Sorry, you need to enable JavaScript to visit this website.

പരീക്ഷ പാസാകന്‍ പൂജ; ഡോക്ടറെ കബളിപ്പിച്ച് ഫേസ് ബുക്ക് ജ്യോത്സ്യന്‍ 80,000 രൂപ തട്ടി

ഹൈദരാബാദ്- വിദേശത്തുനിന്ന് എം.ബി.ബി.എസ് പാസായ വനിതാ ഡോക്ടറെ കബളിപ്പിച്ച് ജ്യോത്സ്യന്‍ 80,000 രൂപ തട്ടി. ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള പരീക്ഷ പാസാകുന്നതിന് പൂജകള്‍ നടത്താമെന്ന് വാഗ്ദാനം ചെയ്താണ് ഓണ്‍ലൈന്‍ വഴി പണം തട്ടിയത്.
പശ്ചിമബംഗാള്‍ സ്വദേശിയും ഇപ്പോള്‍ ഹൈദരാബാദില്‍ താമസക്കാരിയുമായ ഡോക്ടര്‍ സൈബരാബാദ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷന്‍ (എഫ്.എം.ജി.ഇ) പാസാകുന്നതിന് പൂജകള്‍ നടത്താമെന്നായിരുന്നു വാഗ്ദാനം. വിദേശ എം.ബി.ബി.എസ് ബിരുദമുള്ളവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുണമെങ്കില്‍ ഈ പരീക്ഷ പാസാകല്‍ നിര്‍ബന്ധമാണ്.
രണ്ടു തവണ പരാജയപ്പെട്ടതിനു പിന്നാലെ ബന്ധുക്കളാണ് പൂജ നടത്താന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് ഫേസ്ബുക്കില്‍ ജ്യോത്സനെ പരിചയപ്പെടുകയായിരുന്നു. പ്രശസ്ത ജ്യോത്സനെന്ന് അവകാശപ്പെട്ടയാള്‍ 30,000 സംഭാവന നല്‍കിയാല്‍ പ്രത്യേക പൂജ നടത്താമെന്നാണ് അറിയിച്ചത്. തുക നല്‍കിയെങ്കിലും പരീക്ഷയില്‍ തോറ്റ ഡോക്ടര്‍ വീണ്ടും ജ്യോത്സ്യനെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ബിശ്വജിത് ജാ എന്നയാള്‍ 50,000 രൂപ കൂടി ആവശ്യപ്പെട്ടു.
വീണ്ടും പരീക്ഷയില്‍ തോറ്റ ഡോക്ടര്‍ക്ക് അതിനുശേഷം  ഫേസ് ബുക്കിലോ വാട്‌സാപ്പ് വഴിയോ ജ്യോത്സ്യനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ പ്രതി മറ്റു ചിലകേസുകളിലും ഉള്‍പ്പെട്ടതായി കണ്ടെത്തി. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

 

Latest News