Sorry, you need to enable JavaScript to visit this website.

അക്ബർ ചാവക്കാട്:  ആലാപനത്തിലെ ചാരുത

പാട്ടിന്റെ പാലാഴി തീർത്താണ് അക്ബർ ചാവക്കാടെന്ന കലാകാരൻ തന്റെ പ്രവാസ ജീവിതം വർണാഭമാക്കുന്നത്. കോവിഡ് പ്രതിസന്ധി വേദികൾ നഷ്ടപ്പെടുത്തുമ്പോഴും പാടാനും പാട്ടു കേൾക്കാനുമുള്ള അവസരങ്ങളൊന്നും പാഴാക്കാതെയാണ് സംഗീത യാത്രയിലൂടെ അക്ബർ ജീവിത സായൂജ്യം കണ്ടെത്തുന്നത്.

കൊച്ചുന്നാളിലേ പാടിത്തുടങ്ങിയ അക്ബർ മദ്രസയിലെ നബി ദിനാഘോഷ പരിപാടികളിലെ സ്ഥിരസാന്നിധ്യമായിരുന്നു. ആദ്യമൊക്കെ പാട്ടുകാരുടെ സഹായിയായി കൂടെ പാടിയാണ് തുടങ്ങിയത്. കളിക്കൂട്ടുകാരനായ നവാസാണ് ആദ്യമായി വേദിയിലേക്ക് കൊണ്ടുവന്നത്. പിന്നീട് സ്വന്തമായി പാടാൻ തുടങ്ങി. സ്‌കൂളിൽ നിന്നും നിരവധി സമ്മാനം നേടിയ അക്ബർ സബ് ജില്ല വരെ മാപ്പിളപ്പാട്ട് മൽസരത്തിൽ പങ്കെടുത്തിട്ടുണ്ട്. തൃപ്രയാർ വലപ്പാട് മായ ആർട്‌സ് കോളേജിലെത്തിയതോടെയാണ് അക്ബറിന്റെ പാട്ടുജീവിതത്തിൽ വലിയ മാറ്റമുണ്ടായത്. കോളേജ് ആർട്സ് ഡേകളിലൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ച അക്ബർ സ്റ്റേറ്റ് പാരലൽ കലോൽസവ സംഗീത വേദികളിൽ നിറഞ്ഞു നിന്നു.
നിസരി ഓർക്കസ്ട്രയുടെ ഭാഗമായ അക്ബർ ചാവക്കാട് ഏരിയയിൽ ആദ്യമായി കരോക്കെ ഗാനമേള സംഘടിപ്പിച്ച് സഹൃദയരുടെ കൈയടി വാങ്ങി. സിനിമാ ഗാനം, ലളിത ഗാനം, മാപ്പിളപ്പാട്ട് മൽസരങ്ങളിലൊക്കെ പങ്കെടുക്കാൻ ലഭിക്കുന്ന ഒരവസരവും നഷ്ടപ്പെടുത്താതെ സജീവമായി നിലനിൽക്കുവാൻ അക്ബർ പ്രത്യേകം ശ്രദ്ധിച്ചു. നാട്ടികയിൽ നടന്ന 'മഴ' സംഗീത പരിപാടിയിൽ വിജയിച്ച് അന്നത്തെ ജലസേചന മന്ത്രിയായിരുന്ന എൻ.കെ. പ്രേമചന്ദ്രനിൽ നിന്നും സമ്മാനം വാങ്ങിയതാണ് പാട്ടിന് ലഭിച്ച ആദ്യത്തെ പ്രധാന അംഗീകാരം.
റിയാലിറ്റി ഷോകൾ വ്യാപകമാകുന്നതിന് മുമ്പ് ദൂരദർശനിലെ സല്ലാപം പരിപാടി, കൈരളി ചാനലിലെ ഗന്ധർവ സംഗീതം, ജീവൻ ടി.വിയിലെ വോയ്‌സ് 2005 എന്നിവയിലൊക്കെ പങ്കെടുത്ത അക്ബർ 2009 ലെ കൈരളി പട്ടുറുമാൽ സീസൺ രണ്ടിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
തൃശൂർ കല്യാൺ റെക്കോർഡ്‌സിൽ കൂട്ടുകാരൻ ഷഫ്‌നാസ് കൊണ്ടുപോയി പാടിച്ചതാണ് ആദ്യമായി റെക്കോർഡിംഗ് സ്റ്റുഡിയോ അനുഭവം. പിന്നീട് പല ആൽബങ്ങളിലും പാടാൻ അവസരം ലഭിച്ചു. പ്രശസ്തമായ അഴകേ കിനാവേ എന്ന ആൽബത്തിലെ ടൈറ്റിൽ സോംഗ് പാടിയത് അക്ബർ ചാവക്കാടാണ് . എല്ലാ പാട്ടുകളും വഴങ്ങുമെങ്കിലും നാട്ടിൽ അധികവും കല്യാണ പാർട്ടികളുമായി ബന്ധപ്പെട്ട പരിപാടികളാണ് ലഭിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ മാപ്പിളപ്പാട്ടുകളാണ് കൂടുതലായും പാടിയത്.
ഖത്തറിലെ ചെറുതും വലുതുമായ നിരവധി വേദികളിൽ അക്ബർ തന്റെ സംഗീത പാഠവം തെളിയിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് ബ്ലാങ്ങാട് അഷ്‌റഫ് പണിക്ക വീട്ടിലിന്റെയും സുലൈഖയുടെയും മകനായാണ് അക്ബർ ജനിച്ചത്. ചെറുപ്പം മുതലേ പാട്ടിൽ കമ്പമുണ്ടായിരുന്നെങ്കിലും കുറെ വേദികളിൽ പാടിയ ശേഷമാണ് സംഗീതം പഠിക്കാൻ തുടങ്ങിയത്. സംഗീതം പഠിച്ചാൽ പാട്ടുകൾ ഒന്നുകൂടി മൊഞ്ചാകുമെന്നും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും സന്തോഷ് എന്ന സുഹൃത്താണ് അക്ബറിനെ ബോധ്യപ്പെടുത്തിയത്. അങ്ങനെ 5 വർഷത്തോളം ഗുരുവായൂർ ചെമ്പൈ ഇൻസ്റ്റിറ്റിയൂട്ടിൽ വേണു സാറിന് കീഴിൽ 5 വർഷത്തോളം സംഗീതം അഭ്യസിച്ചു. ഇപ്പോൾ സംഗീതോപകരണങ്ങളിലാണ് താൽപര്യം. ജോയ് ഖത്തറിന് കീഴിൽ വയലിൻ പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. 
ജുബീനയാണ് ഭാര്യ. മുഹമ്മദ് നബ്ഹാൻ, ഹവ്വ മെഹ്നൂർ, സൈബ അക്ബർ എന്നിവരാണ് മക്കൾ. മൂത്ത മകൻ വരയിലും മകൾ പാട്ടിലും തൽപരരാണ്.
 

Latest News