ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലെന്ന് സങ്കടം  വിളിച്ചറിയിച്ചു, വീട്ടില്‍ ഫോണുമായി സുരേഷ് ഗോപി എത്തി 

മലപ്പുറം- ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലെന്ന് സങ്കടം വിളിച്ചറിയിച്ച വിദ്യാര്‍ഥിനിക്ക് സഹായവുമായി നടനും എംപിയുമായ സുരേഷ് ഗോപി വീട്ടിലെത്തി. ഫോണും പലഹാരവും നല്‍കിയ എംപി വിദ്യാര്‍ഥിനിയുടെ വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായവും വാഗ്ദാനം ചെയ്തു. എസ്എസ്എല്‍സി ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥിനി ഒരാഴ്ച മുന്‍പാണ് സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് സങ്കടം അറിയിച്ചത്. വഴിയുണ്ടാക്കാമെന്ന് പറഞ്ഞെങ്കിലും തന്റെ വീട്ടു പരിസരത്തെ ചെളി നിറഞ്ഞ വഴിയിലൂടെ മലയാളത്തിന്റെ പ്രിയ നടന്‍ വരുമെന്ന് വിദ്യാര്‍ഥിനി ഒട്ടും പ്രതീക്ഷിച്ചില്ല. എന്നാല്‍, ഇന്നലെ ഫോണുമായി അദ്ദേഹം നേരിട്ട് എത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. കൊച്ചിയില്‍നിന്നു വാങ്ങിയ പലഹാരങ്ങളും അദ്ദേഹം കരുതിയിരുന്നു. പാതിവഴിയില്‍ നിലച്ച വീടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തന്റെ ട്രസ്റ്റ് സഹായിക്കുമെന്നും വിവരം പിന്നാലെ അറിയിക്കാമെന്നും പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത്.

Latest News