ഇടുക്കി-മറയൂരില്‍ കൈഞരമ്പ് മുറിച്ച ശേഷം പാറക്കെട്ടില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. പെരുമ്പാവൂര്‍ മാറമ്പള്ളി നാട്ടുകല്ലുങ്കല്‍ നാദിര്‍ഷ അലി (30)യാണ് മരിച്ചത്. ഇതിന് സമീപം ഗുരുതരമായി രക്തം വാര്‍ന്ന നിലയില്‍ കണ്ട മറയൂര്‍ സ്വദേശിനിയും അധ്യാപികയുമായ നിഖില തോമസ് (26)നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അധ്യാപിക അതേ സ്കൂളില്‍ ഡാന്‍സ് പരിശീലകരോടൊപ്പം എത്തിയ പെരുമ്പാവൂര്‍ സ്വദേശിയായ യുവാവുമായി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. വ്യാഴാഴ്ച യുവതിയെ കാണാന്‍ നാദിര്‍ഷ മറയൂരില്‍ വന്നതായും രാവിലെ 10 മണി വരെ ഓണ്‍ ലൈന്‍ ക്ലാസ് നടത്തിയിരുന്ന അധ്യാപിക അതിന് ശേഷം യുവാവിനൊപ്പം പോയതായും പറയുന്നു. കാറുമായി എത്തിയ യുവാവിനൊപ്പം ഇരച്ചില്‍ പാറ, കാന്തല്ലൂര്‍, ഗുഹനാഥപുരം എന്നിവിടങ്ങളില്‍ ചുറ്റി കറങ്ങിയ ശേഷം കാന്തല്ലൂരിലെ ഭ്രമരം പോയിന്റില്‍ എത്തി. അവിടെ കാര്‍ നിര്‍ത്തിയ ശേഷം രണ്ട് പേരും ചേര്‍ന്ന്, വിവാഹം വീട്ടുകാര്‍ സമ്മതിക്കില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും അറിയിച്ച് വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കരുതുന്നു.
ഭ്രമരം പോയിന്റിലെത്തിയ വിനോദ സഞ്ചാരികള്‍ താഴെ ഭാഗത്ത് സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നതായി അതുവഴി എത്തിയ സമീപവാസികളായ തൊഴിലുറപ്പ് തൊഴിലാളികളോട് പറഞ്ഞൂ. അവരാണ് യുവതിയെ കണ്ടെത്തിയത്. മറയൂര്‍ പോലീസ്, കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ടി മോഹന്‍ദാസ്, മുന്‍ പഞ്ചായത്തംഗം ശിവന് രാജ് എന്നിവരുടെ നേതൃത്വത്തില്‍ കുളച്ചിവയല്‍ ആദിവാസി കുടിയിലെ യുവാക്കളുടെ സഹായത്തോടെ മൂന്ന് മണിക്കൂര്‍ തെരച്ചിലിനൊടുവിലാണ് പാറക്കെട്ടിന് താഴ് ഭാഗത്ത് നിന്ന് ആറു മണിയോടെ യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.






