അച്ഛനേയും മകളേയും അപമാനിച്ച പിങ്ക് പോലീസുകാരിക്ക് നല്ല നടപ്പിനും ശിക്ഷ

തിരുവനന്തപുരം- മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും മോഷ്ടാക്കളെന്ന് ആരോപിച്ച് റോഡില്‍വെച്ച് അപമാനിച്ച സംഭവത്തിൽ പിങ്ക്​ പൊലീസ് ഓഫീസറായിരുന്ന  രജിതയ്ക്ക് സ്ഥലം മാറ്റത്തിനു പുറമെ, നല്ല നടപ്പ് ശിക്ഷയും. 15 ദിവസത്തെ നല്ല നടപ്പ് പരിശീലനത്തിനായി രജിതയെ വിടാൻ ഉത്തരവായി. കൊല്ലത്ത് നടക്കുന്ന പരിശീലനത്തിലാണ് രജിത പങ്കെടുക്കേണ്ടത്. 

അച്ചടക്ക നടപടിയുടെ ഭാ​ഗമായി  രജിതയെ റൂറൽ എസ്പി ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ് പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് റൂറൽ എസ് പിക്ക് കൈമാറിയതിന് പിന്നാലെയാണ് സ്ഥലം മാറ്റൽ നടപടി. ഇതിന് ശേഷമാണ് ഇപ്പോൾ നല്ല നടപ്പിനും ഉത്തരവിട്ടിരിക്കുന്നത്. 

എന്നാൽ ഉ​ദ്യോ​ഗസ്ഥയ്ക്ക് നൽകിയ ശിക്ഷ കുറഞ്ഞു പോയെന്ന് വിചാരണ നേരിടേണ്ടി വന്ന തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രൻ ആരോപിച്ചു. ഉദ്യോ​ഗസ്ഥയ്ക്കെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിയ്ക്കും പരാതി നൽകുമെന്ന് ജയചന്ദ്രൻ വ്യക്തമാക്കി. 

പോലീസുകാരിയുടെ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച്  പെൺകുട്ടിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയെന്നാണ് ഇവർക്കെതിരെ ഉയർന്ന പരാതി.

Latest News