കോട്ടയം- കോണ്‍ഗ്രസില്‍ അച്ചടക്കത്തെ കുറിച്ചൊന്നും പറയേണ്ടെന്നും അതിനു മുന്‍കാലപ്രാബല്യം ഉണ്ടായിരുന്നുവെങ്കില്‍ എത്രപേര്‍ കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്ന് പറയാന്‍ വയ്യെന്നം രമേശ് ചെന്നിത്തല. കോട്ടയം ഡി.സി.സി. അധ്യക്ഷനായി നാട്ടകം സുരേഷ് ചുമതലയേറ്റ ചടങ്ങിലാണ് ചെന്നിത്തലയുടെ പ്രതികരണം.
തന്നോട് എന്തെങ്കിലും ആലോചിക്കണമെന്ന് ഞാന്‍ പറയില്ല. താന്‍ ഈ പാര്‍ട്ടിയുടെ നാലണ മെമ്പര്‍ മാത്രമാണ്. ഉമ്മന്‍ചാണ്ടി അങ്ങനെയല്ല, അദ്ദേഹം എ.ഐ.സി.സി. വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. സംഘടനാപരമായ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ഒരുമിച്ചു നില്‍ക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇപ്പോള്‍ നടക്കുന്നത് റിലേ ഓട്ടമത്സരം അല്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോവുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞു.
അധികാരം കിട്ടിയപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും അഹങ്കാരത്തിന്റെ ഭാഷയില്‍ സംസാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന നേതാവ് എന്ന് പറയുമ്പോള്‍ തനിക്ക് അധികം പ്രായമൊന്നും ആയിട്ടില്ല. പറയുന്ന പലരും 74-75 വയസ്സ് എത്തിയവരാണ്. തനിക്ക് അറുപത്തിമൂന്ന് വയസ് മാത്രമാണുള്ളത്. ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് ആര്‍ക്കും മുന്നോട്ടുപോകാനാവില്ല- ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. കരുണാകരന്‍ പോയപ്പോള്‍ ഉമ്മന്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞു. 17 വര്‍ഷം ഞാനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ചു. താന്‍ കെ.പി.സി.സി. പ്രസിഡന്റും ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായി. ആ കാലയളവില്‍ വലിയ വിജയമാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായത്. ത്യാഗോജ്വലമായ പ്രവര്‍ത്തനമാണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോണ്‍ഗ്രസ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.