ദുബായ്- യു.എ.ഇയിൽ പുതുതായി 50 ദേശീയ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങുന്നത് ഉറ്റുനോക്കി ലോകം. ഈ മാസം പ്രഖ്യാപനമുണ്ടാകുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അറിയിച്ചു. ഈ മാസം അഞ്ച് മുതലാണ് പദ്ധതികൾ പ്രഖ്യാപിക്കുന്നത്. രാജ്യത്തിന്റെ സർവതോമുഖമായ വളർച്ചയ്ക്ക് ഉപകരിക്കുന്ന രീതിയിലായിരിക്കും പദ്ധതികൾ. ജനങ്ങളുടെ അറിവും സർഗാത്മകതയും പരമാവധി ഉപയോഗപ്പെടുത്തിയാണ് പദ്ധതികൾ നടപ്പാക്കുക. യു.എ.ഇക്ക് സമയത്തിന്റെ ആഡംബരമില്ലെന്നും ആഗോള സാഹചര്യങ്ങൾ അതിന്റെ ഭാവി തീരുമാനിക്കുന്നത് വരെ കാത്തിരിക്കാനാവില്ലെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. യു.എ.ഇ ആവശ്യമുള്ളത് സ്വയം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ രാജ്യ പുരോഗതിക്ക് ആവശ്യമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതായിരിക്കും പ്രഖ്യാപിക്കാൻ പോകുന്ന പദ്ധതികൾ. അതുവഴി ഭാവിയിൽ കൂടുതൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ പറഞ്ഞു. വരും തലമുറയ്ക്ക് വേണ്ടിയായിരിക്കും ഈ 50 പദ്ധതികളെന്നും അദ്ദേഹം വ്യക്തമാക്കി.






