അങ്ങനെയൊരു കാലം

ഒരാൾ കേരളം കണ്ട മികച്ച അറ്റാക്കർ, അപരൻ കേരളത്തിലെ മികച്ച ഗോൾകീപ്പർ. ഒരാൾ പ്രീമിയർ ടയേഴ്‌സിന്റെ കാവലാൾ. കേരളത്തിലെ ഫുട്‌ബോൾ പ്രേമികൾ ഏറ്റവുമധികം നെഞ്ചിലേറ്റിയ ടീമിന്റെ രക്ഷാകവചം. അപരൻ ടൈറ്റാനിയം ആക്രമണത്തിന്റെ കുന്തമുന. കേരളാ ഫുട്‌ബോളിന്റെ സുവർണകാലഘട്ടത്തിൽ പ്രീമിയർ ടയേഴ്‌സിന് ഏറ്റവുമധികം വെല്ലുവിളി സമ്മാനിച്ച ടീമിന്റെ തുരുപ്പുചീട്ട്. എഴുപതുകളിൽ കേരളത്തിലെ കാൽപന്തു കളിക്കാരെ ത്രസിപ്പിച്ച ഈ രണ്ട് അതികായന്മാർ ജിദ്ദയിൽ കണ്ടുമുട്ടിയപ്പോൾ പങ്കുവെക്കാനുണ്ടായിരുന്നത് കളിക്കളങ്ങളിൽനിന്ന് കളിക്കളങ്ങളിലേക്ക് കളിയും കളിക്കാരും കാണികളും സഞ്ചരിച്ച ഇടതടവില്ലാത്ത കളിയോർമകൾ.
അങ്ങനെയൊരു കാലം.. ഹരം പിടിപ്പിക്കുന്ന ഓരോ ഓർമകൾ അയവിറക്കുമ്പോഴും വിക്ടർ മഞ്ഞില പറഞ്ഞു കൊണ്ടിരുന്നു. അതെ, അതൊരു കാലം തന്നെയായിരുന്നു.. അബ്ദുൽ ഖാദർ നജ്മുദ്ദീൻ ശരി വെച്ചു കൊണ്ടിരുന്നു. ജിദ്ദ ഫൈസലിയ്യയിൽ താമസിക്കുന്ന നജ്മുദ്ദീന്റെ മകൾ ഉണ്ടാക്കിയ രുചികരമായ ഭക്ഷണത്തിന്റെ ഇരു വശത്തുമായി പഴയ ബദ്ധവൈരികൾ, ഇരമ്പിയെത്തിയ ഓർമകൾ ആ ഉച്ചയൂണിന് രുചി വർധിപ്പിച്ചു കൊണ്ടേയിരുന്നു. 
ഓർമയുണ്ടോ ആ സെയ്‌വ്? വിക്ടർ ചോദിച്ചു. ടൈറ്റാനിയത്തിനെതിരായ ആ സെയ്‌വ് കരിയറിലെ ഏറ്റവും മികച്ചതായാണ് വിക്ടർ കരുതുന്നത്. ടൈറ്റാനിയത്തിന്റെ ആക്രമണം സാഹസികമായ ബൈസികിൾ കിക്കിലൂടെ അടിച്ചകറ്റാനാണ് പ്രീമിയർ ടയേഴ്‌സ് താരം പ്രസന്നൻ ശ്രമിച്ചത്. അപ്രതീക്ഷിതമായി പിറകിൽനിന്ന് ഒരു തള്ള്. അടി പിഴച്ചു. പന്ത് നേരെ പ്രീമിയർ ടയേഴ്‌സ് വലയിലേക്ക്. നിമിഷാർധത്തിൽ ഡൈവു ചെയ്ത വിക്ടർ ഒഴിവാക്കിയത് ഉറച്ച ഒരു സെൽഫ് ഗോൾ. 
