Sorry, you need to enable JavaScript to visit this website.

രാജൻ കേസിന്റെ കഥ പറയുന്ന  കാറ്റ് വിതച്ചവർ 

ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ ബാനറിൽ സുരേഷ് അച്ചൂസും, ഷിബു കുര്യാക്കോസും ചേർന്ന് നിർമിച്ച 'കാറ്റ് വിതച്ചവർ' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷൻ.
ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് പഠനത്തിന്റെ ഭാഗമായി ഒരു ഫിലിം ഇൻസ്റ്റിറ്റിയൂട്ട് ഫീച്ചർ സിനിമ നിർമിക്കുന്നത്. തുടർന്ന് വരുന്ന ഓരോ ബാച്ചുകളും ഓരോ ഫീച്ചർ സിനിമ നിർമിച്ചുകൊണ്ട് പുറത്തിറക്കും. സിനിമയുടെ എല്ലാ മേഖലയിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം. അടുത്ത അധ്യയന വർഷത്തിൽ കൊച്ചിയിലും  ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് പ്രവർത്തനമാരംഭിക്കും. ഓറിയന്റൽ എഡ്യുക്കേഷണൽ ഗ്രൂപ്പ് മേധാവി എൻജിനീയർ എൻ.കെ. മുഹമ്മദ് ചെയർമാനും സുരേഷ് അച്ചൂസ് ഡയറക്ടറുമാണ്.


കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ രാജൻ കേസിന്റെ കഥ പറയുന്ന 'കാറ്റ് വിതച്ചവർ' ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. അടിയന്തരാവസ്ഥക്കാലത്ത് രാജന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താൻ വേണ്ടി 1977 ൽ ഡി.ഐ.ജി രാജഗോപാൽ നടത്തിയ അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രകാശ് ബാരെ, ടിനി ടോം, ജയപ്രകാശ് കുളൂർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം നാടക രംഗത്തുള്ള അറുപതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ പ്രധാന അധ്യാപകൻ പ്രൊഫ. സതീഷ് പോളാണ് സിനിമയുടെ തിരക്കഥയും സംവിധാനവും. അധ്യാപകരായ ഷിബു ആറ്റുകാലും ജോബി ജെയിംസുമാണ് ക്യാമറ. എഡിറ്റിംഗ് വിജി എബ്രഹാം. ഗാനരചന ഗിരീഷ് അമ്പ്ര, മ്യൂസിക് പ്രമോദ് ചെറുവത്ത്, കല പ്രമോദ് പത്മനാഭനും ബിജു സീനിയയും. 

Latest News