ഇടുക്കി-കാന്തല്ലൂരില്‍ യുവാവ് കൊക്കയില്‍ ചാടി ജീവനൊടുക്കിയത് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷമെന്ന് കാമുകിയുടെ വെളിപ്പെടുത്തല്‍. വ്യാഴാഴ്ച ഉച്ചയോടെയാണ് പെരുമ്പാവൂര്‍ മാറമ്പള്ളി നാട്ടുകല്ലുങ്കല്‍ നാദിര്‍ഷ (30)യെ ഞരമ്പ് മുറിച്ച് കൊക്കയില്‍ വീണ് മരിച്ച നിലയിലും മറയുര്‍ പത്തടിപ്പാലം സ്വദേശിയും അധ്യാപികയുമായ നിഖില തോമസ്(28)നെ ഇരുകൈകളും മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലും കണ്ടെത്തിയത്.
തനിക്ക് മരിക്കാന്‍ താത്പര്യം ഇല്ലായിരുന്നെന്നും യുവാവ് ബലമായി തന്റെ ഇരുകൈകളിലെയും ഞരമ്പ് മുറിക്കുകയായിരുന്നെന്നും പോലിസിനോടും ബന്ധുക്കളോടും യുവതി പറഞ്ഞു. രണ്ടു വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ മറയൂരിലെത്തിയ നാദിര്‍ഷ ഫോണില്‍ നിഖിലയുമായി ബന്ധപ്പെടുകയും പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പം വിളിച്ചു കൊണ്ടു പോയി ഒരുമിച്ച് മരിക്കാമെന്ന് നിര്‍ബന്ധിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞ് മൊബൈലില്‍ ചിത്രീകരിച്ച ശേഷം ആഭരണങ്ങളും മൊബൈലും വാഹനത്തിനുള്ളില്‍ വെക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി ഫോണ്‍ കൈയില്‍ കരുതുകയും പെരുമാറ്റത്തില്‍ ഭയം തോന്നിയപ്പോള്‍ ഫോണില്‍ നിന്നും ദൃശ്യങ്ങള്‍ നാദിര്‍ഷായുടെ സഹോദരിക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുകയും ചെയ്തു. സഹോദരിയും മറ്റും തിരികെ വിളിച്ചപ്പോള്‍ യുവാവ് ദേഷ്യപ്പെടുകയും ഫോണ്‍ തല്ലിപൊട്ടിക്കുകയും ചെയ്തു. പിന്നീട് ബലമായി തന്റെ കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഇതിന് ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നെന്ന് കരുതുന്നു.