- അഴിമതിക്കാരിൽനിന്ന് വീണ്ടെടുക്കുന്ന പണം ക്ഷേമപദ്ധതികൾക്ക് വിനിയോഗിക്കുമെന്ന് ധനമന്ത്രി
ദാവോസ് - സൗദി അറേബ്യയെ കരുത്തുറ്റ രാജ്യമാക്കി മാറ്റുന്നതിനാണ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആഗ്രഹിക്കുന്നതെന്ന് വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു.
സ്വിറ്റ്‌സർലാന്റിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിനിടെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി.
ഇത്രയും വേഗത്തിലും ധീരമായും സൗദി അറേബ്യ മുന്നോട്ടു പോകുന്നത് മുമ്പ് ലോകം കണ്ടിട്ടില്ല. സൗദി അറേബ്യ മന്ദഗതിയിലാണ് മുന്നോട്ടു പോകുന്നത് എന്നു നേരത്തെ വിമർശനം ഉന്നയിച്ചവരുണ്ടായിരുന്നു. ഇന്ന് ഇതിന് വിപരീതമാണ് നടക്കുന്നതെന്നും ആദിൽ അൽജുബൈർ പറഞ്ഞു.
അഴിമതി കേസുകളിൽ അറസ്റ്റിലായ മന്ത്രിമാരും വ്യവസായികളും രാജകുമാരന്മാരും അടക്കമുള്ളവരിൽനിന്ന് ഒത്തുതീർപ്പ് ധാരണയുടെ ഭാഗമായി വീണ്ടെടുക്കുന്ന ഭീമമായ പണം ജനക്ഷേമ പദ്ധതികൾക്ക് വിനിയോഗിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു. ഈ കൊല്ലം മാറ്റങ്ങളുടെ വർഷമാണ്.
പെട്രോളിതര മേഖലയിൽ വലിയ വളർച്ച കൈവരിക്കാൻ തുടങ്ങിയിട്ടുണ്ട്. സൗദി അറേബ്യ കൈവരിക്കുന്ന സാമ്പത്തിക വളർച്ചയെക്കുറിച്ച പ്രതീക്ഷ അന്താരാഷ്ട്ര നാണയ നിധി വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്.
വരുമാനം മാത്രം ലക്ഷ്യമിട്ടല്ല മൂല്യവർധിത നികുതി നടപ്പാക്കുന്നത്. ഇതിനു പിന്നിൽ മറ്റു ലക്ഷ്യങ്ങളുമുണ്ട്. യു.എ.ഇയും സൗദി അറേബ്യയും ഈ വർഷാദ്യം മുതൽ വാറ്റ് നടപ്പാക്കിത്തുടങ്ങി. മറ്റു ഗൾഫ് രാജ്യങ്ങളും വൈകാതെ വാറ്റ് നടപ്പാക്കുമെന്നാണ് കരുതുന്നത്. വളരെ കുറഞ്ഞ നികുതി അനുപാതമാണ് നടപ്പാക്കുന്നത്. ഇത് സൗദി കമ്പനികളുടെയും ഉൽപന്നങ്ങളുടെയും മത്സരക്ഷമതയെ ബാധിക്കില്ല. മൂല്യവർധിത നികുതി നടപ്പാക്കാത്ത ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും അടക്കുന്ന മൂല്യവർധിത നികുതി തിരിച്ചുനൽകും.
സ്വകാര്യ മേഖലക്കുള്ള ഉത്തേജന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയുടെ വളർച്ചക്കും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പരിഷ്‌കരണങ്ങൾ മൂലമുള്ള അധിക ഭാരത്തിൽനിന്ന് പൗരന്മാർക്ക് ആശ്വാസം നൽകുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച സഹായ പദ്ധതികൾക്ക് 5000 കോടി റിയാൽ ചെലവ് വരും. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ വീണ്ടെടുക്കുന്ന പണവും ബജറ്റിലെ ധനലഭ്യതയും പ്രയോജനപ്പെടുത്തി ക്ഷേമ പദ്ധതികൾക്ക് പണം വിനിയോഗിക്കും.
സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെയും അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെയും നിക്ഷേപകർക്ക് ഉയർന്ന മത്സര ക്ഷമതയുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അഴിമതി വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശമാണ് സൗദി അറേബ്യ നൽകുന്നത്.
സാമ്പത്തിക വളർച്ചയിലെ അടിസ്ഥാന പങ്കാളിയാണ് സ്വകാര്യ മേഖല. 2030 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന 65 ശതമാനമായി ഉയർത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.






