കൊച്ചി- എം.ബി.ബി.എസ് പാഠ്യപദ്ധതിയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനെയും ലൈംഗിക ന്യുനപക്ഷ വിഭാഗങ്ങളെയും കുറിച്ചുള്ള പഠനങ്ങള്‍ ഉള്‍പ്പെടുത്തണമെന്നു ഹൈക്കോടതി. ഇവരെക്കുറിച്ചുള്ള പഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി കാണേണ്ട വിഷയമാണെന്നും അടിയന്തിര നടപടി സ്വീകരിക്കേണ്ട വിഷയമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അണ്ടര്‍ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ബോര്‍ഡിനോടാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.
വിവിധ വിഭാഗങ്ങളെ സംബന്ധിച്ചു പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടു ദിശയുള്‍പ്പെടെയുള്ള സംഘടനകള്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് കോടതി നിര്‍ദ്ദേശമുണ്ടായത്. നിലവിലുള്ള എം.ബി.ബി.എസ് പാഠ്യപദ്ധതികളും ഉള്ളടക്കങ്ങളും ഹരജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഭിന്നലിംഗക്കാര്‍, സ്വവര്‍ഗാനുരാഗികള്‍ എന്നിവരെക്കുറിച്ചുള്ള പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്നു മാറ്റി നിര്‍ത്തുന്നത് വിവേചനപരവും മനുഷ്യത്വരഹിതവുമാണെന്നും ഹരജിയില്‍ പറയുന്നു. ലൈംഗിക ന്യുനപക്ഷങ്ങളെ കുറിച്ചു പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചു മെഡിക്കല്‍ ബോര്‍ഡിനു നിവേദനം നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നു ഹരജി ഭാഗം ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തീര്‍പ്പാക്കിയത്.






