ഗുവാഹത്തി- മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള അസമിലെ ഓറാങ് ദേശീയ പാര്‍ക്കിന്റെ പേര് തിരുത്തിയതിനെ ചൊല്ലി ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. രാജീവ് ഗാന്ധി ദേശീയ പാര്‍ക്കിന്റെ പേര് ഒറാങ് ദേശീയ പാര്‍ക്ക് എന്നാക്കി മാറ്റാന്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ തീരുമാനമെടുത്തത്. രാജ്യത്തെ ബംഗാള്‍ കടുവകളുടെ ഏറ്റവും വലിയ സങ്കേതമാണ് ഈ സംരക്ഷിത വനമേഖല. പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സര്‍ക്കാര്‍ പറയുന്നു.
നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള സ്ഥാപനങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടി അസമിലെ ബിജെപി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. രാജ്യത്ത് എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരു കുടുംബത്തിന്റെ പേര് മാത്രം നല്‍കണമെന്നുണ്ടോ? താജ് മഹലിനും ഖുതബ് മിനാറിനു സോണിയയുടേയും രാജീവ് ഗാന്ധിയുടേയും പേരിട്ടാല്‍ ജനങ്ങള്‍ അംഗീകരിക്കുമോ എന്നും ബിജെപി വക്താവ് പബിത്ര മര്‍ഗെറിറ്റ ചോദിച്ചു. പേരുമാറ്റിയതില്‍ ജനങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നും കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കുമാണ് പ്രശ്‌നമെന്നും ബിജെപി പറഞ്ഞു.
പേരുമാറ്റിയ ബിജെപി നടപടി അല്‍പ്പത്തരമായെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. രാജീവ് ഗാന്ധിയുടെ പേര് മാറ്റിയതിലൂടെ അദ്ദേഹം രാജ്യത്തിനും അസമിനും നല്‍കിയ സംഭാവനകള്‍ ഇല്ലാതാകില്ലെന്നും അസം ഉടമ്പടിയുടെ പിന്നില്‍ രാജീവ് ഗാന്ധിയായിരുന്ന എന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും കോണ്‍ഗ്രസ് വക്താവ് ബൊബീത ശര്‍മ പറഞ്ഞു. അസമിലെ ജനങ്ങളുടെ പ്രാദേശിക താല്‍പര്യങ്ങള്‍ക്കൊപ്പം നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അദ്ദേഹം രാജിവെപ്പിച്ചു. ഒരു ബിജെപി പ്രധാനമന്ത്രി ഇങ്ങനെ ചെയ്യുമെന്ന് ചിന്തിക്കാനാകുമോ. അവര്‍ ഒരിക്കലും ചെയ്യില്ല- ബൊബീത പറഞ്ഞു.
ഈ പാര്‍ക്കിന് രാജീവ് ഗാന്ധിയുടെ പേര് നല്‍കാനുള്ള നിര്‍ദേശം 1992ല്‍ എതിര്‍പ്പുകളെ തുടര്‍ന്ന് തള്ളിയിരുന്നു. പിന്നീട് 2001ല്‍ തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് പാര്‍ക്കിന് രാജീവ് ഗാന്ധിയുടെ പേര് നല്‍കിയത്.