Sorry, you need to enable JavaScript to visit this website.

ജി.സി.സി രാജ്യങ്ങളില്‍നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ബഹ്‌റൈനില്‍ ക്വാറന്റൈന്‍ ഒഴിവാക്കി

മനാമ- ഇന്ത്യയെ റെഡ്‌ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ നിദേശങ്ങളുമായി എയര്‍ഇന്ത്യ എസ്‌ക്പ്രസ്. സെപ്റ്റംബര്‍ മൂന്നുമുതലാണ് ഇന്ത്യയെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്.
ബഹ്‌റൈനി പൗരന്‍മാര്‍, ബഹ്‌റൈനില്‍ റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍, വര്‍ക്ക് വിസ, വിസിറ്റ് വിസ, ഇ വിസ തുടങ്ങിയവ ലഭിച്ച ഇന്ത്യക്കാര്‍ എന്നിവര്‍ക്ക് ബഹ്‌റൈനിലേക്ക് വരാം.
ജി.സി.സി രാജ്യങ്ങളില്‍നിന്ന് പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബഹ്‌റൈനില്‍ എത്തിയാല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം യാത്രക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ജി.സി.സി രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈല്‍ ആപ്പിലെ ഗ്രീന്‍ ഷീല്‍ഡ് കാണിക്കുകയോ വേണം.
രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് ബഹ്‌റൈനില്‍ പൂര്‍ണ്ണമായി വാക്‌സിന്‍ സ്വീകരിച്ചവരായി കണക്കാക്കുന്നത്.
 ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യൂ.ആര്‍ കോഡ് നിര്‍ബന്ധമാണ്.  കൗണ്ടറില്‍ കാണിക്കുന്ന പി.ഡി.എഫ് റിപ്പോര്‍ട്ട് വെരിഫൈ ചെയ്യാനാണിത്.  
ബഹ്‌റൈനില്‍ എത്തിയാല്‍ വിമാനത്താവളത്തില്‍വെച്ചും തുടര്‍ന്ന് അഞ്ച്, 10 ദിവസങ്ങളിലും കോവിഡ് പരിശോധന നടത്തണം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും ഇത് ബാധകമാണ്. ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടെസ്റ്റ് ആവശ്യമില്ല.

 

Latest News