തിരുവനന്തപുരം- മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും മോഷ്ടാക്കളെന്ന് ആരോപിച്ച് റോഡില്‍വെച്ച് അപമാനിച്ച സംഭവത്തിൽ പിങ്ക് പൊലീസ് ഓഫീസറായിരുന്ന രജിതയ്ക്ക് സ്ഥലം മാറ്റത്തിനു പുറമെ, നല്ല നടപ്പ് ശിക്ഷയും. 15 ദിവസത്തെ നല്ല നടപ്പ് പരിശീലനത്തിനായി രജിതയെ വിടാൻ ഉത്തരവായി. കൊല്ലത്ത് നടക്കുന്ന പരിശീലനത്തിലാണ് രജിത പങ്കെടുക്കേണ്ടത്.
അച്ചടക്ക നടപടിയുടെ ഭാഗമായി രജിതയെ റൂറൽ എസ്പി ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ് പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് റൂറൽ എസ് പിക്ക് കൈമാറിയതിന് പിന്നാലെയാണ് സ്ഥലം മാറ്റൽ നടപടി. ഇതിന് ശേഷമാണ് ഇപ്പോൾ നല്ല നടപ്പിനും ഉത്തരവിട്ടിരിക്കുന്നത്.
എന്നാൽ ഉദ്യോഗസ്ഥയ്ക്ക് നൽകിയ ശിക്ഷ കുറഞ്ഞു പോയെന്ന് വിചാരണ നേരിടേണ്ടി വന്ന തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രൻ ആരോപിച്ചു. ഉദ്യോഗസ്ഥയ്ക്കെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിയ്ക്കും പരാതി നൽകുമെന്ന് ജയചന്ദ്രൻ വ്യക്തമാക്കി.
പോലീസുകാരിയുടെ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പെൺകുട്ടിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയെന്നാണ് ഇവർക്കെതിരെ ഉയർന്ന പരാതി.






