റിയാദ്- ഇക്കഴിഞ്ഞ രണ്ടിന് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം റിയാദ് ആസ്റ്റർ സനദ് ആശുപത്രിയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കണ്ണൂർ മളന്നൂർ നിർമലഗിരി സ്വദേശി ലക്ഷ്മണൻ ചെറുവാലത്തിന്റെ (62) മൃതദേഹമാണ് നാട്ടിലെത്തിച്ച് സംസ്കരിച്ചത്. കഴിഞ്ഞ ഇരുപത്തി രണ്ടര വർഷത്തോളമായി അൽ ഒതൈയിം മാർക്കറ്റിൽ റീട്ടെയിൽ ട്രേഡ് സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
മൃതദേഹം റിയാദിൽ തന്നെ സംസ്കരിക്കാനുള്ള പ്രവർത്തനങ്ങൾ ബന്ധപ്പെട്ടവർ തുടങ്ങിയപ്പോൾ ലക്ഷ്മണന്റെ ബന്ധുവും റിയാദിലെ വ്യവസായിയുമായ എഞ്ചിനീയർ സൂരജ് പാണയിൽ ഈ വിവരം റിയാദിലെ പൊതുപ്രവർത്തകൻ സനൂപ് പയ്യന്നൂരിനെ അറിയിക്കുകയായിരുന്നു.
ബന്ധപ്പെട്ട വകുപ്പുകളിൽ ആവശ്യമായ ഇടപെടലുകൾ നടത്തി 12 ദിവസത്തെ പരിശ്രമങ്ങൾക്കൊടുവിൽ സനൂപ് പയ്യന്നൂർ മൃതദേഹം ജന്മദേശത്ത് എത്തിക്കാനുള്ള അനുവാദം നേടിയെടുത്തു.
ഓഗസ്റ്റ് 15ന് രാത്രിയോടെ റിയാദിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിൽ 17 ന് രാവിലെ 9 മണിയോടെ മൃതദേഹം കൊച്ചിയിൽ എത്തിച്ച് ബന്ധുക്കൾക്ക് കൈമാറി. പിന്നീട് നാട്ടിലെത്തിച്ച് സംസ്കരിച്ചു. ശരത് കളരിക്കൽ, രഘു പാലക്കാട്, ഷിൻദേവ്, ജീവൻ, വിഗേഷ് (റിയാദ് വില്ല ), സയ്യിദ് ഘോസ്, നാട്ടിൽ നിന്നും ബന്ധുക്കളായ റിജിൻ, ബേബി, മനോഹരൻ, ശശികുമാർ എന്നിവരും വിവിധ ഘട്ടങ്ങളിൽ സഹായവുമായി രംഗത്തുണ്ടായിരുന്നു.






