കാണാതായ സൗഹാനെത്തേടി ചെക്കുന്ന് മലയില്‍ നാനൂറോളം പേരുടെ തെരച്ചില്‍

അരീക്കോട്-ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയില്‍നിന്നു ഏതാനും ദിവസങ്ങള്‍ക്കു മുമ്പു കാണാതായ പതിനഞ്ചുകാരന്‍ മുഹമ്മദ് സൗഹാനെ കണ്ടെത്താനായി അരീക്കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ ലൈജുമോന്റെ നേതൃത്വത്തില്‍ ചെക്കുന്ന് മലയില്‍ സന്നദ്ധ വളണ്ടിയര്‍മാര്‍ തിരച്ചില്‍ നടത്തി. 400 ലേറെ വിവിധ സന്നദ്ധ വളണ്ടിയര്‍മാര്‍ ചെക്കുന്ന് മലയുടെ താഴ്‌വാരത്തില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും മുഹമ്മദ് സൗഹാനെ കണ്ടെത്താനായില്ല. കുട്ടിയെ കാണാതായി 21 ദിവസം പിന്നിട്ടിട്ടും വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലയിലെ വളണ്ടിയര്‍മാരുടെ സേവനം ഉപയാഗിച്ച് അവസാനഘട്ട തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.  
ജില്ലയിലെ എട്ട് ഫയര്‍ ഫോഴ്‌സ്് സ്റ്റേഷനു കീഴിലെ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍, ട്രോമാകെയര്‍, മറ്റു സന്നദ്ധ, രാഷ്ട്രീയ പ്രവര്‍ത്തകരുടെ വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തിയാണ് തിരച്ചില്‍ നടത്തിയത്. ഓരോ സംഘത്തിലും 15 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് പ്രത്യേക നിര്‍ദേശവും പോലീസ് നല്‍കിയിരുന്നു. കൂട്ടമായി രണ്ടു തവണ തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. ഇതോടെ പോലീസ് ബദല്‍ മാര്‍ഗം തേടുകയാണ്. കുട്ടി വിദൂരങ്ങളിലേക്ക് സമ്മതം കൂടാതെ പോകില്ലെന്ന് രക്ഷിതാക്കള്‍ അവകാശപ്പെടുന്നുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോയതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

 

 

 

 

 

 

 

 

Latest News