നജ്മുദ്ദീനെ തടുക്കുക വലിയ വെല്ലുവിളിയായിരുന്നുവെന്ന് വിക്ടർ ഓർമിക്കുന്നു. ഒരു സൗഹൃദ മത്സരത്തിൽ അതിനായി താൻ ഡിഫന്ററുടെ വേഷം കെട്ടിയത് വിക്ടർ ഓർമിച്ചു. നാഗ്ജിയിൽ ട്രാൻസ്‌പോർടിനെതിരെ നേടിയ ഗോളാണ് നജ്മുദ്ദീന്റെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നത്. ക്രോസിനായി ഓടിവന്നപ്പോൾ വേഗം കൂടിപ്പോയി. നിന്നനിൽപിൽ പിന്നോട്ടാഞ്ഞ് ഹെഡർ പരീക്ഷിക്കാൻ ഒരു ശ്രമം നടത്തി. അതു വിജയം കണ്ടെന്ന് മനസ്സിലായത് ഗാലറിയുടെ ഇരമ്പം കേട്ടപ്പോഴാണ്. 
അവരുടെ കളിയോർമകളിലേക്ക് നിരവധി കളിക്കാരാണ് കട്ട് ചെയ്തു കയറിവന്നത്. പ്രശസ്തരാവയർ, വലിയ പ്രതിഭയുമായി വന്ന ശേഷം മങ്ങിപ്പോയവർ, ഒന്നാന്തരം കളിക്കാരാവുമെന്ന് കരുതിയെങ്കിലും അകാലത്തുണ്ടായ പരിക്കിനെത്തുടർന്ന് കളം വിടേണ്ടി വന്നവർ..
അതൊരു കാലമായിരുന്നു.. കളിക്കാർ സഞ്ചരിച്ചു കൊണ്ടേയിരുന്നു അന്ന്. കണ്ണൂരിൽ ശ്രീനാരായണ ട്രോഫിയിൽനിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് ജി.വി. രാജയിൽ അവസാനിക്കുന്ന ടൂർണമെന്റുകൾ. ഒരു ടൂർണമെന്റിൽ ക്വാർട്ടർ കളിക്കുന്ന ടീം അടുത്ത ദിവസം മറ്റൊരു ടൂർണമെന്റിൽ സെമി കളിക്കാനായി പോവും. വഴിയിൽ പിടിച്ചിറക്കി മൂന്നാമതൊരു ടൂർണമെന്റിൽ ലീഗ് റൗണ്ട് കളിക്കും. എവിടെയും നിറഞ്ഞ ഗാലറി. ടീമുകളുടെ സാന്നിധ്യമുറപ്പാക്കാൻ സംഘാടകർ തമ്മിൽ ഒത്തുകളി അന്ന് പതിവായിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി. ചില ടൂർണമെന്റുകളിൽ ചില ടീമുകളെ ബോധപൂർവം തോൽപിക്കും. മറ്റു ചിലതിൽ എത്ര ശ്രമിച്ചാലും റഫറിമാർ ഗോളടിക്കാൻ അനുവദിക്കില്ല. ഇതറിയാതെ കളിക്കാർ രോഷാകുലരാവും. കോയമ്പത്തൂരിൽ ഒരു ടൂർണമെന്റിൽ നാലു തവണ ക്വാർട്ടർ കളിച്ച അനുഭവം വരെയുണ്ടെന്ന് നജ്മുദ്ദീൻ പറയുന്നു. കളിക്കാർക്ക് ഹരം. കാണികൾക്ക് അതിനെക്കാൾ ഹരം. എത്ര തവണ കളിച്ചാലും നിറഞ്ഞ ഗാലറി. എറണാകുളത്തെ ഒരു ടൂർണമെന്റിൽ പുറത്തായ പ്രീമിയർ ടയേഴ്‌സിന് സംഘാടകർ നോക്കൗട്ട് റൗണ്ടിലേക്ക് ബൈ നൽകിയ വിചിത്ര സംഭവം വരെ വിക്ടർ ഓർക്കുന്നു. 
