ദോഹ- പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഈ വർഷം രണ്ട് ബോർഡ് പരീക്ഷകൾ ഉണ്ടാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എക്‌സാമിനേഷൻ ( സി.ബി.എസ്. ഇ ) അറിയിച്ചു. ഈ അധ്യയന വർഷത്തെ രണ്ട് ടേമുകളാക്കി തിരിച്ചാണ് പരീക്ഷ നടത്തുക. ഏപ്രിൽ മുതൽ നവംബർ വരെ ഫസ്റ്റ് ടേമും നവംബർ മുതൽ മാർച്ചുവരെ സെക്കന്റ് ടേമുമായിരിക്കും. ഫസ്റ്റ് ടേമിന്റെ അവസാനം നവംബർ ഡിസംബർ മാസങ്ങളിലായി ആദ്യ പൊതു പരീക്ഷ നടത്തും. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളോടെ ഓൺ ലൈനായാണ് ആദ്യ പരീക്ഷ നടത്തുക. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് തന്നെ പരീക്ഷയെഴുതാം.
മാർച്ച് ഏപ്രിൽ മാസങ്ങളിലായാണ് രണ്ടാമത്തെ പരീക്ഷ നടത്തുക. സാഹചര്യം അനുകൂലമാണെങ്കിൽ ഡിസ്‌ക്രിപ്റ്റീവ് സ്വഭാവത്തിൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ നടത്തും. കോവിഡ് സ്ഥിതിഗതികൾ അനുകൂലമല്ലാതെ വന്നാൽ ആദ്യ പരീക്ഷ പോലെ തന്നെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളോടെ ഓൺ ലൈനായാി പരീക്ഷ നടത്തും. ഏത് വിധേനയും ഈ വർഷം പരീക്ഷ നടത്തണമെന്നാണ് ബോർഡ് തീരുമാനം .
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മൊത്തം സിലബസിന്റെ 30 ശതമാനത്തോളം ഇളവ് നൽകിയാണ് സി.ബി.എസ്. ഇ ഈ അധ്യായന വർഷം ആസൂത്രണം ചെയ്തിരിക്കുന്നത്. സിലബസ് സംബന്ധിച്ചും പരീക്ഷകൾ സംബന്ധിച്ചും സ്‌ക്കൂളുകൾക്ക് വിശദമായ സർക്കുലർ നൽകിയിട്ടുണ്ട്






