ന്യൂയോര്‍ക്ക്- യുഎസില്‍ ഏറെ നാശനഷ്ടങ്ങള്‍ വിതച്ച് ആഞ്ഞുവീശിയ ഐഡ ചുഴലിക്കാറ്റിലും പിന്നാലെ ഉണ്ടായ മിന്നല്‍ പ്രളയത്തിലുംപ്പെട്ട് 43 പേര് മരിച്ചു. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങളിലാണ് വന്‍ പ്രകൃതിക്ഷോഭമുണ്ടായത്. കനത്ത മഴയില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ റോഡുകള്‍ പുഴകളായി മാറി. വെള്ളംകയറിയതോടെ സബ്വെ സര്‍വീസുകളും നിര്‍ത്തിവച്ചു. നിരവധി കെട്ടികടങ്ങള്‍ തകര്‍ന്നു. ട്രക്കുകളും കാറുകളും പ്രളയത്തില്‍ ഒലിച്ചുപോയി. ലാഗ്വാര്‍ഡിയ, ജെഎഫ്കെ, നെവാര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. എയര്‍പോര്‍ട്ട് ടെര്മിനലുകളലേക്കും വെള്ളം കയറി.
ന്യൂജഴ്സിയില്‍ മരിച്ച 23 പേരില്‍ ഏറെ പേര്‍ക്കും ജീവന് നഷ്ടമായത് പ്രളയത്തിലകപ്പെട്ട വാഹനങ്ങില്‍ കുടുങ്ങിയാണെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ന്യൂയോര്‍ക്ക് നഗരത്തില്‍ 11 പേര് കെട്ടിടങ്ങളുടെ ബെയ്മെന്റില് അകപ്പെട്ട് മരിച്ചു.