ന്യൂദല്‍ഹി- കണ്ണൂര്‍ വിമാനത്താവളത്തെ രാജ്യത്തെ ചെറുതും വലുതുമായ എട്ടു നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന സര്‍വീസുകള്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുന്ന ദിവസം തന്നെ തുടങ്ങും. ചെറു നഗരങ്ങളെ ബന്ധപ്പെടുത്തി കുറഞ്ഞ ചെലവില്‍ വിമാന സര്‍വീസുകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിത്. കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ കര്‍ണാടകയിലെ ഹുബ്ബള്ളി, ബംഗളൂരു, ചെന്നൈ, ഗോവ, മുംബൈ, ദല്‍ഹിയിലെ ഹിന്‍ഡന്‍ എന്നീ നഗരങ്ങളിലേക്കാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് തുടങ്ങുക.
സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളാണ് സര്‍വീസ് നടത്തുക. ചെന്നൈ, ബംഗളൂരു നഗരങ്ങളിലേക്ക് ഇരു കമ്പനികളുടേയും സര്‍വീസ് ഉണ്ടാകും. സ്പൈസ് ജെറ്റിന് ആഴ്ചയില്‍ 14 സര്‍വീസ് ഉണ്ടാകും. മുംബൈ, ഹിന്‍ഡന്‍, ഹുബ്ബള്ളി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോയും ആഴ്ചയില്‍ ഏഴുവീതം സര്‍വീസ് നടത്തും. ഏറ്റവും കുറഞ്ഞ നിരക്ക് കൊച്ചിയിലേക്കാണ്. പരമാവധി 1399 രൂപ. കൂടിയ നിരക്ക് മുംബൈ, ഹിന്‍ഡന്‍ എന്നീ നരങ്ങളിലേക്കും. പരമാവധി 3199 രൂപ. ബാക്കിയിടങ്ങളിലേക്ക് 2500 രൂപയില്‍ താഴെ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്.