ്യപ്പെട്ടു.
ബാങ്ക് വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ് തനിക്കും പറയാനുള്ളതെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ വ്യക്തമാക്കി. ക്രമക്കേട് ഉണ്ടെന്ന് കണ്ടാൽ അത് അന്വേഷിക്കാനും കണ്ടെത്താനും നടപടി എടുക്കാനുള്ള സംവിധാനവും ഇവിടെ ഉണ്ട്. ഇ.ഡി വന്ന് പരിശോധിക്കേണ്ട പ്രശ്നമില്ല. ജലീൽ പറഞ്ഞതിന്റെ ഉള്ളടക്കം അദ്ദേഹത്തോട് തന്നെ ചോദിക്കണം. വ്യക്തിവൈരാഗ്യമുണ്ടെങ്കിൽ അത് തീർക്കാനുള്ള വേദിയായി സർക്കാർ ഒരു കാര്യത്തേയും കാണില്ല. അതിന് നിന്നുകൊടുക്കില്ല. നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. ക്രമക്കേട് നടന്നോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രി വാസവൻ പറഞ്ഞു.






