ഇടുക്കി-കമിതാക്കളെ ലോഡ്ജ് മുറിയില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കുമളി അട്ടപ്പള്ളം സ്വദേശി കുമ്പന്താനം ധനീഷ്(24), പുറ്റടി രഞ്ജിത്ത് ഭവന് അഭിരാമി(20) എന്നിവരാണ് മരിച്ചത്. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ അഭിരാമി നേരം വൈകിയിട്ടും വീട്ടില്‍ എത്താതിരുന്നതോടെ വീട്ടുകാര്‍ പോലിസില്‍ അറിയിച്ചു. ഇതിനിടയില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന തരത്തിലുള്ള ഫോണ്‍ സന്ദേശം ഇരുവരുടെയും സുഹൃത്തിന് ഇവര്‍ കൈമാറി. സുഹൃത്ത് പോലിസിനെയും വീട്ടുകാരെയും അറിയിച്ചു. ഇവര്‍ പോകാന്‍ സാധ്യതയുള്ള സമീപ പ്രദേശങ്ങളില്‍ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുമളിയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് വര്‍ഷത്തിനുശേഷം ഇരുവരുടെയും വിവാഹം നടത്തികൊടുക്കാമെന്ന് വീട്ടുകാര്‍ ഉറപ്പ് നല്‍കിയിരുന്നതായി ബന്ധുക്കള്‍ പോലിസിനോട് പറഞ്ഞു. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.