കളിയെഴുത്തുകാരുടെ കാലം കൂടിയായിരുന്നു അത്. വിംസീയെ പോലുള്ളവർ കളിയെ വാക്കുകളിൽ വരച്ചുവെച്ചു. നേരിട്ട് കണ്ടതു വിശ്വസിക്കാതെ ഫുട്‌ബോൾ പ്രേമികൾ അവർ എഴുതിയത് വേദവാക്യമായി സ്വീകരിച്ചു. 1975 ലെ കോഴിക്കോട് സന്തോഷ് ട്രോഫിയിൽ സംഭവിച്ചത് ഉദാഹരണമായി വിക്ടർ ചൂണ്ടിക്കാട്ടി. നജ്മുദ്ദീന്റെ ഹെഡർ ഗോവയുടെ ഇന്ത്യൻ ഗോൾകീപ്പർ ബ്രഹ്മാനന്ദിനെ കീഴടക്കി. കേരളാ ടീമിലെ ചിലരുമായി ഉടക്കിലായിരുന്ന വിംസീ കേരളം ഗോൾ നേടിയത് ബ്രഹ്മാനന്ദിനെ തള്ളിയ ശേഷമാണെന്ന് വാദിച്ചു. ജനം വിംസീയെയാണ് വിശ്വസിച്ചത്. കാണികൾ കേരളത്തിന് എതിരായി. സെമിയിൽ കർണാടകയോട് കേരളം തോറ്റു. താൻ ബ്രഹ്മാനന്ദിനെ സ്പർശിച്ചിട്ടു പോലുമില്ലെന്ന് നജ്മുദ്ദീൻ പറയുന്നു. 
ഒരുപാട് കളിക്കാരാണ് അകാലത്തിൽ പൊലിഞ്ഞുപോയത്. കളിക്കളത്തിലും പുറത്തും മാന്യന്മാരായി അറിയപ്പെട്ട കളിക്കാർ വരെ അച്ചടക്കമില്ലായ്മയിലൂടെ ജീവിതം നശിപ്പിച്ചു. അതിന് അപവാദമാണ് വിക്ടറും നജ്മുദ്ദീനും. ഇന്നും അച്ചടക്കമുള്ള ജീവിതത്തിലൂടെ ഇരുവരും കായികക്ഷമത നിലനിർത്തുന്നു. അത് വലിയ കഠിനാധ്വാനമായിരുന്നുവെന്ന് വിക്ടർ ഓർമിക്കുന്നു. ഉദാഹരണമായി ഒരു സംഭവം മാത്രം നജ്മുദ്ദീൻ ചൂണ്ടിക്കാട്ടി. 1973 ൽ കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ സ്വീകരണങ്ങളുടെ പരമ്പരയായിരുന്നു. ഓരോ സ്വീകരണ സ്ഥലത്തും മദ്യം ഒഴുകുകയായിരുന്നു. കേരളത്തിലെ ഫുട്‌ബോൾ കളിക്കാർക്ക് എന്തും ലഭിച്ചിരുന്ന ആ കാലഘട്ടത്തിൽ ചിട്ട പാലിക്കാനായി എന്നതാണ് ഇരുവരുടെയും വിജയം. 
വിക്ടറും നജ്മുദ്ദീനും തമ്മിലുള്ള സാദൃശ്യം അവിടെ അവസാനിക്കുന്നില്ല. ഫുട്‌ബോൾ കരിയർ മുഴുവൻ ഒരു ക്ലബ്ബിൽ ചെലവിട്ടവരായിരുന്നു ഇരുവരും. പ്രീമിയർ ടയേഴ്‌സ് വിട്ട് വിക്ടർ എങ്ങും പോയില്ല. ചാത്തുണ്ണി കോച്ചായിരിക്കെ മുഹമ്മദൻ സ്‌പോർടിംഗിൽ നിന്നുള്ള ക്ഷണം നിരസിക്കാൻ വയ്യാതിരുന്ന നജ്മുദ്ദീൻ ഒരുപാട് കാലം അദ്ദേഹത്തെ ഒളിച്ചു നടക്കുകയായിരുന്നു. ബാങ്കോക്കിൽനിന്ന് ഒരു ടൂർണമെന്റിൽ ഇന്ത്യക്കു കളിച്ചു മടങ്ങവെ വിക്ടറിനെ കാത്തും മുഹമ്മദൻസ് പ്രതിനിധികൾ ബാംഗ്ലൂരിൽ ഉണ്ടായിരുന്നു. വൻ തുകയുടെ ഓഫർ വിക്ടർ വേണ്ടെന്നു വെച്ചു. ടാറ്റയും മഫത്‌ലാലും നജ്മുദ്ദീനു പിറകെ നടന്നിരുന്നു.
