കാലടി- തിരുവോണതലേന്ന് മഞ്ഞപ്രയില്‍ നടന്ന സുമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി കാലടി പോലിസ് അറസ്റ്റ് ചെയ്തു . മഞ്ഞപ്ര സെബിപുരം തൂമ്പാലന്‍ സീനു (41), മഞ്ഞപ്ര വടക്കേപ്പുറത്താന്‍ ബെന്നി (52) എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന കാലടി പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി മഞ്ഞപ്ര വടക്കുംഭാഗം ഔപ്പാടന്‍ വീട്ടില്‍ സാജുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 20 ന് രാത്രിയാണ് സംഭവം. ചീട്ടുകളിക്കിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റ സുമേഷിനെ ചീട്ടുകളിക്കുകയായിരുന്ന വര് മാര്‍ക്കറ്റിന് മുമ്പിലെ കടക്കു സമീപം കിടത്തിയ ശേഷം കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിച്ചു. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെയാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടുന്നത്.






