വാക്‌സിന്‍ ഇടവേളയില്‍ വിവേചനം വേണ്ട, കോവിഷീല്‍ഡ് രണ്ടാം ഡോസ് 28 ദിവസത്തിനുശേഷമാകാം- ഹൈക്കോടതി

കൊച്ചി- കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചു. കോവിന്‍ വെബ്‌സൈറ്റില്‍ ഇതിന് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കോടതി നിര്‍ദേശം നല്‍കി. കിറ്റെക്‌സിന്റെ ഹരജിയിലാണ്  നിര്‍ദേശം. ജസ്റ്റിസ് പി.വി. സുരേഷ്കുമാറാണ് ഇത് സംബന്ധിച്ച ഹരജി പരിഗണിച്ചത്.

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നല്‍കാനാകൂവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇത് തള്ളിയാണ് ആവശ്യക്കാര്‍ക്ക് രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് വിദേശത്ത് പോകുന്നവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നല്‍കുന്നുണ്ട്. പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനത്തിലാണ് ഇത് നടപ്പാക്കുന്നത്. എന്തുകൊണ്ടാണ് മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ വാക്‌സിന്‍ ലഭിക്കാത്തതെന്ന് കോടതി ആരാഞ്ഞു.  വിവേചനം ചൂണ്ടിക്കാട്ടിയാണ് ആവശ്യക്കാര്‍ക്കെല്ലാം 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ്  എടുക്കാമെന്ന ഉത്തരവ് ഹൈക്കോടതി ഇറക്കിയത്.

 

Latest News