ഇന്ത്യക്കാരുടെ സ്മാർട്ട് ഫോണുകൾ പെട്ടെന്ന് നിറയാനും സ്‌പേസ് ഇല്ലാതാകാനും കാരണം ഗുഡ് മോണിംഗ് മെസേജുകളുടെ ആധിക്യമാണെന്ന് കണ്ടുപിടിത്തം. ചെറിയ ഒരു ഗുഡ് മോണിംഗ് മെസേജ് ആണോ സ്ഥലം കവരുന്നതെന്ന് ചോദിക്കാൻ വരട്ടെ, വെറുമൊരു മെസേജല്ല, അതിനു പകരം നിറപ്പകിട്ടാർന്ന ചിത്രങ്ങളും വീഡിയോകളും അതിരാവിലെ തന്നെ കൂട്ടുകാരുടെ മൊബൈലുകളിൽ എത്തിക്കാനാണ് ഇന്ത്യക്കാർക്ക് താൽപര്യം. ഇന്ത്യയിൽ മൂന്നിലൊന്ന് സ്മാർട്ട് ഫോണുകളിൽ സ്‌പേസ് ഇല്ലാതാകുമ്പോൾ അമേരിക്കയിൽ അത് പത്തിലൊന്ന് മാത്രമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗുഡ്‌മോണിംഗ് മെസേജുകൾക്കായുള്ള സെർച്ച് അഞ്ചിരട്ടിയാണ് വർധിച്ചതെന്ന് ഗൂഗിൾ വെളിപ്പെടുത്തുന്നു.
പക്ഷികളും പുഷ്പങ്ങളും കുഞ്ഞങ്ങളുമൊക്കെയടങ്ങുന്ന ചിത്രങ്ങൾ സഹിതം ദശലക്ഷക്കണക്കിന് ഗുഡ്‌മോണിംഗ് മെസേജുകൾ ഓരോ ദിവസവും ഇന്ത്യക്കാർ സ്മാർട്ട് ഫോണുകൾ വഴി കൈമാറുന്നതാണ് ഇന്ത്യയിൽ സ്മാർട്ട് ഫോണുകളിൽ സ്‌പേസ് ഇല്ലാതാകാൻ കാരണമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു. സ്മാർട്ട് ഫോണുകൾക്കും മൊബൈൽ ഡാറ്റക്കും ചെലവ് കുറഞ്ഞതോടെ ഉപയോക്താക്കളുടേയും ഗ്രൂപ്പുകളുടേയും എണ്ണം കൂടിയപ്പോൾ സൂര്യനുദിച്ച് എട്ട് മണിയാകുമ്പോഴേക്കും ഗുഡ്‌മോണിംഗ് മെസേജുകളുടെ പ്രവാഹമായി.
ഗുഡ്‌മോണിംഗ് മെസേജുകളെ കുറിച്ചുള്ള പഠനം അതിശയിപ്പിക്കുന്നതാണെന്ന് കാലിഫോർണിയ മൗണ്ടെയ്ൻ വ്യൂവിലെ ഗൂഗുൾ പ്രോഡക്ട് മാനേജർ ജോഷ് വുഡ്‌വാർഡ് വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
ഇന്ത്യയിൽ നിലവിൽ 400 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളാണുള്ളത്. 300 ദശലക്ഷം സ്മാർട്ട് ഫോണുകളും 650 ദശലക്ഷം മൊബൈൽ ഫോണുകളും ഉപയോഗിക്കുന്നു.
ഗുഡ്‌മോണിംഗ് മെസേജ് തെരയുന്നവരെ തൃപ്തിപ്പെടുത്താൻ ഗൂഗിൾ ചിത്രങ്ങളുടെ വൻശേഖരമാണ് തുറന്നുവെക്കുന്നത്. ഇത്തരം മെസേജുകൾ വേഗം തെരഞ്ഞെടുക്കുന്നതിന് ആപ്ലിക്കേഷനുകളെ നിർമിത ബുദ്ധി വഴി സജ്ജമാക്കുകയും ചെയ്യുന്നു.

ആദ്യമൊക്കെ വാക്കുകൾ എഴുതിയ ടി ഷർട്ടുകൾ ധരിച്ച കുട്ടികളുടെ ഫോട്ടോകളാണ് കൂടുതലും സെലക്ട് ചെയ്തിരുന്നത്. ഇപ്പോൾ ഉപയോക്താക്കൾ പ്രത്യേക സൈസിലുള്ള സവിശേഷ ഇമേജുകൾ തന്നെ തെരഞ്ഞെടുക്കുന്നുവെന്നും വുഡ് വാർഡ് പറയുന്നു.
ഉപയോക്താക്കളുടെ സ്‌റ്റോറേജ് പ്രശ്‌നം പരിഹരിക്കുന്നതിന് ഗൂഗിൾ ഫയൽസ് ഗോ എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. കുറഞ്ഞ സ്‌റ്റോറേജുള്ള ഫോണുകളിൽ ഇമേജുകൾ ക്രമീകരിക്കാനും എളപ്പത്തിലും ഷെയർ ചെയ്യാനുമൊക്കെയുള്ള സൗകര്യമാണ് ഇതിലുളളത്. ഫയൽസ് ഗോ ഉപയോക്താക്കൾ ശരാശരി ഒര ജി.ബി സ്‌പേസ് ലാഭിക്കുന്നുണ്ടെന്നും ഇത് അവർക്ക് വലിയ അനുഗ്രഹമാണെന്നും ഗൂഗിൾ അവകാശപ്പെടുന്നു. ആൻഡ്രോയിഡ് ഗോ ഡിവൈസുകളൾക്ക് വേണ്ടിയാണ് രൂപം നൽകിയതെങ്കിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഇത് ലഭ്യമാക്കിയിട്ടുണ്ട്. 10 ദശലക്ഷം പേരാണ് ഇതുവരെ ഇത് ഡൗൺലോഡ് ചെയ്തത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാർ തന്നെയാണ് മുന്നിൽ. ഗുഡ് മോണിംഗ് മെസേജുകൾ കൊണ്ട് നിറഞ്ഞ ഫോണുകളിൽ ഒരു ജി.ബി സ്‌പേസാണല്ലോ അത് ഉണ്ടാക്കി തരുന്നത്.






