തൃശൂര്‍ - പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ച കേസില്‍ 74കാരന് അഞ്ചുവര്‍ഷം കഠിന തടവും പിഴയും. അരിമ്പൂര്‍ വെളുത്തൂര്‍ കുന്നത്തങ്ങാടി ഊക്കന്‍ ജോസിനെയാണ് (74) കഠിന തടവിനും അമ്പതിനായിരം രൂപ പിഴയടക്കാനും തൃശൂര്‍ ജില്ലാ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവനുഭവിക്കണം. പിഴ ഒടുക്കുന്ന പക്ഷം അത് പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും വിധിച്ചു.
2016ലാണ് കേസിനാസ്പദമായ സംഭവം. അന്തിക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 10 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. അന്തിക്കാട് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായിരുന്ന സില്‍വെസ്റ്റര്‍, വിന്‍സെന്റ് ഇഗ്‌നേഷ്യസ് എന്നിവരാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. കേസില്‍ പ്രോസിക്യൂഷന്‍ സഹായികളായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗീത പി.ആര്‍., സുനോജ്ദാസ് എന്നിവര്‍ പ്രവര്‍ത്തിച്ചു.
പ്രോസിക്യൂഷനു വേണ്ടി തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അജയ്കുമാര്‍ ഹാജരായി.