കൊൽക്കത്ത ലോബി ഇന്ത്യൻ ഫുട്‌ബോൾ ഭരിച്ച ആ കാലത്ത് കൊൽക്കത്തയിലേക്കുള്ള ക്ഷണം നിരസിച്ചത് ഇരുവരുടെയും കരിയറിനെ ബാധിച്ചിട്ടുണ്ടാവാം. മികച്ച കളിക്കാരായിട്ടും ഇരുവർക്കും അധികകാലം ഇന്ത്യൻ ടീമിൽ തുടരാനായില്ല. പിന്തിരിഞ്ഞു നോക്കുമ്പോൾ അതിൽ ദുഃഖമുണ്ടോയെന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഇരുവരുടെയും മറുപടി. പണത്തിനു വേണ്ടിയായിരുന്നില്ല തങ്ങൾ കളിച്ചതെന്ന് വിക്ടർ പറയുന്നു. കൊൽക്കത്തയിൽ റിസർവ് ബെഞ്ചിൽ ഇരുന്നു പോയിരുന്നുവെങ്കിൽ തങ്ങളുടെ കരിയർ അകാലത്തിൽ അസ്തമിച്ചു പോയേനേയെന്ന് നജ്മുദ്ദീൻ അഭിപ്രായപ്പെടുന്നു. 
കളിയിൽനിന്ന് വിരമിച്ച ശേഷം വിക്ടറും നജ്മുദ്ദീനും പരിശീലകരുടെ വേഷമിട്ടു. ആ രംഗത്തും ഇരുവരും വിജയം കൈവരിച്ചു. എന്നാൽ കേരളം കണ്ട മികച്ച കോച്ച് സൈമൺ സുന്ദർരാജാണെന്ന കാര്യത്തിൽ ഇരുവർക്കും ഒരേ സ്വരം. ദീർഘവീക്ഷണമുള്ള പരിശീലകനായിരുന്നു അദ്ദേഹമെന്ന് വിക്ടർ പറയുന്നു. അതുവരെ ഇൻസൈഡിൽ കളിച്ചിരുന്ന തന്നെ വേഗം കണ്ടറിഞ്ഞ് റൈറ്റ് എക്‌സ്ട്രീം പൊസിഷനിലേക്ക് മാറ്റിയത് സൈമൺ സാറായിരുന്നുവെന്ന് നജ്മുദ്ദീൻ വെളിപ്പെടുത്തി. എതിർ ഡിഫന്റർമാർക്കനുസരിച്ച് കളിക്കുന്ന രീതിയിൽ മാറ്റം വരുത്താൻ ആദ്യം പഠിപ്പിച്ചത് അദ്ദേഹമായിരുന്നുവെന്ന് നജ്മുദ്ദീൻ പറയുന്നു. 
എന്താണ് ഇരുവർക്കും കേരളം തിരിച്ചുകൊടുത്തത്? ഒരു ജി.വി രാജ അവാർഡ് പോലുമില്ല. പക്ഷെ ജി.വി. രാജ അവാർഡ് നേടിയ എത്ര പേരെ കേരളം ഓർക്കുന്നുണ്ട്. വിക്ടറിനും നജ്മുദ്ദീനും സ്ഥാനം കളിക്കമ്പക്കാരുടെ മനസ്സിലാണ്. കേരളം ഫുട്‌ബോൾ കളിച്ച ആ കാലത്തിന്റെ ഓർമകളിൽ ഇരുവരും ജ്വലിച്ചുനിൽക്കുന്നു. ഒരു അവാർഡിനുമില്ല അതിനെക്കാൾ വലിയ മൂല്യം. 

