ഇടുക്കി- മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി പണിക്കന്‍ക്കുടി സ്വദേശിനി സിന്ധുവിന്റെ (45) മൃതദേഹമാണ് അയല്‍വാസി ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനോയിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞ മാസം 12നാണ് സിന്ധുവിനെ കാണാതായത്. തുടര്‍ന്ന് കുടുംബം വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ബിനോയി ഒളിവില്‍ പോയതോടെയാണ് സിന്ധുവിന്റെ തിരോധാനത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് ബിനോയിയുടെ വീട്ടില്‍ നിന്ന് മൃതദേഹം നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തിയത്. മൃതദേഹം വീട്ടുകാര്‍ തിരിച്ചറിഞ്ഞു.
സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. അന്വേഷണം നടത്തി വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇടുക്കി ജില്ലയുടെ ചുമതല വഹിക്കുന്ന കമ്മീഷന് അംഗം ഡോ. ഷാഹിദാ കമാല്‍ അറിയിച്ചു.






