പാമ്പു വിഷത്തില്‍ നിന്നും കോവിഡിന് മരുന്ന്

സാവോ പോളോ-പാമ്പിന്റെ വിഷത്തില്‍ നിന്നും കൊറോണ വൈറസിനെ തടയുന്ന മരുന്ന് ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യത തെളിയുന്നു. ബ്രസീലിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കുഴിമണ്ഡലി ഇനത്തില്‍പ്പെട്ട പാമ്പിന്റെ വിഷത്തില്‍ നിന്നെടുത്ത ഒരു തന്മാത്ര കുരങ്ങുകളില്‍ കൊറോണ വൈറസ് പുനരുല്‍പ്പാദനത്തെ തടയുന്നതായാണ് മോളിക്യൂള്‍സ് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. കുരങ്ങിന്റെ ശരീരത്തില്‍ കൊറോണ വൈറസ് വളര്‍ച്ചയെ 75 ശതമാനം വരെ പ്രതിരോധിക്കാന്‍ ഈ വിഷമരുന്നിന് സാധിച്ചുവെന്നും ഗവേഷകര്‍ പറയുന്നു. ജററാകുസ്‌കു എന്നറിയപ്പെടുന്ന ഒരിനം കുഴിമണ്ഡലിയുടെ വിഷമാണ് ഗവേഷകര്‍ ഇതിനുപയോഗിച്ചത്. രണ്ടു മീറ്റരര്‍ വരെ നീളമുള്ള ബ്രസീലിലെ ഏറ്റവും വലിയ പാമ്പുകളിലൊന്നാണ് ജററാകുസ്‌കു. തീരദേശ അറ്റ്‌ലാന്റിക് വനമേഖലയില്‍ ജീവിക്കുന്ന ഈ പാമ്പ് ബൊളീവിയ, പരാഗ്വേ, അര്‍ജന്റീന എന്നിവിടങ്ങളിലും കാണപ്പെടുന്നു. 

'പാമ്പിന്റെ വിഷത്തിലടങ്ങിയ ഈ തന്മാത്രയ്ക്ക് വൈറസിലെ വളരെ പ്രധാനപ്പെട്ട ഒരു പ്രോട്ടീന്റെ വളര്‍ച്ചയെ തടയാന്‍ സാധിച്ചുവെന്ന് പഠനത്തില്‍ വ്യക്തമായതായി പഠനത്തിന് നേതൃത്വം നല്‍കിയ സാവോ പോളോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ റാഫേല്‍ ഗൈഡോ പറഞ്ഞു.

മറ്റ് കോശങ്ങളെ ബാധിക്കാതെ തന്നെ കൊറോണ വൈറസിന്റെ പുനരുല്‍പ്പാദന ശേഷിയെ പാമ്പു വിഷത്തിലെ ഈ തന്മാത്ര നശിപ്പിക്കുന്നു. ഈ തന്മാത്ര ഒരു പെപ്‌റ്റൈഡ് അഥവാ അമിനോ ആസിഡുകളുടെ ശൃംഖലയാണ്. ഏറെ ആന്റി ബാക്ടീരിയില്‍ ഗുണങ്ങളുള്ള ഈ പെപ്‌റ്റൈഡ് ലാബില്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് പ്രൊഫ. ഗൈഡോ പറഞ്ഞു. അതിനാല്‍ വിഷം ശേഖരിക്കാനായി പാമ്പുകളെ പിടിക്കുകയോ വളര്‍ത്തുകയോ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഈ തന്മാത്രയുടെ വിവിധ അളവുകളുടെ കാര്യക്ഷമതയും, കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നത് ആദ്യ ഘട്ടത്തില്‍ തന്നെ തടയാനുള്ള ശേഷിയും പരീക്ഷിച്ചറിയാനുള്ള ഗവേഷണങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നതെന്ന് സാവോ പോളോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി അറിയിച്ചു.
 

Latest News