കേരളത്തിന്റെ 'ബോംബർ'

കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി നേടിയ 1973 ലാണ് നജ്മുദ്ദീൻ പന്തുമായി കളിക്കമ്പക്കാരുടെ മനസ്സിലേക്ക് ഓടിക്കയറിയെത്തുന്നത്. കൊല്ലം തേവള്ളി സ്വദേശി നജ്മുദ്ദീന് അന്ന് പ്രായം 21. ടീമിലെ ബേബി. ആവേശം അണപൊട്ടിയൊഴുകിയ ആ സായാഹ്നത്തിൽ ക്യാപ്റ്റൻ മണിയുടെ ഹാട്രിക്കിൽ രണ്ടെണ്ണത്തിന് പന്ത് പാഞ്ഞത് നജ്മുദ്ദീന്റെ ബൂട്ടിൽനിന്ന്. പ്രതിരോധത്തിന്റെ വൻമതിലിനിടയിലൂടെ ബോക്‌സിലേക്ക് ചടുലമായി നുഴഞ്ഞുകയറിയ നജ്മുദ്ദീൻ ഗാലറിയുടെ ഹരമായിരുന്നു. പിന്നീട് ഒരു പതിറ്റാണ്ട് കാലം ടൈറ്റാനിയം ജഴ്‌സിയിൽ നജ്മുദ്ദീൻ കളിക്കമ്പക്കാരുടെ മനസ്സിൽ ഗോളാരവങ്ങളുടെ അടങ്ങാത്ത ശബ്ദഘോഷം സൃഷ്ടിച്ചു. 
1972 ലെ ജൂനിയർ നാഷനൽസിൽ ബംഗാളിനെതിരായ സെമിയിലെ ഇരട്ട ഗോളിലൂടെയാണ് നജ്മുദ്ദീൻ എന്ന കിടയറ്റ അറ്റാക്കർ ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ കുമ്മായ വര കടന്നത്. ഫൈനലിൽ കർണാടകക്കെതിരെ മറ്റൊരു ഗോൾ കൂടി ആ ബൂട്ടിൽനിന്ന് പിറന്നു. 
ടൈറ്റാനിയത്തിന്റെ പ്രതിനിധികൾ പിറ്റേന്ന് നജ്മുദ്ദീന്റെ വീട്ടിലെത്തി. കൗമാരം കടന്നിട്ടില്ലാത്ത നജ്മുദ്ദീനെ തിരുവനന്തപുരത്തേക്കയക്കാൻ മാതാവിന് മനസ്സുവന്നില്ല. ഇത്ര നല്ല അവസരം കിട്ടില്ലെന്ന അയൽവാസികളുടെയും മറ്റും സ്‌നേഹപൂർണമായ നിർബന്ധത്തിന് വഴങ്ങിയാണ് ഒടുവിൽ അവർ അർധ സമ്മതം മൂളിയത്. ബിരുദ പഠനം പൂർത്തിയാക്കിയിട്ടില്ലാത്ത നജ്മുദ്ദീൻ പാഠപുസ്തകങ്ങളുമായാണ് ടൈറ്റാനിയത്തിലേക്ക് പോയത്. കേരളത്തിന്റെ ഫുട്‌ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിന് അവിടെ തുടക്കമായി. 
19 വർഷം.. ടൈറ്റാനിയം ജഴ്‌സിയിൽ നജ്മുദ്ദീൻ നേടാത്തതായി ഒന്നുമില്ല, ഒരു നാഗ്ജി ട്രോഫി ഒഴികെ. 1973 ൽ സന്തോഷ് ട്രോഫി ടീമിലെത്തി. 1981 വരെ തുടർച്ചയായി ടീമിൽ. 1979 ൽ നായകൻ. 1976 ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ യൂത്ത് ഫുട്‌ബോളിൽ ഇന്ത്യൻ ടീമിലെത്തി. കൊൽക്കത്ത ക്ലബ്ബുകളിൽനിന്ന് കിട്ടിയ ക്ഷണങ്ങൾ തിരസ്‌കരിച്ചില്ലായിരുന്നുവെങ്കിൽ ഒരുപാട് കാലം നജ്മുദ്ദീൻ ഇന്ത്യൻ കുപ്പായമിട്ടേനേ. 
