വിദേശികളെ ഭീഷണിപ്പെടുത്തി പിടിച്ചുപറി; റിയാദിലും ജിദ്ദയിലും കവര്‍ച്ചസംഘം അറസ്റ്റില്‍

റിയാദ് - തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ വിദേശ തൊഴിലാളികളെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിച്ച രണ്ടംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. മുപ്പതിനടുത്ത് പ്രായമുള്ള രണ്ടു സൗദി യുവാക്കളാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമാന രീതിയില്‍ ആറു പിടിച്ചുപറികള്‍ സംഘം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ജിദ്ദയിലെ ഇസ്തിറാഹയില്‍ തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ മൂന്നു സൗദി യുവാക്കളെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇസ്തിറാഹയില്‍ അതിക്രമിച്ചു കയറിയ സംഘം ജീവനക്കാരനെ ആക്രമിച്ച് ഇസ്തിറാഹയിലെ മുഴുവന്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മോഷ്ടിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന്, അറസ്റ്റിലായ പ്രതികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News