നജ്മുദ്ദീന് മൂന്നു പെൺമക്കൾ. മൂത്ത മകൾ സോഫിയയും ഭർത്താവ് സുനിലുമൊത്ത് ഇപ്പോൾ ജിദ്ദയിൽ താമസം. 


ഗോൾമുഖത്തെ വ്യാളി

1974 ൽ തൃശൂരിൽ ചാക്കോള ട്രോഫി ടൂർണമെന്റിൽ പ്രീമിയർ ടയേഴ്‌സും മുംബൈ മഫത്‌ലാലും തമ്മിൽ പൊരിഞ്ഞ കളി. നിറഞ്ഞ ഗാലറി ആർത്തുവിളിക്കവെ വലതു മൂലയിൽനിന്ന് പൊടുന്നനെയൊരു ക്രോസ്. പന്ത് നിലംതൊടും മുമ്പെ രഞ്ജിത് ഥാപ്പയുടെ ഇടിവെട്ട് ഷോട്ട്. വെടിയുണ്ട പോലെ വന്ന പന്ത് പറന്നുപിടിച്ച വിക്ടർ മഞ്ഞില തെറിച്ചു പുറത്തേക്ക്. പിടഞ്ഞെഴുന്നേൽക്കും മുമ്പ് തൃശൂരിലെ രണ്ടു കച്ചവടക്കാർ ഗ്രൗണ്ടിലേക്ക് പാഞ്ഞുവന്നു. 'ടാ മഞ്ഞിലേ, നീ നിർത്തിക്കോടാ, ഇതിനപ്പുറമെന്താടാ കളി?'. 
സംഭവബഹുലമായ കരിയറിൽ വിക്ടർ മഞ്ഞില ഒരുപാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷെ ഇന്നും ഓർമകളിൽ നിറഞ്ഞുനിൽക്കുന്നത് ഈ നാടൻ പ്രശംസാ വാചകങ്ങൾ തന്നെ.
1971 ൽ വിക്ടർ നയിച്ച കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അഖിലേന്ത്യാ കിരീടം നേടിയതാണ് കേരളത്തിലെ ഫുട്‌ബോളിന്റെ സുവർണദശകത്തിന് തുടക്കമിട്ടത്. 1972 മുതൽ ഒരു പതിറ്റാണ്ട് കാലം താരസമ്പന്നമായ പ്രീമിയർ ടയേഴ്‌സിന്റെ ഗോൾവലയം ഈ അതികായന്റെ കൈയിൽ ഭദ്രമായിരുന്നു. 1973 മുതൽ സന്തോഷ് ട്രോഫി ടീമിൽ. 1975 ൽ കോഴിക്കോട് സന്തോഷ് ട്രോഫി നടന്നപ്പോൾ നായകൻ. 1976 ൽ തെക്കൻ കൊറിയയിൽ നടന്ന പ്രസിഡന്റ്‌സ് കപ്പിൽ ബ്രസീലിനെതിരെ ഇന്ത്യൻ വല കാത്തതാണ് ഏറ്റവും മികച്ച മത്സരം. നാൽപതിലേറെ ഷോട്ടുകളാണ് അന്ന് ഇന്ത്യൻ ഗോൾമുഖത്തേക്ക് ചീറിപ്പാഞ്ഞുവന്നത്. അക്ഷരാർഥത്തിൽ വിക്ടറും ബ്രസീൽ ടീമും തമ്മിലായിരുന്നു കളി. 1974 ലെ ഫെഡറേഷൻ കപ്പിൽ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടു. 
1982 ൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോച്ചായ വിക്ടർ പിന്നീട് കേരളത്തിന്റെ പരിശീലക പദവി ഏറ്റെടുത്തു. കളിക്കാരനായും കോച്ചായും കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത അപൂർവ നേട്ടത്തിനുടമ. ഇപ്പോൾ ദേശീയ ഗെയിംസിന്റെ ടെക്‌നിക്കൽ കമ്മിറ്റി അംഗം.

Latest News